
അനന്തപുരിയിൽ ഇനി അക്ഷരവസന്തത്തിന്റെ നാളുകൾ. വായനയുടെ വാതായനങ്ങൾ തുറന്ന് അറിവിന്റെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 13 വരെയാണ് നിയമസഭ പുസ്തകോത്സവം. ആശയ സംവാദങ്ങൾക്കും വിജ്ഞാന വിനിമയങ്ങള്‍ക്കും കലാ സാംസ്കാരിക പരിപാടികൾക്കും നിയമസഭ വേദിയാകും. പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’ സെഷൻ, കെഎൽഐബിഎഫ് ടോക്‌സ്, കവിയരങ്ങ്, സ്മൃതി, കെഎൽഐബിഎഫ് ഡയലോഗ്‌സ് തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മന്ത്രിമാരും നിയമസഭ സാമാജികരും സാമൂഹിക സാംസ്കാരിക കലാ സാഹിത്യ മേഖലകളിലെ പ്രമുഖരും സജീവമായി പങ്കെടുക്കും. പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കും. പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കും. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആർക്കൈവ്സ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും വില്പനയും സജ്ജീകരിക്കും. സ്റ്റാളിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫിസിന്റെ ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പുസ്തകോത്സവം ഡയറക്ടറി, ടീ ഷർട്ട്, ക്യാപ് എന്നിവയുടെ പ്രകാശനവും നടന്നു. നിയമസഭ സമുച്ചയത്തിൽ നടന്ന പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെഎൽഐബിഎഫ് ഇതിനകം തന്നെ സാഹിത്യ‑സാംസ്കാരിക ലോകത്ത് ശ്രദ്ധേയമായ ഇടം നേടിയതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. നിയമസഭ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ലഭിച്ച ജനപിന്തുണ ഈ പതിപ്പിലും പ്രതീക്ഷിക്കുന്നതായി സ്പീക്കർ പറഞ്ഞു. കെഎൽഐബിഎഫിന്റെ ഭാഗമായി തയ്യാറാക്കിയ ഫെസ്റ്റിവൽ ഗാനത്തിന്റെ പ്രകാശനവും നടന്നു. നിയമസഭ സെക്ഷൻ ഓഫിസർ ശ്രീവിദ്യ എസ് ആണ് ഫെസ്റ്റിവൽ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകോത്സവത്തിന്റെ തീം സോങ്ങിന്റെ രചന ഡെപ്യൂട്ടി സ്പീക്കർ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി എസ് സുരേഷ് കുമാറും സംഗീതം പ്രശസ്ത ഗായിക രാജലക്ഷ്‌മിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.