
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ഏഴുപേർ മരിച്ചു. നഗരത്തിലെ ഭഗീരഥപുര മേഖലയിലാണ് സംഭവം. കുടിവെള്ള പൈപ്പിലെ ചോർച്ചയെത്തുടർന്ന് ഡ്രെയിനേജ് വെള്ളം കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇൻഡോർ മേയർ പുഷ്യാമിത്ര ഭാർഗവ സ്ഥിരീകരിച്ചു. നിലവിൽ നഗരത്തിലെ വിവിധ ആശുപത്രികളിലായി 149 പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഒരു വീടിനോട് ചേർന്ന ടോയ്ലറ്റിന് താഴെ പ്രധാന പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയതായും ഇതിലൂടെ മലിനജലം കലർന്നതാവാം രോഗവ്യാപനത്തിന് കാരണമെന്നും മുൻസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവ് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച സർക്കാർ, ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും വഹിക്കുമെന്ന് അറിയിച്ചു. വീഴ്ച വരുത്തിയ സോണൽ ഓഫീസർ ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അതേസമയം, മരണസംഖ്യ അധികൃതർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അറിയപ്പെടുന്ന ഇൻഡോറിന് ഈ സംഭവം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.