24 January 2026, Saturday

Related news

January 23, 2026
January 22, 2026
January 16, 2026
January 9, 2026
January 8, 2026
January 4, 2026
January 1, 2026
December 29, 2025
December 29, 2025
December 29, 2025

നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ; റോഡിൽ ഗതാഗത നിയന്ത്രണം, തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
December 1, 2025 8:30 pm

നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വരും ദിവസങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ബുധനാഴ്ച വരെ നഗരത്തിൽ നടക്കുന്ന അഭ്യാസപ്രകടനത്തിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. അതിനാൽ, വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിനായി പതിവുള്ളതിനേക്കാൾ കൂടുതൽ യാത്രാ സമയം കണക്കിലെടുത്ത് പുറപ്പെടണം. ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനാൽ വൈകുന്നേരം നാല് മണി മുതൽ ആറേകാൽ വരെ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം അറിയുന്നതിനായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർദേശം നൽകി.

അഭ്യാസപ്രകടനത്തിൻ്റെ പ്രദർശനം നടക്കുന്നതിനാൽ നിലവിൽ ചാക്ക ഭാഗത്ത് വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ ഇതിൽ കുടുങ്ങുന്നതും ചെക്ക്-ഇൻ വൈകുന്നതും ഒഴിവാക്കാനാണ് മുന്നറിയിപ്പ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എത്തിച്ചേരേണ്ടതാണ്. തിരികെ പോകുന്നതിന് സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കൽ വഴിയും പോകാം. ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ ചാക്ക അനന്തപുരി ഹോസ്പിറ്റൽ- സർവ്വീസ് റോഡ് വഴി പോകണമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന നാവിക സേനാ ദിനാഘോഷം ശംഖുമുഖം ബീച്ച് പരിസരത്ത് നടക്കുന്നത്. ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നിവിടങ്ങളിൽ നിന്നും ശംഖുമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനം പാർക്ക് ചെയ്യണം. അവിടെ നിന്ന് കെ എസ് ആർ ടി സി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കാണാം. ഉച്ചയ്ക്ക് ഒരു മണി മുതൽ കെ എസ് ആർ ടി സി ബസുകൾ ടിക്കറ്റ് ചാർജ് ഈടാക്കി സർവ്വീസ് നടത്തും. പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതണം. ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ഭാഗമാണിത്. ശംഖുമുഖത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള ഫില്ലിംഗ് പോയിൻ്റുകൾ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.