24 January 2026, Saturday

പ്രതിസന്ധികള്‍ അതിജീവിച്ച ജനനന്മ

സി ആർ ജോസ്‌പ്രകാശ്
January 25, 2026 4:45 am

ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ ചെലവുകളും നിർവഹിക്കേണ്ടതു് ദേശീയപാത അതോറിട്ടിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചെയ്തുവരുന്നതു് അങ്ങനെയാണ്. എന്നാൽ കേരളത്തിൽ മാത്രം ദേശീയപാത നടപ്പിലാക്കണമെങ്കിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ 25% സംസ്ഥാനം കെട്ടിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ വാശിപിടിച്ചു. അങ്ങനെ 5,580 കോടി രൂപ മുൻകൂറായി ദേശീയപാത അതോറിട്ടിക്ക് കെട്ടിവച്ചാണ് ദേശീയപാത സാധ്യമാക്കിയതു്. ഐജിഎസ്‌ടി ക്രമീകരണവുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹതപ്പെട്ട 965.16 കോടി രൂപ ഇനിയും നൽകിയിട്ടില്ല. വിദ്യാഭ്യാസം, കൃഷി, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളിൽ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കിയതിന്റെ വിഹിതമായി കിട്ടേണ്ട 4,500 കോടിയിലധികം രൂപ തടഞ്ഞുവച്ചിരിക്കുകയാണ്. ‘എയിംസ്’ ഉൾപ്പെടെ ഒരു സ്ഥാപനവും, ഒരു പദ്ധതിയും സംസ്ഥാനത്തിന് അനുവദിക്കുന്നില്ല.

ലക്ഷക്കണക്കിന് റബ്ബർ കർഷകരാണ് സംസ്ഥാനത്തുള്ളത്. റബ്ബറിന് കിലോ ഗ്രാമിന് 250 രൂപ താങ്ങു വില നിശ്ചയിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല. മാത്രമല്ല, റബ്ബർ ഇറക്കുമതി തുടരുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി, താങ്ങുവില നൽകുന്ന ബാധ്യത സംസ്ഥാനത്തിന്റേതായി മാറി. അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണവും പ്രതികാരത്തോടെയുള്ള 50% തീരുവയും കേരളത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. സമുദ്രോല്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, തുണിത്തരങ്ങൾ ഇവയുടെ കയറ്റുമതി കുത്തനെ കുറഞ്ഞു. ഇതിന്റെ ഫലമായി ഒരു വർഷം 2,400 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നതു്. ഏറ്റവും അവസാനമായി തൊഴിലുറപ്പു പദ്ധതി തന്നെ തകർക്കുവാൻ ലക്ഷ്യമിട്ട് കേന്ദ്രം കൊണ്ടുവന്ന നിയമം മൂലം ഈ പദ്ധതിയുടെ നടത്തിപ്പിന്റെ 40% തുക സംസ്ഥാനം കണ്ടെത്തണം.

ഇതിലൂടെ ഒരു വർഷം 2300 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന ക്രൂരമായ അവഗണനയുടെ ചിത്രം ബോധ്യമാകുന്ന ഒരു കണക്ക് രേഖപ്പെടുത്താം. 2016- 17ൽ കേരളത്തിന്റെ റവന്യു വരുമാനം 75,612 കോടിയായിരുന്നു. അതിൽ 23,735 കോടി (32%) കേന്ദ്രവിഹിതമായിരുന്നു. എ ന്നാൽ 2023–24 എത്തിയപ്പോൾ ഇത് 27% ആയും 2024–25ൽ 25% ആയും കുറഞ്ഞു. 2025–26ൽ ഇനിയും കുറയാനാണ് സാധ്യത. മാർച്ച് 31 കഴിയുമ്പോൾ കൃത്യമായ കണക്കറിയാനാകും. ഈ സാമ്പത്തിക വർഷം മാത്രം കേരളത്തിന് അർഹതപ്പെട്ട 23,360 കോടി രൂപയാണ് വിവിധ ഇനങ്ങളിലായി കിട്ടാതിരിക്കുന്നത്. 2014–15 വരെ കേന്ദ്രത്തിൽ നിന്ന് കിട്ടിയ വിഹിതം അതേ ക്രമത്തിൽ തുടർന്നിരുന്നുവെങ്കിൽ, ഇന്ന് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാകുമായിരുന്നു.

വസ്തുതാപരമായ ഈ കാര്യങ്ങൾ, അതിന്റെ വിശദാംശങ്ങളോടെ പൊതുസമൂഹത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി മറ്റൊന്നാകുമായിരുന്നു. ഇക്കാര്യത്തിൽ എൽഡിഎഫ് കൂടുതൽ ജാഗ്രത കാട്ടേണ്ടത് ആവശ്യമാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ്, നിലവിലുള്ള ബാധ്യതകൾ നിറവേറ്റണമെങ്കിൽ 58,000 കോടി വേണ്ടിവരും. കരാറുകാര്‍ ഉൾപ്പെടെയുള്ളവരുടെ ബില്ലുകൾ മാറാൻ 18,400 കോടിയും ശമ്പളവും പെൻഷനും നൽകാൻ 14,600 കോടിയും 62 ലക്ഷം പേർക്ക് സാമൂഹിക പെൻഷൻ നൽകാൻ 3,135 കോടിയും കണ്ടെത്തണം. ഈ കാലയളവിൽ നിലവിലുള്ള വ്യവസ്ഥ പ്രകാരം പോലും 12,516 കോടി രൂപ കടമെടുക്കാനുള്ള അർഹത കേരളത്തിനുണ്ടായിരുന്നു. എന്നാൽ അതിലും 5,944 കോടി കഴിഞ്ഞമാസം വെട്ടിക്കുറച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ, സർക്കാരിന്റെ സാമ്പത്തിക നിലയുടെ താളംതെറ്റുകയും വിവിധ വിഭാഗങ്ങൾക്ക് നൽകേണ്ട കുടിശിക തുക നൽകാതിരിക്കുകയും മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കുകയും ചെയ്താല്‍ ഒരു വിഭാഗം ജനങ്ങളുടെയെങ്കിലും രോഷം സർക്കാരിനെതിരെ തിരിയുകയും അത് പ്രതിപക്ഷത്തിന് ഗുണമാവുകയും ചെയ്യുമെന്നും അതിൽ ഒരു പങ്ക് ബിജെപിക്ക് കിട്ടുമെന്നുമാണ് മോഡിയും അമിത്ഷായും കണക്കു കൂട്ടുന്നത്. യുഡിഎഫ് പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ഈ സ്ഥിതിവിശേഷം തന്നെ. കേരളത്തിന് അർഹതപ്പെട്ട യാതൊന്നും കിട്ടാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് യുഡിഎഫ് എംപിമാർ, പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതും ചർച്ചകളിൽ ഇടപെടൽ നടത്തുന്നതും. സാമ്പത്തികമായ ഈ പ്രതിസന്ധിഘട്ടത്തിൽ കേരളം അവതരിപ്പിക്കുന്ന ബജറ്റിനെ അതീവ ജാഗ്രതയോടെയാണ് പൊതുസമൂഹം കാണുന്നത് എന്ന് വ്യക്തം.

കേന്ദ്ര നയത്തിന്റെ രാഷ്ട്രീയ നേട്ടം ആർക്കായാലും അതിന്റെ നഷ്ടം ഏറ്റുവാങ്ങേണ്ടി വരുന്നത് കേരളത്തിലെ പൊതുസമൂഹമാണ്. എന്ത് വിമർശനം ഉന്നയിക്കുമ്പോഴും നാം കൈവരിച്ച നേട്ടങ്ങൾ തമസ്കരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. 2016ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1,66,246 രൂപയായിരുന്നത് ഒമ്പത് വർഷം പിന്നിടുമ്പോൾ 3,08,338 രൂപയായി ഉയർന്നു എന്നത് സമഗ്രമായ നേട്ടത്തിന്റെ നേർ ചിത്രമാണ് വരച്ചുകാട്ടുന്നത്. ഈ കാലഘട്ടത്തിൽ, ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെയും പ്രതിശീർഷ വരുമാനം ഈ തോതിൽ ഉയർന്നിട്ടില്ല എന്ന് കേന്ദ്രസർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ പ്രതികാരം നിറഞ്ഞ സമീപനം കൊണ്ടു മാത്രമാണ് കേരളം ഇത്രയും സാമ്പത്തിക പ്രതിസന്ധിയിലായത്.

ഈ ഘട്ടത്തിൽ, കേരളം എങ്ങനെ 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും എന്ന ചോദ്യം പ്രസക്തമാണ്. കൊടുത്തു തീർക്കുവാനുള്ള ബാധ്യതകൾ മുന്നിലുണ്ട്. അതോടൊപ്പം ന്യായമായും ഏറ്റെടുക്കേണ്ട ബാധ്യതകളുമുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പ് പ്രകടനപത്രിയിൽ പറഞ്ഞ കാര്യങ്ങളിൽ സിംഹഭാഗവും നടപ്പിലാക്കിക്കഴിഞ്ഞു. ബാക്കിയുള്ള ചിലത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സാമൂഹ്യ ക്ഷേമപെൻഷൻ 2,500 രൂപയായി വർധിപ്പിക്കുക എന്ന വിഷയം മുന്നിലുണ്ട്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കുടിശികയായിട്ടുള്ള ക്ഷാമബത്ത അനുവദിക്കൽ, ശമ്പള പരിഷ്കരണം, പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കൽ, അവശേഷിക്കുന്ന കുടുംബങ്ങൾക്ക് കൂടി വീടും ഭൂമിയും ഉറപ്പാക്കൽ, തൊഴിൽ മേഖല കൂടുതൽ വിപുലപ്പെടുത്തൽ, ഉന്നത വിദ്യാഭ്യാസവും തൊഴിലും അന്വേഷിച്ച് വിദേശത്ത് പോകുന്ന ചെറുപ്പക്കാരെ ഇവിടെ നിലനിർത്തുന്നതിന് പദ്ധതി ആവിഷ്കരിക്കൽ, എഐയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തൽ, ഒരു വർഷം പ്രവാസി സമൂഹം കേരളത്തിലേക്ക് അയക്കുന്ന ഒരു ലക്ഷത്തിലധികം കോടി രൂപയുടെ മൂന്നിലൊന്നെങ്കിലും കേരളത്തിന് പ്രയോജനപ്പെടുത്താൻ പദ്ധതി ആവിഷ്കരിക്കൽ, സിവിൽ സർവീസിന്റെ പ്രവർത്തനം കൂടുതൽ ചലനാത്മകമാക്കൽ തുടങ്ങി ധാരാളം കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

അതിനൊക്കെ പണം വകയിരുത്തേണ്ടതുമുണ്ട്. ധാരാളം പരിമിതികൾ ഉള്ളപ്പോൾത്തന്നെ തനത് വരുമാനം നല്ല തോതിൽ വർധിപ്പിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ആ വഴിയെ ഇനിയും സഞ്ചരിക്കണം. കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടത് കിട്ടുന്നതിനുവേണ്ടിയുള്ള സമരവും സമ്മർദവും തുടരണം. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസ് അനുകൂലമാക്കാൻ ജാഗ്രത കാട്ടേണ്ടതുണ്ട്. ഏതായാലും പ്രതിസന്ധികളിലൂടെ കടന്നുവന്ന എൽഡിഎഫ് സർക്കാരിന്, കൂടുതൽ ജനനന്മ ഉറപ്പാക്കുന്ന ബജറ്റ് അവതരിപ്പിക്കാൻ ഇത്തവണയും കഴിയുമെന്ന് പ്രതീക്ഷിക്കാം. (അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.