23 January 2026, Friday

ആകാംക്ഷയാണ് അറിവെന്ന് ഓര്‍മ്മിപ്പിച്ച് സുനിത വില്യംസ്

Janayugom Webdesk
January 24, 2026 5:00 am

മാനത്തുനിന്ന് പൊട്ടിവീണ നക്ഷത്രം പോലെ ബഹിരാകാശ സ‍ഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് കേരളത്തിന്റെ മണ്ണിലെത്തി. നാസയിലെ ദീർഘനാളത്തെ സേവനത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപനമുണ്ടായി ദിവസങ്ങൾക്കകമാണ് അവർ കോഴിക്കോട്ടെത്തിയത്. സുനിത വില്യംസിനെ കാണാനും അവരുടെ വാക്കുകൾ കേൾക്കാനും ആയിരക്കണക്കിനാളുകളാണ് കടപ്പുറത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലേക്ക് എത്തിയത്. മുതിർന്നവരും കുട്ടികളുമെല്ലാം ബഹിരാകാശ സ‍ഞ്ചാരിയുടെ വാക്കുകൾ ആവേശത്തോടെ കേൾക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുനിത വില്യംസ് 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണെന്ന വിവരം പുറത്തുവന്നത്. ദിവസങ്ങൾക്കകം അവർ കേരളത്തിലെത്തിയത് ഏറെ ആഹ്ലാദം പകരുന്ന സംഭവമായി. ഉദ്ഘാടനച്ചടങ്ങിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് സംസാരിച്ചതെങ്കിലും ഏകലോകമെന്ന സ്വപ്നത്തെ കേന്ദ്രീകരിച്ചാണ് അവർ ആശയങ്ങൾ പങ്കുവച്ചത്. അതിന് ശേഷം കുട്ടികൾ ഉൾപ്പെടുന്ന വലിയ സദസിൽ ദീർഘനേരം സംസാരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ നമ്മളെല്ലാം താമസിക്കുന്ന ഒരിടം മാത്രമേ കാണുകയുള്ളൂ എന്നും അവിടെ രാജ്യങ്ങളുടെ അതിർവരമ്പുകളില്ലെന്നും അവർ വ്യക്തമാക്കി. യഥാർത്ഥത്തിൽ ബഹിരാകാശത്തുനിന്നുള്ള കാഴ്ച തന്റെ മനസിൽ പതിഞ്ഞുകിടപ്പുണ്ട്. അവിടെനിന്ന് നോക്കുമ്പോൾ രാജ്യങ്ങളെ കാണില്ല, മറിച്ച് എല്ലാവരും താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്. എല്ലാവരും ഈ ഒരൊറ്റ ഗ്രഹത്തിൽ ഒരുമിച്ചാണ് കഴിയുന്നത്. മനുഷ്യർ എന്തിനാണ് കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോൾ പ്രയാസമാണ്. എല്ലാവരും ഈ ഭൂമിയിൽ സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ് എന്നുള്ള അവരുടെ വാക്കുകൾ സമകാലിക ലോകത്തിന് വലിയ പ്രചോദനവുമാണ്. 

ലോക പൊലീസ് ചമയുന്ന അമേരിക്ക ലോക സമാധാനത്തിന് വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ എതിർപ്പുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ ബഹിരാകാശ സ‍ഞ്ചാരി, ഭൂമിയിൽ സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണെന്ന സന്ദേശം ഉയർത്തുന്നത്. അമേരിക്കയുടെ ഏറ്റവും സുപ്രധാനമായ ഒരു സ്ഥാപനത്തിൽ രണ്ടരപ്പതിറ്റാണ്ടിലേറെക്കാലം നിർണായകമായ നിരവധി ദൗത്യങ്ങളിൽ പങ്കാളിയായ ആളാണ് സുനിത വില്യംസ്. അമേരിക്കൻ നാവിക സേനയിൽ പൈലറ്റായിരുന്ന അവർ പിന്നീട് നാസയുടെ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ത്യൻ വംശജയെന്ന നിലയ്ക്ക് സുനിതയുടെ നേട്ടങ്ങളെല്ലാം രാജ്യം ആഘോഷിക്കുകയും അവരെ ഏറെ ആദരവോടെ നോക്കിക്കാണുകയുമായിരുന്നു. സുനിത വില്യംസിന്റെയും സംഘത്തിന്റെയും മൂന്നാമത്തെ ദൗത്യത്തിലുണ്ടായ സാങ്കേതിക തകരാറുകളും ബഹിരാകാശത്തിൽ നിന്നുള്ള തിരിച്ചുവരവ് വൈകിയതും അവരെ സ്നേഹിച്ചിരുന്ന എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ ഒമ്പതുമാസത്തെ നീണ്ട ആശങ്കകൾ അവസാനിപ്പിച്ച് കഴിഞ്ഞ മാർച്ചിൽ സുനിതയും സംഘവും തിരിച്ചെത്തിയ വാർത്ത നമ്മുടെ രാജ്യമുള്‍പ്പെടെ ലോകം ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ് വരവേറ്റത്. 

കുട്ടികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്നും കൂടെയുള്ളവരെ നയിക്കാനുള്ള പ്രാപ്തി നേടണമെന്നുമാണ് സുനിത വില്യംസ് ഉപദേശിച്ചത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള യാത്രയിൽ കുട്ടികളെ പിന്തുണയ്ക്കുകയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബുദ്ധിശക്തി എന്ന ഘടകത്തിലുപരി അറിവാർജിക്കാനുള്ള ആകാംക്ഷയാണ് ഒരു വ്യക്തിക്കുണ്ടാവേണ്ടതെന്നും അവര്‍ പറഞ്ഞു. ഒരു മധ്യവർഗ കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് കുടുംബമായിരുന്നു ഏറ്റവും വലിയ പ്രചോദനം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ബഹിരാകാശത്ത് മാസങ്ങളോളം തങ്ങേണ്ടി വന്നപ്പോൾ നമ്മുടെ ഭൂമി, കടലോരം, വളർത്തുമൃഗങ്ങൾ, കാറ്റ് എന്നിവയെല്ലാം തന്നിൽ നിന്ന് അകറ്റപ്പെട്ടതായി തോന്നിയിരുന്നു. തുടർന്നാണ് അവിടെയുള്ള കാര്യങ്ങൾ ഭൂമിയിലുള്ളവരെ അറിയിക്കാനുള്ള വീഡിയോ സന്ദേശങ്ങൾ ഉൾപ്പെടെയുള്ളവ ആരംഭിച്ചതെന്നും വാർത്താവിനിമയ സംവിധാനങ്ങൾ ഉള്ളതിനാൽ എല്ലാവരുമായും ആശയവിനിമയം നടത്താൻ സാധിച്ചതായും സുനിത വ്യക്തമാക്കി. തന്റെ ഔദ്യോഗിക ജീവിതവും ആശയങ്ങളും പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും യുവതലമുറയടക്കമുള്ളവർ എല്ലാ മേഖലകളിലും കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് സുനിത വില്യംസ് തന്റെ സംഭാഷണം അവസാനിപ്പിച്ചത്. സ്റ്റാർ ലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഒമ്പതുമാസത്തിലേറെ കാലം സുനിത വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽ തങ്ങേണ്ടി വന്ന സാഹചര്യത്തിൽ ഓരോ ദിവസവും അത് സംബന്ധിച്ച വിവരങ്ങൾ മലയാള മാധ്യമങ്ങൾ അടക്കം പങ്കുവച്ചിരുന്നു. വാർത്തകളിൽ നിറഞ്ഞുനിന്ന ലോകതാരത്തെ നേരിട്ടുകാണാൻ കഴിഞ്ഞതിന്റെ ആവേശം പറഞ്ഞറിയിക്കാൻ കഴിയാതെ ഒട്ടേറെപ്പേർ അതേക്കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.