
കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ കടൽക്ഷോഭ മുന്നറിയിപ്പുകളും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി സംസ്ഥാന സർക്കാർ. 2025 മേയ് 18 മുതൽ 31 വരെ 14 ദിവസങ്ങളിൽ തൊഴിലിന് പോകാൻ കഴിയാതിരുന്ന 1,72,160 കുടുംബങ്ങൾക്കായി 48.2 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രതിദിനം 200 രൂപ വീതമാണ് കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് അർഹരായ ഓരോ കുടുംബത്തിനും 14 ദിവസത്തേക്ക് ആകെ 2,800 രൂപ വീതം ലഭിക്കും. തീരദേശവാസികളുടെ ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ അവർക്ക് ആവശ്യമായ കരുതൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അടിയന്തരമായി ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരിതകാലത്ത് മത്സ്യത്തൊഴിലാളി സമൂഹത്തെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.