
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിൽ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് മുഖ്യമന്ത്രി എറണാകുളത്ത് പറഞ്ഞു. രാഹുലിന് ഒരു ‘വെട്ടുക്കിളി കൂട്ടം’ സംരക്ഷണം ഒരുക്കുന്നുണ്ടെന്നും, പോലീസ് ഈ വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് രാഹുലിനെതിരെ പുറത്തുവരുന്നത്. ഇത്തരം ആളുകളെ കോൺഗ്രസ് മാറ്റി നിർത്തുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിന് എല്ലാം നേരത്തെ അറിയാമായിരുന്നുവെന്നും, എന്നിട്ടും രാഹുലിനെ ‘ഭാവിയിലെ നിക്ഷേപം’ എന്ന് വിശേഷിപ്പിച്ചു എന്നും മുഖ്യമന്ത്രി വിമർശിച്ചു. മാത്രമല്ല, പരാതിപ്പെടുന്നവർക്ക് നേരെ കോൺഗ്രസ് അസഭ്യവർഷം നടത്തുന്നുവെന്നും, പ്രമുഖ കോൺഗ്രസ് നേതാവ് സംസാരിക്കുമ്പോൾ സ്വന്തം അണികൾ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിൻ്റെ വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടുണ്ടെന്നും, പ്രാദേശിക സർക്കാരുകൾക്ക് പണവും അധികാരവും നല്ല നിലയിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബർ 1‑ലെ അതിദാരിദ്ര്യ മുക്താവസ്ഥ അതിന് ഉത്തമ ഉദാഹരണമാണ്. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ മതനിരപേക്ഷതയും ഫെഡറൽ സംവിധാനങ്ങളും സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത ഊട്ടി ഉറപ്പിക്കാൻ കൃത്യമായ ബദൽ പരിപാടി ഇടതുമുന്നണിക്കുണ്ട്. മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൻ്റെ പ്രത്യേകത അംഗീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നഗരത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരത്തെ നേരിട്ട് സ്പർശിക്കുന്ന മാറ്റമുണ്ടായി. വാട്ടർ മെട്രോ പദ്ധതി മറ്റ് സംസ്ഥാനങ്ങളും വിദേശ രാഷ്ട്രങ്ങൾ പോലും മാതൃകയാക്കാൻ ശ്രമിക്കുന്നുണ്ട്. വിശപ്പ് രഹിത കൊച്ചി ഒരു വലിയ നേട്ടമാണ്. തമ്മനം-പുല്ലേപ്പടി റോഡ് വികസനം യാഥാർത്ഥ്യമാകുന്നതിനുള്ള നടപടി സ്വീകരിച്ചതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.