22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

രാഹുൽ മാങ്കൂട്ടത്തിൽ അഴിയാകുരുക്കിലേക്ക് ; ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന പരാതിയുമായി യുവതി മുഖ്യമന്ത്രിക്ക് മുന്നിൽ

Janayugom Webdesk
തിരുവനന്തപുരം
November 27, 2025 6:16 pm

യുവതിയുടെ ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അഴിയാകുരുക്കിലേക്ക്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന പരാതി രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റിലേക്കു വരെ കാര്യങ്ങള്‍ എത്തുന്ന തരത്തില്‍ കേസിന്റെ അന്വേഷണം നീങ്ങാനുള്ള സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചാറ്റും, ശബ്ദരേഖയും ഉള്‍പ്പെടെയാണ് പുറത്തുവന്നത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ യുവതി സെക്രട്ടറിയേറ്റില്‍ കുഴഞ്ഞുവീണു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കുഴഞ്ഞുവീണത്. 

സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതി ഇന്നു തന്നെ മുഖ്യമന്ത്രി ഡിജിപിക്കു കൈമാറും. തുടര്‍ന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്നതോടെ രാഹുലിനെതിരായ നടപടികളുടെ സ്വഭാവം മാറും. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യും. പരാതിയും മൊഴിയും ലഭിക്കുന്നതോടെ അറസ്റ്റിലേക്കു കടക്കാനും അന്വേഷണസംഘത്തിനു കഴിയും. 

നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ ഓഗസ്റ്റില്‍ കേസെടുത്തിരുന്നു. 5 പേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്തുടര്‍ന്നു ശല്യപ്പെടുത്തി തുടങ്ങി ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. 

പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിജീവിത മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്യാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത അവസ്ഥയായിരുന്നു. നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.