
യുഎസ് വിസ നിരസിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിൽ ഹൈദരാബാദിലെ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള ഡോ. രോഹിണി (38)യെയാണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിർഗിസ്ഥാനിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഇവർ മൂന്ന് വർഷം മുമ്പാണ് എച്ച്1ബി വിസയിൽ യുഎസിലേക്ക് പോയത്. അവിടെയുള്ള ഒരു പ്രമുഖ ആശുപത്രിയിൽ ജോലിക്ക് വേണ്ടി ശ്രമിച്ച ഇവർ എഴുതിയ മൂന്ന് ഘട്ട പരീക്ഷകളിലും നല്ല മാർക്ക് നേടി. ആരോഗ്യ വിദഗ്‌ദരുടെ കീഴിൽ പരിശീലനത്തിനുള്ള അവസരവും ലഭിച്ചു. തുടർന്ന് റെസിഡൻസി പ്രോഗ്രാമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍, യുഎസ് വിസ നൽകുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയതോടെ എച്ച്1ബി വിസ ജെ1 വിസയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള രോഹിണിയുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഇതിൽ മനംനൊന്താണ് ഹൈദരാബാദിലെ വസതിയിൽ വച്ച് ഉറക്കഗുളികകൾ കഴിച്ച് രോഹിണി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഡോക്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുവേലക്കാരി വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ശനിയാഴ്ച സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് രോഹിണി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വീസ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്‌ത മിയാപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.