24 January 2026, Saturday

വടക്കേ ഇന്ത്യയില്‍ അസമത്വം തുടരുന്നു; കേരളം പുരോഗതിയിലെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2025 8:36 pm

വടക്കേ ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയിലെ അസമത്വം തുടരുകയാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ പുരോഗതി നേടിയെന്നും പുതിയ പഠനം. നേച്ചര്‍ സസ്റ്റെനബിലിറ്റി ജേണലിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെ വിജയത്തിന് കാരണം പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക വികസനം എന്നിവയിലെ സുസ്ഥിര നിക്ഷേപങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് പ്രാദേശിക ജനതയ്ക്ക് കൂടുതല്‍ പ്രയോജനം ചെയ്തു. അസമത്വത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെ ഘടകങ്ങള്‍ തിരിച്ചറിയുന്നതിനും ദേശീയ ശരാശരികള്‍ക്കപ്പുറത്തേക്ക് നീങ്ങേണ്ടതിന്റെ പ്രാധാന്യം ഈ വ്യത്യാസങ്ങള്‍ എടുത്തുകാണിക്കുന്നതായും പഠനം പറയുന്നു.
ആഗോള ജനസംഖ്യയുടെ 94 ശതമാനത്തിന്റെയും ദേശീയ വരുമാനം 1990 മുതല്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും 2023ല്‍ ലോകത്തെ പകുതിയോളം ആളുകളും വരുമാന അസമത്വം വര്‍ധിച്ച ഇടങ്ങളിലാണ് താമസിച്ചിരുന്നതെന്നും പഠനം കണ്ടെത്തി. ഏകദേശം മൂന്നിലൊന്ന് ആളുകളും അസമത്വം കുറഞ്ഞ സ്ഥലങ്ങളിലും നാലിലൊന്ന് പേര്‍ 1990 മുതല്‍ വരുമാനവും അസമത്വവും കുത്തനെ കൂടിയ പ്രദേശങ്ങളിലുമാണ് തങ്ങിയിരുന്നതെന്ന് നേച്ചര്‍ സസ്റ്റെനബിലിറ്റി ജേണല്‍ പറയുന്നു.
രാജ്യങ്ങള്‍ക്കിടയിലുള്ള വരുമാന അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ പഠനം നല്‍കുന്നുണ്ടെന്ന് ഫിന്‍ലാന്‍ഡിലെ ആള്‍ട്ടോ സര്‍വകലാശാലാ ഗവേഷകര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങള്‍ 2015ല്‍ അംഗീകരിച്ച 2030ലെ സുസ്ഥിര വികന അജണ്ട (എസ്ഡിജി), മനുഷ്യപുരോഗതി, സാമ്പത്തിക അഭിവൃദ്ധി, ഗൃഹാരോഗ്യം എന്നിവ കൈവരിക്കുന്നതിനുള്ള രൂപരേഖയാണിത്.
ആഗോളതലത്തില്‍ മൊത്ത ദേശീയ വരുമാനം വര്‍ധിച്ചുണ്ടെങ്കിലും ജനസംഖ്യയുടെ ഏകദേശം 46–59 ശതമാനത്തില്‍ അസമത്വം വര്‍ധിച്ചിട്ടുണ്ട്. നിലവിലെ ഡാറ്റകളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഗവേഷണം നല്‍കുന്നതായി ആള്‍ട്ടോ സര്‍വകലാശാലയിലെ പ്രൊഫസറും മുഖ്യ ഗവേഷകയുമായ മാത്തി കമ്മു പറഞ്ഞു. ഓരോ രാജ്യങ്ങളിലെയും പ്രത്യേക പ്രദേശങ്ങളിലെ വിവരങ്ങളും വിശദാംശങ്ങളും ഇതിലുണ്ട്. പല രാജ്യങ്ങളിലും കഴിഞ്ഞ ദശകങ്ങളില്‍ അസമത്വത്തിന് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്ന് ദേശീയ ഡാറ്റാ അവകശപ്പെടുന്നതിനാല്‍ ഈ പഠനം പ്രധാനമാണ്, അതേസമയം സംസ്ഥാനതല ഡാറ്റ വളരെ വ്യത്യസ‍്തമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ബ്രസീലില്‍, ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ സ്കൂളില്‍ പോവുകയും വാക്സിനേഷന്‍ എടുക്കുകയും ചെയ്യുന്നിടത്തോളം കാലം നല്‍കുന്ന പ്രാദേശിക ധനസഹായത്തിന് അസമത്വം കുറയുന്നതുമായി ബന്ധമുണ്ട്. 2030 ഓടെ യുഎന്നിന്റെ എസ്‍ഡിജി കൈവരിക്കുന്നതില്‍ രാജ്യങ്ങള്‍ ഒരുപോലെ പരാജയമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.