
2025 ഒക്ടോബര്‍ മാസത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) സമീപകാലത്തേക്കുള്ളതില് വച്ചേറ്റവും താണനിലവാരത്തിലെത്തിയിരുന്നു. ഇതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് കീഴില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ആറംഗ പണനയ സമിതി (എംപിസി) തീര്‍ത്തും നിസഹായാവസ്ഥയിലായി. എപിസിയുടെ അംഗീകാരത്തോടെ വേണം ആര്‍ബിഐക്ക് പലിശനിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ എന്നുള്ളതാണ് ഇതിനുള്ള കാരണം. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ചേരാനിരുന്ന എംപിസി യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു.
ഇതിന്റെ രൂപവും ഭാവവും എന്തായിരിക്കണമെന്ന ഏകദേശ ധാരണ അതിനുമുമ്പുതന്നെ ആര്‍ബിഐക്ക് പരിഗണിക്കേണ്ടി വരുമല്ലോ. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇരുകൂട്ടരും ധര്മ്മസങ്കടത്തിലകപ്പെട്ടതില് അത്ഭുതപ്പെടേണ്ടതില്ല. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിന്റെ തോതനുസരിച്ചായിരിക്കണം പലിശ നിരക്കുകളിലും ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍. 2025 ജൂലെെ-സെപ്റ്റംബര്‍ കാലയളവിലെ ജിഡിപി നിരക്ക് 7%ത്തിലേറെയായിരുന്നു എന്നതിനാല്‍, ഈ കാര്യം കൂടി പരിഗണിക്കാതെ തരമില്ല. ചുരുക്കത്തില്‍ അതീവ ശ്രദ്ധയോടെയായിരിക്കണം ഈ വിഷയത്തില്‍ മുന്നോട്ടുനീങ്ങാന്‍ എന്ന് വ്യക്തമാകുന്നു. വളര്‍ച്ചാനിരക്ക് ഒരുവിധം കൊള്ളാം എന്ന ധാരണ നിലവിലിരിക്കെ പലിശനിരക്കുകളില്‍ കാര്യമായ കെെകടത്തല്‍ ഒഴിവാക്കുന്നതായിരിക്കും ഉചിതമായിരിക്കുക. ഏതായാലും 2025 ജൂണ്‍ മാസത്തിനുശേഷം എംപിസി പലിശനിരക്കുകളില്‍ തല്‍സ്ഥിതി തുടരാനാണ് തീരുമാനത്തിലെത്തി നില്‍ക്കുന്നത്. റിപ്പോ നിരക്കില്‍ 2025 ഫെബ്രുവരിക്കുശേഷം 100 അടിസ്ഥാന പോയിന്റുകള്‍ മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. ആര്‍സിബി ആണെങ്കില്‍ ജൂണില്‍ വെറും 50 പോയിന്റുകള്‍ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ജൂണിനുശേഷം കേന്ദ്രബാങ്കെന്ന നിലയില്‍ ആര്‍ബിഐ ചെയ്തിരിക്കുന്നത് നയസമീപനത്തില്‍ നിഷ്പക്ഷ (ന്യൂട്രല്‍) നിലപാടിലേക്ക്, ഉള്‍ക്കൊള്ളല്‍-അക്കോമോഡേറ്റീവ്- എന്നതിലേക്കുള്ള മാറ്റവും വരുത്തിയിരുന്നു. ഒക്ടോബര്‍ പണനയത്തില്‍ എംപിസി അംഗങ്ങള്‍ക്കിടയില്‍ നിരക്കുകളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുന്നതിനനുകൂലമായ നിലപാടിനായിരുന്നു പൊതുവായുണ്ടായതെങ്കിലും ആര്‍സിബിക്കു പുറത്തുള്ള രണ്ടുപേര്‍ വായ്പാനയം അക്കൊമൊഡേറ്റീവ് നിലപാടിലേക്ക് തിരികെ പോകണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ന്യൂട്രല്‍ അഥവാ നിഷ്പക്ഷ നിലപാടെന്നാല്‍, അര്‍ത്ഥമാക്കുന്നത് നിരക്കുകള്‍ ഉയര്‍ത്തുകയോ, താഴ്ത്തുകയോ ചെയ്യാമെന്നോ, തല്‍സ്ഥിതി തുടരാമെന്നോ ആയിരിക്കും. നേരെമറിച്ച് അക്കൊമൊഡേറ്റീവ് അഥവാ ഉള്‍ക്കൊള്ളല്‍ നിരക്കാണെങ്കില്‍ അര്‍ത്ഥം ഒന്നുകില്‍ നിരക്കില്‍ കുറവുണ്ടാകാം, അല്ലെങ്കില്‍ തല്‍സ്ഥിതി തുടരാമെന്നതാണ്. നിരക്കുവര്‍ധന തീര്‍ത്തും ഒഴിവാക്കപ്പെടുകയും ചെയ്യും. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം, ജിഎസ്ടി നിരക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകളെത്തുടര്‍ന്ന് ഏറെക്കുറെ മയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍ബിഐ നിരക്കുമാറ്റത്തിന് അനുകൂലമല്ല. വരുന്ന രണ്ട് മാസക്കാലത്തേക്കെങ്കിലും സ്വര്‍ണം ഒഴികെ ഉല്പന്നങ്ങളുടെ ചില്ലറവില സൂചിക വിപരീതമായിത്തന്നെ തുടരുമെന്നാണ് കണക്കുകൂട്ടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഗവേഷണ വിഭാഗം ഇക്കാര്യത്തില്‍ ഉറച്ച നിലപാടിലുമാണ്.
ബാര്‍ക്ലെയ്സ് റേറ്റിങ് ഏജന്‍സി 2025–26ലേക്കുള്ള സിപിഐ പണപ്പെരുപ്പം 30 ബേസിക്ക് പോയിന്റുകള്‍ കുറഞ്ഞ് 2.1% ത്തിലെത്തുമെന്നും അതേ അവസരത്തില്‍ ആര്‍ബിഐയുടേത് 2.6% ആയിരിക്കുമെന്നുമാണ് കണക്കുകൂട്ടിയിട്ടുള്ളതെന്ന് കാണുന്നു. ആര്‍ബിഐയുടെ 2025–26 ധനകാര്യ വര്‍ഷത്തേക്കുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലേറെയാവില്ലെന്നാണെന്ന് കാണണം. മാത്രമല്ല, ഇതില്‍ പ്രതീക്ഷിക്കുന്ന പരമാവധി ഏറ്റക്കുറച്ചില്‍ നിരക്ക് രണ്ട് ശതമാനവുമാണ്. എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. സൗമ കാനതി ഘോഷിന്റെ അഭിപ്രായം, ധനകാര്യ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പണപ്പെരുപ്പ നിരക്ക് കെെകാര്യം ചെയ്യുന്നതിന് എന്തെങ്കിലും നിര്‍ണായക നടപടി കേന്ദ്ര ബാങ്കില്‍ നിന്നും ഉണ്ടാവാതെ സാധ്യമാവില്ലെന്ന് തന്നെയാണ്. അപ്പോഴേക്ക് ജിഡിപി വളര്‍ച്ചാനിരക്കില്‍ പ്രതീക്ഷിക്കുന്ന നിലവാരം പുലര്‍ത്താം കഴിയുമോ എന്നത് സംശയത്തിന്റെ നിഴലില്‍ തുടരുകയാണെന്നതുതന്നെ കാരണം. 2025 ഒക്ടോബറിലെ മോണിറ്ററി പോളിസിയില്‍ ആര്‍ബിഐ ലക്ഷ്യമിട്ടിരുന്ന 2025–26ലേക്കുള്ള ജിഡിപി നിരക്ക് 6.8% ആയിരുന്നു. ഇതിന്റെ ഭാഗമായി ഒന്നാംപാദത്തില്‍ 6.8%, രണ്ടാം പാദത്തില്‍ 7%, മൂന്നാം പാദത്തില്‍ 6.4%, നാലാം പാദത്തില്‍ 6.2% എ ന്നിങ്ങനെയുമായിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ 2025–2026 ധനകാര്യ വര്‍ഷാവസാനത്തോടെ ജിഡിപി നിരക്ക് 7.8%ത്തിലെത്താം. ഈ പ്രതീക്ഷക്കനുസരിച്ച് ധനകാര്യ വര്‍ഷത്തിലെ ആദ്യപകുതിയില്‍ ജിഡിപി നിരക്ക് ശക്തമായ നിലയില്‍ തുടര്‍ന്നെങ്കിലും രണ്ടാം പകുതിയാവുന്നതോടെ അല്പം മയപ്പെട്ടുപോയതായാണ് അനുഭവപ്പെടുന്നത്.
ഇത്തരം ഒരു പശ്ചാത്തലം നിലവിലിരിക്കെ വികസന ധനശാസ്ത്രകാരന്മാര് കണക്കുകൂട്ടുന്നത് ധനകാര്യ വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് 74%ത്തില്‍ പരിമിതപ്പെടുമെന്നുതന്നെയാണ്. ഈ നിരക്കുതന്നെ ഒരുവിധം തൃപ്തികരമാണെന്നതിനാല്ത്തന്നെ, പലിശനിരക്കുകളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അഥവാ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ പോലും 2026 ഡിസംബറിലെ മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പ നിരക്കു നിയന്ത്രണം മനസില്‍ കരുതിയതിനുശേഷം അനുവദിക്കാനിടയുള്ള ഇളവ് 25 ബേസിക്ക് പോയിന്റുകള്‍ മാത്രവുമായിരിക്കും. ബാര്‍ക്ലേയ്സ് ധനശാസ്ത്ര വിദഗ്ധരുടെ ഈ സമീപനം ശരിവയ്ക്കാതിരിക്കാന്‍ ഇന്നത്തെ നിലയില്‍ നമുക്ക് സാധ്യമാവില്ല. അതേ അവസരത്തില്‍ നാം ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തൊരു പുതിയ ആഗോള സാഹചര്യമുണ്ട്. ജിഡിപി നിരക്കിനെ ബാധിക്കുമെന്നുറപ്പുള്ള ഒന്നാണിത്.
അതായത്, യുഎസില്‍ വെെറ്റ് ഹൗസ് മേധാവിയായി എത്തിയിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ലക്കും ലഗാനുമില്ലാത്ത തീരുവാനയം വിദേശ വ്യാപാരത്തിനുമേല്‍ ഏല്പിച്ചിട്ടുള്ള കനത്ത ആഘാതം കൂടിയാണിത്. ഈ ആഘാതം ഗുരുതരാവസ്ഥയിലാക്കുക, തൊഴില്‍ പ്രധാനമായ സൂക്ഷ്മതല ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ ആയിരിക്കുകയും ചെയ്യും. ഈ വിഭാഗമാണ് നമ്മുടെ 45 ശതമാനം കയറ്റുമതി ചരക്കുകളും സേവനങ്ങളും പ്രദാനം ചെയ്യുന്നതെന്നോര്‍ക്കുക. ഈ യാഥാര്‍ത്ഥ്യം ഒരു മുന്നറിയിപ്പായി ട്രംപുമായി ചങ്ങാത്തം നടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും അവഗണിച്ചുകൂട. ഡോ. ഗൗരവ് സെന്‍ ഗുപ്ത (ഐഡിഎഫ്സിഎസ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ഇദ്ദേഹം) യാണ് ഈ അപകടസാധ്യത ഒരു മുന്നറിയിപ്പായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 50% തീരുവാനിരക്കുതന്നെ 12 മാസക്കാലത്തിനിടയില്‍ ഒരു ശതമാനത്തോളം പ്രതികൂലമായി കയറ്റുമതിയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം എംപിസി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഒരു നിശ്ചിതപരിധിക്കപ്പുറം പലിശനിരക്ക് മാറ്റങ്ങളിലൂടെ ജിഡിപി നിരക്കിന് സഹായകമായ നിലപാടെടുക്കുക ദുഷ്കരമായിരിക്കും; ഒരര്‍ത്ഥത്തില്‍ അസാധ്യവും.
ഉത്സവകാലയളവില്‍ ഉപഭോഗ പ്രോത്സാഹനാര്‍ത്ഥം, നഷ്ടസാധ്യതകള്‍ അവഗണിച്ചായാലും നിരക്കിളവുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ജിഡിപി നിരക്കുകളെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഒരുവിധത്തിലുള്ള ഒരു പണനയ തീരുമാനവും ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ കണക്കിലെടുക്കുവാന്‍ ആശാസ്യമായിരിക്കുകയുമില്ല. ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം ധര്‍മ്മസങ്കടത്തിലാക്കുന്ന യഥാര്‍ത്ഥ സ്ഥിതിവിശേഷമാണിതെന്നതില്‍ സംശയമില്ല. ഏതായാലും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഏറ്റവുമൊടുവില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്ന ആഗോള സാമ്പത്തിക, ധനകാര്യ ചക്രവാളത്തില്‍, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പ്രതീക്ഷകള്‍ കൂടി കണക്കിലെടുത്തുവേണം ബാങ്കിങ് മേഖലയിലെ പലിശനിരക്കുകളടക്കമുള്ള പണനയ തീരുമാനങ്ങള്‍ സ്വീകരിക്കാനും പ്രയോഗിക്കാനും എന്നതാണ്. അതായത്, ആഭ്യന്തര ഭരണ നിര്‍വഹണത്തോടൊപ്പം ആഗോളതല മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കണം കേന്ദ്രബാങ്കിന്റെ മാനേജ്മെന്റ് കാഴ്ചപ്പാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.