23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

കൗമാര പ്രണയങ്ങളിൽ പോക്സോ വേണ്ട; ‘റോമിയോ-ജൂലിയറ്റ്’ ചട്ടം കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 11, 2026 12:05 pm

പതിനെട്ട് വയസ്സിന് താഴെയുള്ള കൗമാരക്കാർ പരസ്പര സമ്മതത്തോടെ ഏർപ്പെടുന്ന ലൈംഗിക ബന്ധങ്ങളെ പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ‘റോമിയോ-ജൂലിയറ്റ്’ ചട്ടം ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിർമ്മിച്ച നിയമം പലപ്പോഴും വ്യക്തിപരമായ പകപോക്കലിനും പ്രണയബന്ധങ്ങളെ തകർക്കാനുമുള്ള ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിശ്ചിത പ്രായവ്യത്യാസമുള്ള പ്രണയിതാക്കൾ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെ ക്രിമിനൽ കുറ്റമായി കാണാത്ത ഈ വ്യവസ്ഥ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്.

വ്യാജ പരാതികൾ നൽകി കൗമാരക്കാരുടെ ജീവിതം തകർക്കുന്ന പ്രവണതയ്ക്കെതിരെ കോടതി ശക്തമായ മുന്നറിയിപ്പ് നൽകി. പല കേസുകളിലും പെൺകുട്ടിയുടെ പ്രായം 18ന് താഴെയാണെന്ന് തെറ്റായി കാണിച്ച് ആൺകുട്ടികളെ കടുത്ത ശിക്ഷാനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ പ്രണയബന്ധങ്ങളെയും ലൈംഗികാതിക്രമങ്ങളെയും വേർതിരിച്ചു കാണേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ, പോക്സോ കേസുകളിൽ ഇരയുടെ പ്രായം നിർണ്ണയിക്കാൻ വൈദ്യപരിശോധന നടത്തണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജനന സർട്ടിഫിക്കറ്റോ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.