
മയക്കുമരുന്ന് കടത്ത് ആരോപിച്ച് യുഎസ് സെെന്യം കൊലപ്പെടുത്തിയ കൊളംബിയൻ പൗരന്റെ കൂടുംബം വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഇന്റർ-അമേരിക്കൻ കമ്മിഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിൽ (ഐഎസിഎച്ച്‌ആർ) ഹര്‍ജി നല്‍കി. സെപ്റ്റംബർ 15ന് യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലജാൻഡ്രോ കരാൻസ മദീനയുടെ കുടുംബമാണ് ഔദ്യോഗികമായി ഹര്‍ജി സമര്‍പ്പിച്ചത്. ട്രംപ് ഭരണകൂടം മയക്കുമരുന്ന് ബോട്ടുകൾക്കെതിരെ നടത്തിയ വ്യോമാക്രമണങ്ങളുമായി ബന്ധപ്പെട്ട ആദ്യ ഔപചാരിക പരാതിയാണിത്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും രൂപീകരിച്ചതാണ് അമേരിക്കൻ സ്റ്റേറ്റ്‌സ് ഓർഗനൈസേഷന്റെ ഭാഗമായ ഐഎസിഎച്ച്‌ആർ. യുഎസ് ഇതിൽ അംഗമാണ്.
പിറ്റ്സ്ബർഗ് ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകനായ ഡാൻ കോവാലിക് മുഖേനേയാണ് കുടുംബം ഹര്‍ജി നല്‍കിയത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഒന്നാം പ്രതി. അലജാൻഡ്രോ കരാൻസ മദീനയുടേതുള്‍പ്പെടെ നിരവധി ബോട്ടുകളിൽ ബോംബാക്രമണം നടത്താനും ബോട്ടുകളിലുള്ള എല്ലാവരെയും കൊലപ്പെടുത്താനും ഉത്തരവിട്ടതിന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവാദിയാണെന്നും അദ്ദേഹത്തിന്റെ നടപടികള്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിയെക്കുറിച്ചോ കരാൻസ മദീനയുടെ മരണത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രതികരിച്ചില്ല. വെനസ്വേലയില്‍ നിന്ന് യുഎസിലേക്ക് മയക്കമരുന്ന് കടത്തുന്നുവെന്നാരോപിച്ച് ബോട്ടുകളിൽ നടത്തിയ 21 ആക്രമണങ്ങൾ ഭരണകൂടം പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിനുപയോഗിച്ചുവെന്നതിന് തെളിവുകള്‍ നല്‍കാന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മദീനയുടെ ബോട്ടില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത അന്നേ ദിവസം തന്നെ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ വെനസ്വേലയില്‍ നിന്നുള്ളവരാണെന്ന് ട്രംപ് പറഞ്ഞെങ്കിലും കൊളംബിയന്‍ പൗരന്മാരാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.