23 January 2026, Friday

സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചു; കേന്ദ്ര സര്‍ക്കാരിന് പിഴ ശിക്ഷ

കേരളത്തിനെതിരെ കള്ളം പറഞ്ഞു
റെജി കുര്യന്‍
ന്യൂഡല്‍ഹി
January 20, 2026 8:59 pm

സുപ്രീം കോടതിയെ തെറ്റിധരിപ്പിക്കാന്‍ നീക്കം നടത്തിയതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് കോടതി. മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിസ്ഥാനത്തുള്ള ഡ്രഡ്ജര്‍ അഴിമതി കേസിലാണ് കേന്ദ്ര സര്‍ക്കാരിന് കോടതി പിഴ ചുമത്തിയത്. ഡ്രഡ്ജര്‍ അഴിമതി കേസില്‍ അന്വേഷണത്തിനായി നെതര്‍ലാന്‍ഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ കേരള സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് നവംബറില്‍ കേന്ദ്രത്തിന് പട്ടിക കൈമാറി. എന്നാല്‍ കേരളം പട്ടിക നല്‍കിയില്ലെന്നാണ് ഹരിജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ ബോധിപ്പിച്ചത്.

വാദത്തെ എതിര്‍ത്ത കേരളം അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് നല്‍കിയതിന്റെ പകര്‍പ്പ് കോടതിക്ക് കൈമാറി. തുടര്‍ന്ന് ഇതിന്റെ വാസ്തവം അറിയിക്കാന്‍ എഎസ്ജിയോട് കോടതി ആവശ്യപ്പെട്ടു. താന്‍ കോടതിയില്‍ പറഞ്ഞത് ഉദ്യോഗസ്ഥര്‍ അറിയിച്ച വിവരമാണ്. ഉദ്യോഗസ്ഥരുടെ വീഴ്ച ക്ഷമിക്കണമെന്ന് രാജു കോടതിയോട് ആവശ്യപ്പെട്ടു. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, വിജയ് ബിഷ്‌ണോയി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഈ അവസരത്തില്‍ പ്രതികരിച്ചത്. 

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചെങ്കില്‍ എന്താകും സ്ഥിതിയെന്നും ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് 50,000 രൂപ പിഴ വിധിച്ചു. പിന്നീട് എഎസ്ജിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 25,000 രൂപയാക്കി കുറച്ചു. കേന്ദ്ര സര്‍ക്കാരിനാണ് പിഴയെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും അത് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.