
ആവേശക്കൊടിയേറ്റമായി രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സിപിഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍. കേരളം, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന പരിപാടികളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കർഷകരും തൊഴിലാളികളും സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരന്നു. ചുവപ്പുസേനാ മാർച്ചുകളും പൊതുസമ്മേളനങ്ങളും പാർട്ടിയുടെ ചരിത്രപരമായ പോരാട്ടങ്ങളുടെയും വരുംകാല പ്രതിജ്ഞകളുടെയും വിളംബരമായി മാറി. പാര്‍ട്ടി ദേശീയ ആസ്ഥാനമായ ഡല്‍ഹിയിലെ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ രാവിലെ പതാക ഉയര്‍ത്തി. വൈകുന്നേരം നാലിന് പൊതുപരിപാടിയും ചര്‍ച്ചയും നടന്നു. മുഹമ്മദ് ഫൈസിന്റെയും സലീല്‍ ചൗധരിയുടെയും വിപ്ലവ ഗാനം ഗവേഷണ വിദ്യാര്‍ത്ഥിനിയായ മലഞ്ച ആലപിച്ചതോടെയാണ് സമാപന യോഗത്തിന് ആരംഭമായത്. മുഷിയാറയുടെയും ഇപ്റ്റയുടെയും കലാപരിപാടികളും നടന്നു.
സംസ്ഥാനത്ത് എല്ലാ പാര്‍ട്ടിഘടകങ്ങളിലും ശതാബ്ദി ആഘോഷം നടന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാകയുയര്‍ത്തി. ഇടുക്കി ജില്ലാ കൗണ്‍സില്‍ ഓഫിസിനു മുന്നിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, ആലപ്പുഴ ജില്ലാ കൗണ്‍സില്‍ ഓഫിസായ ടി വി സ്മാരകത്തില്‍ ജില്ലാ സെക്രട്ടറി എസ് സോളമന്, കണ്ണൂർ ഡിസി ഓഫിസ് ബാലറാം സ്മാരക പരിസരത്ത് ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ എന്നിവര്‍ പതാക ഉയർത്തി. കോഴിക്കോട് ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസും ജില്ലാ കൗൺസിൽ ഓഫിസായ കൃഷ്ണപിള്ള മന്ദിരത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി കെ നാസറും പതാകയുയർത്തി. കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫിസില്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരന്, തൃശൂര്‍ ജില്ലാ ആസ്ഥാനമായ കെ കെ വാര്യര്‍ സ്മാരകത്തില്‍ ദേശീയ എക്സിക്യൂട്ടീവംഗം കെ പി രാജേന്ദ്രന്, പാലക്കാട് ജില്ലാ കൗണ്‍സില്‍ ഓഫിസില്‍ മുതിര്‍ന്ന അംഗം വി ചാമുണ്ണി എന്നിവര്‍ പതാക ഉയര്‍ത്തി.
തെലങ്കാനയില്‍ വാറങ്കൽ നഗരത്തെ ചുവപ്പിലാഴ്ത്തി ചുവപ്പുസേനാ പരേഡും കൂറ്റന്‍ റാലിയും സംഘടിപ്പിച്ചു. വാറങ്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലി നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ചുറ്റി പ്രധാന ചൗക്കിൽ സമാപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ചിൽ ശക്തമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തക്കല്ലപ്പള്ളി ശ്രീനിവാസ റാവു അഭിവാദ്യം ചെയ്തു. വാറങ്കൽ ജില്ലാ സെക്രട്ടറി ഷെയ്ഖ് ഭാസ്മിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പഞ്ജാല രമേശ്, മേകല രവി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ദണ്ഡു ലക്ഷ്മൺ, പനസ പ്രസാദ് തുടങ്ങിയ നേതാക്കൾ റാലിക്ക് നേതൃത്വം നൽകി.
മഹാരാഷ്ട്രയിലെ നാസിക്കിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ ഈദ്ഗാഹ് മൈതാനത്ത് മുതിർന്ന നേതാവ് ദേവിദാസ് ഭോപ്പാലെ, മഹിളാ ഫെഡറേഷൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ നേതാവ് സൗജന്യ ഗോതപഗർ, വിദ്യാർത്ഥി സംഘടനാ പ്രതിനിധി കൈവല്യ ചന്ദ്രാത്രേ എന്നിവർ ചേർന്ന് പതാക ഉയർത്തി. ഈദ്ഗാഹ് മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ഷാലിമാർ മെഹർ ചൗക്ക് വഴി നീങ്ങി സിപിഐ‑എഐടിയുസി ഓഫിസിന് മുന്നിൽ സമാപിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രാജു ദേശാലെ റാലിയെ അഭിവാദ്യം ചെയ്തു.
ഝാർഖണ്ഡിൽ വിപുലമായ പരിപാടികളോടെ നൂറാം വാര്‍ഷികം ആഘോഷിച്ചു. റാഞ്ചിയിലെ പാർട്ടി സംസ്ഥാന ഓഫിസിൽ നടന്ന സമ്മേളനത്തില്‍ ജലവും വനവും മണ്ണും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം ശക്തമാക്കുമെന്ന് പാർട്ടി പ്രവർത്തകർ പ്രതിജ്ഞയെടുത്തു. സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പാർട്ടി പതാക ഉയർത്തി. ഹൈദരാബാദിൽ നടന്ന ശതാബ്ദി ആഘോഷങ്ങളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു. ചട പ്രതാപ് റെഡ്ഡി അധ്യക്ഷനായി. തെലങ്കാന സംസ്ഥാന സെക്രട്ടറി കൂനംനേനി സാംബശിവറാവു, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി ചന്ദ്രകുമാർ, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പല്ല വെങ്കട്ട് റെഡ്ഡി തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. ‘ശത അരുണ ഗീതാഞ്ജലി’ എന്ന പാട്ടുകളുടെ സമാഹാരവും പാർട്ടിയുടെ നൂറു വർഷത്തെ ചരിത്രം വിവരിക്കുന്ന പുസ്തകവും സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
ഹൈദരാബാദ്: സിപിഐ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം കുറിച്ച് ജനുവരി 18ന് ഖമ്മത്ത് നടക്കുന്ന ജനകീയ സമ്മേളനത്തില്‍ അഞ്ച് ലക്ഷം പേർ അണിനിരക്കുമെന്ന് തെലങ്കാന സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കൂനംനേനി സാംബശിവറാവു പറഞ്ഞു. ദേശീയ ഇടതുപക്ഷ നേതാക്കൾക്ക് പുറമെ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും ക്ഷണിക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സമ്മേളനത്തില്‍ പങ്കെടുക്കും. 19ന് ഖമ്മത്ത് ദേശീയ ഇടതുപക്ഷ നേതാക്കളുടെ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.