
ശബരിമല സ്വർണ കൊള്ള കേസിൽ ഉൾപ്പെട്ടവർ ഏത് രാഷ്ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകൾ മറക്കാനുള്ള ആവരണമല്ല ചുവപ്പ് കൊടി. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പൻ്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. യഥാർത്ഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതു പക്ഷം മുന്നോട്ട് പോകും. യഥാർത്ഥ വിശ്വാസികളെയും വിശ്വാസങ്ങളെയും അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ മാനിക്കാനുളള ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ജനങ്ങളുടെ മുന്നറിയിപ്പാണ്. അത് വിനയപൂർവ്വം ഇടതുപക്ഷം കാണണം. എൽഡിഎഫിലാണ് പ്രതീക്ഷയെന്നും അതു കൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നാണ് ജനങ്ങൾ എൽഡി എഫിനോട് ആവശ്യപ്പെടുന്നത്. സംഭവിച്ച കാര്യങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി എൽഡി എഫ് മുന്നോട്ട് പോകുകയാണ്. ആ മുന്നോട്ട് പോക്കിനെ കുറിച്ചാണ് ഓരോ കക്ഷികളും ചർച്ച ചെയ്ത് പോകുന്നത്. അങ്ങനെ പോകുമ്പോൾ എൽഡിഎഫ് ജനഹിതത്തിന് അനുസൃതമായി കേരളത്തിൽ മൂന്നാം ഊഴവും എൽഡിഎഫിന് അധികാരം ലഭിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് കെ ആർ ബിനു പ്രശാന്ത് അധ്യക്ഷനായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.