
മയക്കുമരുന്ന് കടത്ത് ആരോപണങ്ങളില്‍ കുറ്റകാരനല്ലെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. തന്നെ തട്ടികൊണ്ടുവന്നതാണെന്നും ഇപ്പോഴും വെനസ്വേലയുടെ ഭരണഘടനാപരമായ പ്രസിഡന്റാണെന്നും മഡുറോ യുഎസ് കോടതിയില്‍ വ്യക്തമാക്കി. മാൻഹാട്ടൻ ഫെഡറൽ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മഡുറോ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചത്. ലഹരി ഭീകരവാദം, ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ട്രംപ് ഭരണകൂടം മഡുറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ “ഞാൻ നിരപരാധിയാണ്, ഒരു മാന്യനായ മനുഷ്യനാണ്” എന്ന് സ്പാനിഷ് ഭാഷയിൽ മഡുറോ പ്രതികരിച്ചു. ജനുവരി മൂന്നിന് പുലർച്ചെ കാരക്കാസിലെ വീട്ടിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ മഡുറോയുടെ വാദങ്ങൾ തടഞ്ഞ ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റൈൻ, ഇത് കേവലം പ്രാഥമിക നടപടികൾ മാത്രമാണെന്നും വാദങ്ങൾ പിന്നീട് കേൾക്കാമെന്നും വ്യക്തമാക്കി. കേസിലെ അടുത്ത വാദം 17 ന് നടക്കും.
മഡുറോയുടെ അഭിഭാഷകൻ അദ്ദേഹത്തെ പിടികൂടിയ രീതിയും കോടതിയിൽ ചോദ്യം ചെയ്തു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഉൾപ്പെടെയുള്ള പ്രമുഖര്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകനായ ബാരി പൊള്ളാക്കാണ് മഡുറോയ്ക്ക് വേണ്ടി ഹാജരായത്. മഡുറോ ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനാണെന്നും പദവി ഉറപ്പാക്കുന്ന പ്രത്യേകാവകാശത്തിന് അർഹനാണെന്നും പൊള്ളാക്ക് കോടതിയെ അറിയിച്ചു. മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിന്റെ മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു. ഇത് അറസ്റ്റ് ചെയ്ത സമയത്ത് സംഭവിച്ചതാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.
മഡുറോയും ഭാര്യയും തങ്ങൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. മെക്സിക്കോയിലെ സിനലോവ കാർട്ടൽ ഉൾപ്പെടെയുള്ള വമ്പൻ ലഹരിമരുന്ന് സംഘങ്ങളുമായി ചേർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മഡുറോയും സംഘവും പ്രവർത്തിക്കുന്നുണ്ടെന്നാണ് 25 പേജുള്ള കുറ്റപത്രത്തിലെ ആരോപണം. വെനസ്വേലയിലെ ഔദ്യോഗിക സംവിധാനങ്ങളെ ലഹരിമരുന്ന് കടത്തിനുള്ള മാർഗമായി ഉപയോഗിച്ചെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.