24 January 2026, Saturday

എ320 വിമാനങ്ങളില്‍ സോഫ്റ്റ്‌വേര്‍ തകരാര്‍; ആഗോള വ്യോമഗതാഗതം താളംതെറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2025 11:20 pm

എ 320 വിമാനങ്ങളിലെ സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് വിമാനങ്ങള്‍ നിലത്തിറക്കിയതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. 

യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന്റെ ആറായിരത്തോളം എ320 വിമാനങ്ങളാണ് അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് നിലത്തിറക്കിയത്. തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കണ്‍ട്രോളുകള്‍ക്ക് ആവശ്യമായ ഡാറ്റയെ തകരാറിലാക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടുത്ത സര്‍വീസിന് മുമ്പ് വിമാനങ്ങളിൽ സോഫ്റ്റ്‌വേർ അല്ലെങ്കിൽ‌ ഹാർഡ്‌വേർ അപ്ഗ്രഡേഷൻ നടത്തണമെന്നും വെള്ളിയാഴ്ച രാത്രിയോടെ എയർബസ് അടിയന്തര നിർദേശം നൽകുകയായിരുന്നു. പ്രശ്നമുണ്ടായ വിമാനങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ എലിവേറ്റര്‍ എയ്‌ലറോണ്‍ കമ്പ്യൂട്ടര്‍ (ഇഎല്‍എസി) സ്ഥാപിക്കാന്‍ എയര്‍ബസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി(ഇഎഎസ്എ)യും അറിയിച്ചു. 

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ 338 വിമാനങ്ങളില്‍ ഭൂരിഭാഗത്തിനും സോഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ ആവശ്യമായി വരുമെന്ന് കമ്പനികളുടെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യമില്ല. വിവിധ വിമാനത്താവളങ്ങളില്‍ 60 മുതല്‍ 90 മിനിറ്റ് വരെ വൈകിയെന്നാണ് വിവരം. ഇന്നലെ രാവിലെ 10 വരെയുള്ള കണക്കനുസരിച്ച് 189 വിമാനങ്ങളില്‍ സോഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ പൂര്‍ത്തിയാക്കിയെന്ന് ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ അതോറിട്ടിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 5.29 ഓടെ സോഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്‍ഡിഗോയുടെ 200 വിമാനങ്ങളിലെ 143 എണ്ണത്തില്‍ സോഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ പൂര്‍ത്തിയാക്കി. എയര്‍ ഇന്ത്യയുടെ 113 വിമാനങ്ങളുടെ തകരാര്‍ പരിഹരിക്കേണ്ടതുണ്ടെങ്കിലും 42 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 25 വിമാനങ്ങളില്‍ നാലെണ്ണത്തിന്റെ തകരാര്‍ മാത്രമാണ് പരിഹരിക്കാനായതെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് സോഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ നടക്കുന്നത്.
സാധാരണയായി ഫ്ലൈറ്റ് കണ്‍ട്രോളുകള്‍ക്കാണ് ഇഎല്‍‍എസി ഉപയോഗിക്കുന്നത്. സര്‍വീസ് നടത്തുന്നതിന് മുമ്പായി, തകരാറിലായ ഇഎല്‍‍എസി മാറ്റിവയ്ക്കുകയോ പരിഷ്കരിക്കുകയോ ചെയ്തുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇഎഎസ്എയുടെ നിര്‍ദേശം.
ഒക്ടോബർ 30ന് മെക്സിക്കോയിൽനിന്ന് ന്യൂജേഴ്സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി‌ ഇറക്കേണ്ടിവന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതായിരിക്കാം അടിയന്തര നടപടിയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ആഴ്ച അവസാനമായതിനാല്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഏറ്റവും കൂടുതല്‍ എ 320 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ എയര്‍ലൈന്‍സാണ്. 480 വിമാനങ്ങളില്‍ 209 എണ്ണത്തിന് സോഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ നടത്തേണ്ടതുണ്ട്. ഓരോ വിമാനത്തിനും രണ്ട് മണിക്കൂര്‍ വീതമാണ് ആവശ്യമായി വരിക. ഓസ്ട്രേലിയയിലെ ജെറ്റ്സ്റ്റാര്‍ 90 സര്‍വീസുകള്‍ റദ്ദാക്കി. കമ്പനിയുടെ 34 വിമാനങ്ങളിലാണ് പ്രശ്നം കണ്ടെത്തിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.
ജപ്പാന്റെ എഎന്‍എ ഹോള്‍ഡിങ്ങ്സ് 65 സര്‍വീസുകള്‍ റദ്ദാക്കി. മുപ്പതിലധികം വിമാനങ്ങളുള്ള നിപ്പോണ്‍ എയര്‍വേസ് 65 ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി. ജര്‍മ്മനിയുടെ ലുഫ്താന്‍സ, യുകെയുടെ ഈസി ജെറ്റ്, കുവൈറ്റിന്റെ ജസീറ എയര്‍വേസ്, എയര്‍ അറേബ്യ എന്നിവയും സര്‍വീസുകളില്‍ തടസം നേരിട്ടതായി അറിയിച്ചു. 

എ320 കുടുംബത്തില്‍പ്പെട്ട 11,300 വിമാനങ്ങളാണ് ആഗോളതലത്തില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ 6,440 എണ്ണവും എ320 മോഡലാണ്. 1987ലാണ് എ320 വിമാനം ആദ്യമായി പറന്നത്. കമ്പനിയുടെ അടിയന്തര മുന്നറിയിപ്പ് വരുമ്പോള്‍ മൂവായിരത്തോളം വിമാനങ്ങള്‍ ആകാശത്ത് സര്‍വീസ് നടത്തുകയായിരുന്നുവെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.