14 January 2026, Wednesday

വിമർശകരെ ശത്രുക്കളാക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ

കെ രവീന്ദ്രന്‍
December 7, 2025 4:40 am

രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമിടയിലുള്ള വിശ്വാസത്തിന്റെ വിടവ് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും അസ്വസ്ഥമായ സംഭവവികാസമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ സമഗ്രത സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട സ്ഥാപനം നിഷ്പക്ഷ മധ്യസ്ഥനായി, ഭയമോ പക്ഷപാതമോ ഇല്ലാതെ നീതിയുറപ്പാക്കുന്ന റഫറിയായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ റഫറി എല്ലാ പങ്കാളികളിൽ നിന്നും തുല്യ അകലം പാലിക്കുന്നതിന് പകരം, വീര്യമുള്ള എതിരാളിയായോ, തള്ളിക്കളയുന്നവനായോ, എക്സിക്യൂട്ടീവുമായി ബന്ധം സ്ഥാപിക്കുന്നവനായോ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ, അസന്തുലിതാവസ്ഥയുടെ ആഴം കൂടുന്നു. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഈ ധാരണ തികച്ചും പ്രകടമാണ്. അദ്ദേഹത്തിന്റെ കാലത്ത് കമ്മിഷന്റെ സ്വരത്തിലും ഇടപെടലിലും പ്രകടമായ മാറ്റമുണ്ടായി. പാർലമെന്ററി ജനാധിപത്യത്തിന്റെ ജീവരക്തമായ രാഷ്ട്രീയ പ്രവർത്തകരെ കൈകാര്യം ചെയ്യുന്നതിലെ സംവേദനക്ഷമത കമ്മിഷൻ പൂർണമായി മനസിലാക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ വെറും ഭരണപരമായ വ്യായാമങ്ങളല്ല; അവ നിയമസാധുതയുടെ കൂട്ടായ പ്രവർത്തനമാണ്. പ്രത്യയശാസ്ത്രപരമായ ഭിന്നതകളും തര്‍ക്കങ്ങളുമുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് സംവിധാനം നിഷ്പക്ഷമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ രാഷ്ട്രീയ പാർട്ടികൾ താല്പര്യം കാണിക്കാറുണ്ട്. സംവിധാനത്തിന്റെ സംരക്ഷകനെന്ന നിലയിൽ, തെരഞ്ഞെടുപ്പ് കമ്മിഷൻ എതിരാളിയുടെ സ്ഥാനം ഏറ്റെടുക്കുന്നതിന് പകരം സഹായകസ്ഥാനം ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. 

സ്വതന്ത്രവും നീതിയുക്തവും എക്സിക്യൂട്ടീവ് ഇടപെടലുകളിൽ നിന്ന് മുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള അധികാരം ഭരണഘടന കമ്മിഷന് നൽകുന്നു. ഈ അധികാരം നടപടിക്രമം മാത്രമല്ല, മറിച്ച് ധാർമ്മികവുമാണ്. എല്ലാ പങ്കാളികളിലും ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ പെരുമാറാൻ ഭരണഘടന ആവശ്യപ്പെടുന്നു. തോൽക്കുന്ന പാർട്ടികൾക്ക് പരാജയം അംഗീകരിക്കാനും, വിജയിക്കുന്ന പാർട്ടികൾക്ക് സംശയമില്ലാതെ ജയം അവകാശപ്പെടാനും, പൗരന്മാർക്ക് അവരുടെ വോട്ട് അവകാശമാണെന്ന് വിശ്വസിക്കാനും സാധിക്കുന്നത് അദൃശ്യമായ ഈ ആത്മവിശ്വാസത്തില്‍ നിന്നാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, വോട്ടർമാരെ ഒഴിവാക്കൽ, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ, പ്രഖ്യാപനങ്ങളുടെ സമയം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുമ്പോൾ — കമ്മിഷൻ ശ്രദ്ധയോടെ കേൾക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയപരമായോ, ചര്‍ച്ചകളിലോ അത്തരം ആശങ്കകൾ ഉയർന്നുവന്നാലും, കമ്മിഷന്റെ ഉത്തരവാദിത്തം ആക്രമണോത്സുകമായി പ്രതികരിക്കുക എന്നതല്ല, സുതാര്യത പ്രകടിപ്പിക്കുകയും സംഭാഷണത്തിലൂടെയും വിശ്വസനീയമായ ആശയവിനിമയത്തിലൂടെയും ആശങ്കകൾ പരിഹരിക്കുകയുമാണ്. ക്ഷമയിലൂടെയും കൃത്യമായ വിശദീകരണത്തിലൂടെയും സ്ഥാപനം എത്രയോ തർക്കങ്ങള്‍ അതിജീവിച്ചിട്ടുണ്ടെന്നും, സ്ഥിരതയാര്‍ന്ന സ്ഥാപനം എന്ന നിലയിൽ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ചരിത്രം കാണിക്കുന്നു. രാഷ്ട്രീയ പാർട്ടികളെ എതിരാളികളായി കണക്കാക്കുകയോ മോശമായോ ശാസിക്കേണ്ട സ്ഥാപനങ്ങളായോ വിലയിരുത്തുന്നത് കമ്മിഷന്റെ ഭരണഘടനാ ലക്ഷ്യത്തെ തെറ്റിദ്ധരിക്കലാണ്. അത് സ്ഥാപനം ഉയർത്തിപ്പിടിക്കേണ്ട ജനാധിപത്യ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നു. സമീപ വർഷങ്ങളിലെ ഇടപെടല്‍ രീതികള്‍ കമ്മിഷനെക്കുറിച്ചുണ്ടായിരുന്ന ധാരണയിൽ വിള്ളൽ വീഴ്ത്തുന്നതിങ്ങനെയാണ്. 

ജനാധിപത്യത്തിൽ അന്തർലീനമായ ആരോഗ്യകരമായ തര്‍ക്കത്തെ അംഗീകരിക്കുന്നതിനുപകരം, പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള വിമർശനങ്ങളില്‍ പ്രതിരോധാത്മക പ്രതികരണങ്ങളോ എടുത്തുചാടിയുള്ള നടപടികളോ ആണുണ്ടാവുന്നത്. തല്‍ഫലമായി, കമ്മിഷന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ക്രിയാത്മകമായി ഇടപെടാനല്ല താല്പര്യപ്പെടുന്നത് എന്ന വിശ്വാസത്തിന് കാരണമായിട്ടുണ്ട്. സമവായമുണ്ടാക്കുന്നതിനുപകരം, കക്ഷികൾ പരാതിപ്പെട്ട ഒട്ടേറെ വിഷയങ്ങളിൽ തടസം സൃഷ്ടിക്കുന്നതിലൂടെ ഈ ധാരണ ശക്തിപ്രാപിച്ചു. സമവായത്തെക്കാൾ അധികാരം സ്ഥാപിക്കുന്നതിലാണ് കമ്മിഷൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.
വിശ്വാസത്തകർച്ചയ്ക്ക് കാരണം ഒറ്റപ്പെട്ട ഏതെങ്കിലും സംഭവമല്ല, മറിച്ച് പരിശോധനയ്ക്ക് വിധേയമാകാൻ കമ്മിഷൻ മടി കാണിച്ച തുടര്‍ച്ചയായ സംഭവങ്ങളാണ്. സ്ഥാപനത്തിന് തന്നെ വ്യക്തതയോടെയും സ്വാതന്ത്ര്യത്തോടെയും സംസാരിക്കാൻ കഴിയേണ്ട സന്ദര്‍ഭങ്ങളിൽ, അതിനെ പ്രതിരോധിക്കാൻ സർക്കാർ ഇടപെട്ട രീതിയാണ് ഈ മാറ്റത്തെ കൂടുതൽ ആശങ്കാജനകമാക്കിയത്.
ശക്തമായ ഒരു ജനാധിപത്യ സംവിധാനത്തിൽ, തെരഞ്ഞെടുപ്പ് കമ്മിഷൻ എക്സിക്യൂട്ടീവിൽ നിന്ന് വേറിട്ടുനിൽക്കുന്നു; ഘടനയിൽ മാത്രമല്ല, നടത്തിപ്പിലും. അതിന്റെ വിശ്വാസ്യത വ്യക്തമായ സ്വയംഭരണത്തെ ആശ്രയിച്ചാണ്. കമ്മിഷന്‍ പ്രവർത്തനങ്ങളെ അംഗീകരിക്കാനോ വിമർശനങ്ങളിൽ നിന്ന് സംരക്ഷിക്കാനോ സർക്കാർ നിർബന്ധിതനാകുമ്പോൾ, സ്ഥാപനപരമായ ആത്മവിശ്വാസത്തിന്റെ അഭാവമാണ് കാണിക്കുന്നത്. ‌സ്വതന്ത്രാധികാരമുള്ള സ്ഥാപനം എക്സിക്യൂട്ടീവ് സാധൂകരണത്തെ ആശ്രയിക്കുന്നത്, സ്വന്തം ശബ്ദം മുമ്പുണ്ടായിരുന്നതുപോലെ ഇനിയില്ല എന്നതിന്റെ സൂചനയാണ്. വോട്ടെടുപ്പ് സ്ഥാപനത്തെ പ്രതിരോധിക്കുന്ന സർക്കാര്‍ നിലപാട്, വോട്ടർമാരുടെ വിശ്വാസം നിലനിർത്താൻ കമ്മിഷൻ ആഗ്രഹിക്കുന്നെങ്കിൽ അത് ഒഴിവാക്കണമെന്ന പ്രതീതി സൃഷ്ടിക്കുന്നു.
ഈ വിഷയം കേവലം ധാരണയിൽ മാത്രം ഒതുങ്ങുന്നില്ല; സ്ഥാപന സംസ്കാരത്തിന്റെ ആഴത്തിലുള്ളതാണ്. ഭരണഘടനാ വ്യവസ്ഥകളിലൂടെ മാത്രമല്ല, ദൈനംദിന പ്രവർത്തനങ്ങളിലൂടെയും കൂടിയാണ് സ്വാതന്ത്ര്യം ശക്തിപ്പെടുക — അവ്യക്തതയ്ക്ക് പകരം തുറന്ന രീതി, ചോദ്യങ്ങളെ പ്രതിരോധിക്കുന്നതിന് പകരം സ്വാഗതം ചെയ്യുക, അസ്വസ്ഥതകളുണ്ടെങ്കിലും സുതാര്യത ഉയർത്തിപ്പിടിക്കുക എന്നിങ്ങനെ. ഇന്ത്യ പോലുള്ള, രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ഒരു രാജ്യത്ത്, നിഷ്പക്ഷത ബോധപൂർവം വളർത്തിയെടുക്കേണ്ടതുണ്ട്. അക്ഷമയോ ശത്രുതയോ പുലര്‍ത്തുന്ന ഒരു കമ്മിഷൻ, നിഷ്പക്ഷമായി മധ്യസ്ഥത വഹിക്കേണ്ട തെരഞ്ഞെടുപ്പില്‍ നിന്ന് അകന്നുനിൽക്കാൻ സാധ്യതയുണ്ട്.

രാഷ്ട്രീയ പാർട്ടികൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിനോ, സമ്മർദം ചെലുത്തുന്നതിനോ, തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനോ ആണെന്ന് കമ്മിഷന്റെ പിന്തുണക്കാർ വാദിച്ചേക്കാം. അത് ശരിയായിരിക്കാമെങ്കിലും ആ ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ യുക്തിയിൽ ഇടപെടുകയല്ല, സ്ഥിരതയോടെയും വ്യക്തതയോടെയും പ്രതികരിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം സംരക്ഷിക്കുകയെന്നതാണ് കമ്മിഷന്റെ ദൗത്യം. പാർട്ടികൾ തന്ത്രപരമായി പെരുമാറിയാല്‍ പോലും, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിയമസാധുത സ്ഥാപനപരമായ അഹങ്കാരത്താല്‍ ബലികഴിക്കരുത്. നടപടിക്രമങ്ങളിൽ ആത്മവിശ്വാസവും കടമയെക്കുറിച്ച് ബോധവുമുള്ള ഒരു കമ്മിഷൻ ചോദ്യങ്ങളെ നേരിടുക പ്രകോപനത്തോടെയല്ല, സമഗ്രത പുനഃസ്ഥാപിക്കുന്നതിനുള്ള അവസരങ്ങളായി കണക്കാക്കിയാണ്. തെരഞ്ഞെടുപ്പ് രംഗം സാങ്കേതികമായും രാഷ്ട്രീയമായും കൂടുതൽ സങ്കീർണമായിരിക്കുന്നു എന്നതും തിരിച്ചറിയേണ്ടതാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പതിറ്റാണ്ടുകളായി ചർച്ചാവിഷയമാണ്. വിവിപാറ്റ് അവതരണവും സംശയത്തെ പൂർണമായും ഇല്ലാതാക്കിയില്ല. വോട്ടർ പട്ടികയിലെ ഡിജിറ്റൽ പ്രക്രിയകൾ, വർധിച്ചുവരുന്ന രാഷ്ട്രീയ ധ്രുവീകരണം, ആശയവിനിമയ വ്യവസ്ഥകളില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ എന്നിവ അനാവശ്യ സ്വാധീനത്തിനെതിരെ ഒരു സുരക്ഷാ മേഖലയായി പ്രവർത്തിക്കണമെന്ന അധിക ബാധ്യത കമ്മിഷന് നല്‍കുന്നു. ഈ അന്തരീക്ഷത്തിൽ, സ്ഥാപന സംവേദനക്ഷമത കേവലം ഐച്ഛികമല്ല, അത്യാവശ്യമാണ്. അപകടസാധ്യതകൾ വർധിക്കുന്നതിലെ ആശങ്കകളെ തള്ളിക്കളയുന്ന ഒരു കമ്മിഷൻ, വിപരീത ഫലമാണ് സൃഷ്ടിക്കുക. സാങ്കേതികവിദ്യയും എക്സിക്യൂട്ടീവ് അധികാരവും നടപടികളില്‍ സ്വാധീനമുണ്ടാക്കുമെന്ന ആശങ്കകളെ ചെറുക്കാൻ സുതാര്യത, വെളിപ്പെടുത്തലുകൾ, പങ്കാളികളുമായുള്ള തുറന്ന ചര്‍ച്ചകൾ എന്നിവ സഹായിക്കും. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ആള്‍ക്കൂട്ട സമാഹരണം, പൊതുജന വികാരം, കടുത്ത രാഷ്ട്രീയ മത്സരം എന്നിവയുടെ വേദിയാണ് എന്നതാണ് അസ്വസ്ഥതയുടെ മറ്റൊരു മാനം. അത്തരം ഘട്ടങ്ങളില്‍ കമ്മിഷന്റെ ഇടപെടല്‍ ദേശീയ ധാരണകളെ രൂപപ്പെടുത്തുന്നു. എക്സിക്യൂട്ടീവുമായുള്ള അടുപ്പത്തിന്റെ ഏതടയാളവും — അനുകൂലമായ ഷെഡ്യൂള്‍, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വിവേചനപരമായ പ്രയോഗം, ചട്ടലംഘനങ്ങൾ കൈകാര്യം ചെയ്യലിലെ പക്ഷപാതം — വിമർശനത്തിന് കാരണമാകും. അതിനാൽ ന്യായമായി പ്രവർത്തിക്കുക മാത്രമല്ല, നീതി പ്രകടിപ്പിക്കുകയും വേണം. പരാതികളോടുള്ള അവഗണന സ്ഥാപനം രാഷ്ട്രീയത്തിന് അതീതമല്ല എന്ന ആരോപണം ശക്തിപ്പെടുത്തും. അത്തരം സംശയങ്ങൾ വേരൂന്നിയാൽ, ഭാവി തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കും. 

അനാവശ്യമായ എക്സിക്യൂട്ടീവ് സ്വാധീനത്തിനെതിരെ ഉറച്ച് നില്‍ക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സർക്കാരുമായി ബന്ധപ്പെട്ടിരിക്കുമ്പോഴും തെരഞ്ഞെടുപ്പ് പങ്കാളികളായ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വേറിട്ട് നില്‍ക്കാത്ത ഒന്ന്. രാഷ്ട്രീയ പങ്കാളികളിൽ നിന്ന് അകന്നു നിൽക്കുമ്പോഴല്ല, ഭരണസംവിധാനത്തിൽ നിന്നുള്ള സമ്മർദങ്ങളെ നേരിടുമ്പോഴാണ് കമ്മിഷന്റെ സ്വാതന്ത്ര്യം കൂടുതൽ വ്യക്തമാകുന്നത്. രാഷ്ട്രീയ പാർട്ടികൾ, പോരായ്മകളൊക്കെയുണ്ടെങ്കിലും വോട്ടർമാരെ പ്രതിനിധീകരിക്കുകയും പൊതുജനവികാരം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവർ ആശങ്കകളുയർത്തുമ്പോൾ, അത് എത്ര രാഷ്ട്രീയ പ്രേരിതമാണെങ്കിലും, തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിക്കേണ്ടത് നിഷ്പക്ഷമായ ഭരണഘടനാ സ്ഥാപനം എന്ന നിലയിലാണ്, അല്ലാതെ ചോദ്യം ചെയ്യലുകളിൽ അസ്വസ്ഥമാകുന്ന പ്രതിരോധ സ്ഥാപനം എന്ന നിലയിലല്ല.

(ഐപിഎ)

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.