27 January 2026, Tuesday

ഥാര്‍ ഓടിക്കുന്നവര്‍ക്ക് ഭ്രാന്തെന്ന് ഡിജിപി; നോട്ടീസയച്ച് ഥാര്‍ ഉടമ

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2025 8:51 pm

ഥാര്‍ ഓടിക്കുന്നവര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാനാ ഡിജിപി ഒ പി സിങ്ങിന് വക്കീല്‍ നോട്ടീസയച്ച് ഥാര്‍ ഉടമ. 15 ദിവസത്തിനുള്ളില്‍ ഡിജിപി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ മാപ്പ് പറയണമെന്നാണ് ഗുരുഗ്രാമിലെ ഥാര്‍ ഉടമയായ സാര്‍വേ മിത്തറുടെ ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് നേരിടേണ്ടി വരുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഈ മാസം എട്ടിന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഥാറും ബുള്ളറ്റും ഓടക്കുന്നവര്‍ക്ക് ഭ്രാന്താണെന്ന് ഡിജിപി പറഞ്ഞത്. ഓരോരുത്തരും ഉപയോഗിക്കുന്ന വാഹനം കണ്ടാല്‍ തന്നെ അവരുടെ സ്വഭാവം തിരിച്ചറിയാന്‍ കഴിയും, വാഹന പരിശോധന നടത്തുമ്പോള്‍ താനൊരിക്കലും ഥാറിനെയും ബുള്ളറ്റിനെയും ഒഴിവാക്കാറില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരും ഭ്രാന്തന്മാരുമാണ് ഇത് ഉപയോഗിക്കുന്നതെന്നുമാണ് ഡിജിപി പറഞ്ഞത്. ഡിജിപിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും അന്യായവുമാണെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഇതിനെതിരെ സമൂഹമാധ്യമങ്ങളി‍ലും പ്രതിഷേധമുയര്‍ന്നിരുന്നു. ചില സെലിബ്രിറ്റികളും പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ വഴികള്‍ കണ്ടെത്താതെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഥാറും ബുള്ളറ്റും ഇന്ത്യയിലെ മികച്ച വാഹനങ്ങളാണെന്നും സിനിമാ താരമായ ഗുല്‍പനാഗ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ച പോസ്റ്റില്‍ പറഞ്ഞു. ഥാറിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു പനാഗിന്റെ പോസ്റ്റ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.