
മകര സംക്രാന്തി ആഘോഷങ്ങൾക്കിടെ പട്ടം പറത്താൻ ഉപയോഗിച്ച നൈലോൺ നൂൽ കഴുത്തിൽ കുടുങ്ങി കർണാടകയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബീദാർ ജില്ലയിലെ തലമാദഗി പാലത്തിന് സമീപമാണ് സഞ്ജുകുമാർ ഹൊസമണി എന്നയാൾ മരിച്ചത്. ബൈക്കിൽ സഞ്ചരിക്കവെ കഴുത്തിൽ നൂൽ കുടുങ്ങി ആഴത്തിൽ മുറിവേൽക്കുകയും ചോരവാർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ ബൈക്കിൽ നിന്ന് വീണ സഞ്ജുകുമാർ മകളെ വിളിച്ച് വിവരം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമീപത്തുണ്ടായിരുന്നവർ തുണി ഉപയോഗിച്ച് രക്തം വരുന്നത് തടയാൻ ശ്രമിക്കുകയും ഉടൻ ആംബുലൻസ് വിളിക്കുകയും ചെയ്തെങ്കിലും അത് എത്തുന്നതിന് മുൻപേ അദ്ദേഹം മരണത്തിന് കീഴടങ്ങി. മന്ന ഏഖേല്ലി പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പട്ടം പറത്താൻ ഉപയോഗിക്കുന്ന നൈലോൺ നൂലുകൾ നിരോധിക്കണമെന്ന് സഞ്ജുകുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു. കോട്ടൺ നൂലുകളെ അപേക്ഷിച്ച് വില കുറവായതിനാലും പെട്ടെന്ന് പൊട്ടിപ്പോകാത്തതിനാലും പലരും നൈലോൺ നൂലുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ നേരിയ ഈ നൂലുകൾ ബൈക്ക് യാത്രക്കാരുടെ കണ്ണിൽപ്പെടാറില്ല എന്നതും മൂർച്ചയേറിയ ഇവ പെട്ടെന്ന് മുറിവുകൾ ഉണ്ടാക്കുന്നു എന്നതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.