25 January 2026, Sunday

ജനങ്ങളുടെ ഭരണഘടന തിരിച്ചുപിടിക്കാം

പി സന്തോഷ് കുമാര്‍
January 26, 2026 4:35 am

1948 ഫെബ്രുവരി ഇരുപത്തിയാറാം തീയതി. കൽക്കത്തയിലെ തിരക്കേറിയ ഹൗറ സ്റ്റേഷനിലെ സുപ്രസിദ്ധ പുസ്തകക്കടയായ എ എച്ച് വീലര്‍ ആന്റ് കമ്പനിയില്‍ അന്ന് പതിവിലും ഏറെ തിരക്കുണ്ടായിരുന്നു. പത്രങ്ങളും മാസികകളും വാങ്ങാനെത്തുന്ന സ്ഥിരം മുഖങ്ങൾക്കപ്പുറം അന്ന് കടയിലെത്തിയ ജനക്കൂട്ടം ആവശ്യപ്പെട്ടത് ആ ദിവസം വിപണിയിലിറങ്ങിയ ഒരു ലഘുലേഖയായിരുന്നു. ഒരു രൂപ വിലയിൽ ഇന്ത്യൻ സർക്കാർ വില്പനയ്ക്കിറക്കിയ ഒരു ചെറുപുസ്തകം. അനിയന്ത്രിതമായ വേഗത്തിൽ ആ പുസ്തകത്തിന്റെ പതിനായിരം കോപ്പികൾ ഏതാനും ദിവസങ്ങൾക്കകം വിറ്റുപോയതോടെ ഒരു മാസത്തിനകം, അയ്യായിരം കോപ്പികൾ വീതമുള്ള രണ്ടു റീപ്രിന്റുകൾ കൂടി സർക്കാരിന് ഇറക്കേണ്ടിവന്നു.

ഒപ്പം, മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ധാരാളം കോപ്പികളും. ആർക്കും അത്ഭുതം തോന്നുന്ന വിധത്തിൽ, സ്വാതന്ത്ര്യപ്രാപ്തിയുടെ ആദ്യവർഷത്തിൽത്തന്നെ അത്രയേറെ മനുഷ്യരിൽ ആവേശം ജനിപ്പിച്ച ആ അസാധാരണമായ ചെറുപുസ്തകം ഇന്ത്യൻ ഭരണഘടനയുടെ ആദ്യത്തെ കരട് പതിപ്പായിരുന്നു! തുടർന്നുള്ള ദിവസങ്ങളിൽ‍, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മനുഷ്യരും സംഘടനകളും പുതിയ ഭരണഘടനയുടെ ഉള്ളടക്കത്തെക്കുറിച്ച് എണ്ണമറ്റ അഭിപ്രായങ്ങളും നിർദേശങ്ങളും ഭരണഘടനാ നിർമ്മാണസഭയ്ക്ക് അയയ്ക്കുകയുണ്ടായി. ഈ നിർദേശങ്ങൾ ഭരണഘടനാ നിർമ്മാണസഭ സൂക്ഷ്മമായി പരിശോധിച്ച് ചർച്ച ചെയ്തു. കരട് പതിപ്പ് ഇറങ്ങുന്നതിന് മുമ്പും ധാരാളം നിർദേശങ്ങൾ ഇന്ത്യയുടെ പല ഭാഗത്തുനിന്നും സാധാരണ ജനങ്ങൾ അയച്ചിരുന്നു.

അങ്ങനെ ലൈംഗികത്തൊഴിലാളികൾ മുതൽ ഇറച്ചിവെട്ടുകാർ വരെയും, ആദിവാസി വിദ്യാർത്ഥി സംഘടനകൾ മുതൽ വഴിയോരക്കച്ചവടക്കാർ വരെയും സജീവമായി ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ പങ്കാളികളായി. അടുത്തകാലം വരെ അദൃശ്യമായിരുന്ന ഭരണഘടനാ നിർമ്മാണത്തിലെ ഈ ജനകീയമായ വേരുകൾ വെളിച്ചത്തേക്കെത്തിച്ചത് ഓർണിത് ഷാനി, രോഹിത് ദേ എന്നിവർ ചേർന്ന് കഴിഞ്ഞ വർഷം എഴുതിയ ‘Assem­bling India’s Con­sti­tu­tion: A new Demo­c­ra­t­ic His­to­ry’ എന്ന പുസ്തകമാണ്. ഭരണഘടനാ നിർമ്മാണസഭയിലെ 299 അംഗങ്ങൾ, 165 ദിവസങ്ങളോളം നിരന്തരമായി സംവദിച്ചും, വിയോജിച്ചും, സമവായത്തിൽ എത്തിയുമാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് എന്ന മുഖ്യധാരാ ബോധ്യങ്ങൾക്കപ്പുറത്ത്, നമ്മുടെ ഭരണഘടനയുടെ ഉറവിടം ഒരു വരേണ്യകേന്ദ്രീകൃത പ്രക്രിയ ആയിരുന്നില്ലെന്നും, മറിച്ച് അതിവിശാലമായ ഇന്ത്യൻ പൊതുസമൂഹവുമായി നടന്ന സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഒന്നാണെന്നും ആണ് ഗ്രന്ഥകർത്താക്കൾ പറയുന്നത്.

ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ മുതൽ സനാതന ഹിന്ദുക്കൾ വരെയും, വടക്കുകിഴക്കൻ മേഖലയിലെ ആദിവാസി സമൂഹങ്ങൾ മുതൽ ഭാഷാപ്രസ്ഥാനങ്ങൾ വരെയും, അംഗവൈകല്യമുള്ളവരുടെ കൂട്ടായ്മകൾ മുതൽ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘങ്ങൾ വരെയുമുള്ള പൊതുസമൂഹത്തിന്റെ വൈവിധ്യവും സജീവവുമായ പങ്കാളിത്തത്തോടുകൂടിയാണ് ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പൊതുസമൂഹം നിർജീവവും രാഷ്ട്രീയബോധമില്ലാത്തതുമായിരുന്നു എന്ന ധാരണയെയാണ് ഈ ആഖ്യാനം മാറ്റിമറിച്ചത്. നമ്മുടെ ഭരണഘടന വെറുമൊരു നിയമസംഹിത മാത്രമല്ല; രാജ്യത്തെ മുഴുവൻ ജനതയുടെയും പൊതുവായ ആശയാഭിലാഷങ്ങളുടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയും ശക്തമായ പ്രതിഫലനം ഉൾക്കൊള്ളുന്ന ജീവത്തായ ഒരു രേഖയാണ് എന്നതിന് ഇതിലേറെ തെളിവുകൾ ആവശ്യമില്ല.

ഈ ഭരണഘടനയുടെ സവിശേഷത കൊണ്ടുതന്നെയാണ് നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ പല കോളോണിയൽ രാജ്യങ്ങളും ഇന്ന് പട്ടാളഭരണത്തിന്റെയും വംശയുദ്ധത്തിന്റെയും വിഘടനവാദങ്ങളുടെയും പിടിയിൽ അമർന്നിട്ടും, ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി തുടരുന്നത്. വാസ്തവത്തിൽ, വിഭജനവും വർഗീയ കലാപങ്ങളും വിതച്ച, കലുഷിതവും അസ്ഥിരവുമായ ഒരു സാമൂഹ്യ–രാഷ്ട്രീയ സാഹചര്യത്തിൽ, ഇന്ത്യയെ ഒരു ആധുനിക ജനാധിപത്യരാഷ്ട്രമാക്കി രൂപപ്പെടുത്താനുള്ള ദൃഢനിശ്ചയം ജനതയ്ക്കുണ്ടായിരുന്നു എന്നും, ഭരണഘടനയെ ഒരു സാമൂഹ്യ–രാഷ്ട്രീയ മാർഗരേഖയായി മാറ്റിയത് ജനങ്ങളുടെ ഈ ഇച്ഛാശക്തി കൂടിയാണ് എന്നുമുള്ള തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. ഏറ്റവും രസകരമായ കാര്യം, കഴിഞ്ഞ വർഷം ഇന്ത്യൻ പാർലമെന്റിൽ നടന്ന ഭരണഘടനാ ചർച്ചയിൽ പോലും പൊതുജനങ്ങൾ സ്വയം ഭരണഘടനാ ചരിത്രത്തിന്റെ ഭാഗമായ ഐതിഹാസികമായ ഓർമ്മകൾ ആരും പങ്കുവച്ചില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ഓർമ്മിക്കേണ്ടതും, വീണ്ടെടുക്കാൻ ശ്രമിക്കേണ്ടതും ഭരണഘടനയുടെ ജനകീയമായ ഉറവിടങ്ങളെയാണ്.

തലസ്ഥാനനഗരിയിലെ ആചാരപരമായ ചടങ്ങുകളും, ശക്തിപ്രകടനങ്ങളും, രാഷ്ട്രീയ അനുഷ്ഠാനങ്ങളും നിറഞ്ഞുനിൽക്കുന്ന ഒന്നായിട്ടാണ് റിപ്പബ്ലിക് ദിനത്തെക്കുറിച്ചുള്ള പൊതുബോധം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും, പരമാധികാരമുള്ള ഒരു ഭരണകൂടത്തിന്റെ അനിയന്ത്രിതമായ ശക്തിയും ഓജസും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന ബിംബങ്ങളിൽ മുഖ്യധാരാമാധ്യമങ്ങളും, സമൂഹമാധ്യമങ്ങളും അഭിരമിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തരം നിശ്ചലദൃശ്യങ്ങളേക്കാൾ റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ഓർമ്മിക്കേണ്ടത് ഭരണാധികാരികൾ അധികാരം കൈകാര്യം ചെയ്യുന്നവർ മാത്രമാണ്, അതിന്റെ ഉടമസ്ഥരല്ല എന്ന യാഥാർത്ഥ്യമാണ്. ഈ അടിസ്ഥാന സത്യമാണ് ഭരണഘടനയുടെ നൈതിക അടിത്തറയും സാമൂഹ്യദർശനവും വെളിപ്പെടുത്തുന്നത്. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്ന വാചകത്തോടെ ആരംഭിക്കുന്ന ഭരണഘടന, അധികാരത്തിന്റെ യഥാർത്ഥ ഉറവിടവും ഉടമസ്ഥതയും ജനങ്ങളിലാണ് എന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് മാർഗനിർദേശങ്ങളും പൗരന്മാർക്ക് അവകാശങ്ങളും നൽകുന്ന ഒരു സാധാരണ നിയമരേഖയായി നമ്മൾ ഭരണഘടനയെ ചുരുക്കിക്കാണാൻ പാടില്ല.

വൈവിധ്യമാർന്ന ഭാഷകളും മതങ്ങളും ജാതികളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ജനത, എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം, സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും അടിസ്ഥാനത്തിൽ പൊതുവായ ഒരു രാഷ്ട്രീയചട്ടക്കൂട് നിർമ്മിക്കാൻ എടുത്ത ബോധപൂർവമായ തീരുമാനത്തിന്റെ ജൈവികമായ രേഖയാണ് നമ്മുടെ ഭരണഘടന. അത് ഉറപ്പ് വരുത്തുന്നത്, രാഷ്ട്രവും പൗരന്മാരും തമ്മിലുള്ള സാമൂഹിക ഉടമ്പടിയാണ്. അതിനാൽ ഒരു ഭരണനിർവഹണ ചട്ടക്കൂട് എന്നതിലപ്പുറം ജനങ്ങളുടെ പൊതുവായ ഇച്ഛയ്ക്ക് രാഷ്ട്രീയ രൂപം നൽകുന്ന കരാറാണത്. ഈ കരാറാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നിലനില്പിന്റെ അടിത്തറ എന്ന ചരിത്രസത്യം നമ്മൾ മറന്നുപോകരുത്. “ഈ ഭരണഘടനയുടെ വേരുകൾ, അതിന്റെ അധികാരശക്തി, പരമാധികാര സ്വഭാവം എന്നിവയെല്ലാം തന്നെ ജനങ്ങളിൽ ഊന്നിനിൽക്കേണ്ടതാണെന്ന ഈ സഭയിലെ ഓരോ അംഗത്തിന്റെയും ആഗ്രഹം ഭരണഘടനയുടെ ആമുഖത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്ന്” അംബേദ്കർ പറഞ്ഞത് അതുകൊണ്ടാണ്.

സ്വാതന്ത്ര്യം കിട്ടിയ ഉടൻ ‘പ്രായപൂർത്തി വോട്ടവകാശം’ എന്ന തീരുമാനത്തിലൂടെ ‘ജനങ്ങളായ നമ്മൾ’ എന്ന വാക്കുകളുടെ അർത്ഥം പ്രയോഗത്തിൽ വരുത്തിയതും, സൈന്യത്തെ ജനായത്ത സ്ഥാപനങ്ങളിൽ നിന്നും ഒരു കയ്യകലത്തിൽ മാറ്റിനിർത്തിയതും, അമിതാധികാരത്തിനുള്ള എല്ലാ പ്രവണതകളെയും മറികടക്കാനുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയതും ഭരണഘടനയുടെ ജനകീയമായ ഉറവിടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മെ ഭരിക്കുന്നത് ഈ മൂല്യങ്ങളിൽ വിശ്വാസമില്ലാത്ത, ഭരണഘടനയുടെ ജനകീയമായ അന്തഃസത്തയെത്തന്നെ നിരാകരിക്കുന്ന, ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ ഒരു തരത്തിലും പ്രതിനിധീകരിക്കാത്ത ഒരു പ്രത്യയശാസ്ത്രമാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയാണ്. അതുകൊണ്ടുതന്നെ ഭരണഘടനാമൂല്യങ്ങളെ ദുർബലമാക്കി, ജനാധിപത്യത്തെ ഭൂരിപക്ഷത്തിന്റെ ആധിപത്യമാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. പാർലമെന്റും കോടതികളും തെരഞ്ഞെടുപ്പ് കമ്മിഷനും അടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളെ ദുർബലവും അസ്ഥിരവുമാക്കിക്കൊണ്ടാണ് അവർ ഭരണഘടനയെ ഉള്ളിൽ നിന്നും നശിപ്പിക്കാൻ ശ്രമിക്കുന്നത്.

എത്ര പെട്ടെന്നാണ് മതം നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ പാടെ തിരസ്കരിച്ചുകൊണ്ട് പൗരത്വത്തിന്റെ അടിസ്ഥാന പ്രമാണമായി മാറിയത് എന്നോർക്കുക. കേരളത്തിൽ പോലും മതനിരപേക്ഷ പാരമ്പര്യത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് സാമുദായിക ശക്തികൾ ഉയർന്നുവരുന്നത് നമ്മൾ ഗൗരവത്തോടെ കാണണം. അതുകൊണ്ടുതന്നെ, ഈ റിപ്പബ്ലിക് ദിനത്തിൽ, ഭൂരിപക്ഷ വംശീയതയുടെ വെല്ലുവിളികളെ നേരിടേണ്ടത് ഭരണഘടനയുടെ ജനകീയവും ബഹുസ്വരവുമായ മൂല്യങ്ങൾ ആവർത്തിച്ചുറപ്പിച്ചുകൊണ്ടായിരിക്കണം. നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ അധികാരി ജനങ്ങളാണ്. ഭരണഘടന എല്ലാ അധികാരവും നൽകിയിരിക്കുന്നത് നമുക്കാണ്. നമ്മൾ — വി ദ പീപ്പിള്‍ — തന്നെയാണ് ഭരണഘടനയെ ദുർബലമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടത്. നമ്മുടെ പ്രതിരോധത്തിന്റെ ശക്തിയിലാണ് ഭരണഘടനയുടെ ഭാവി എന്ന് തിരിച്ചറിയണം. ഭരണഘടനയുടെ ഭാവി ഒരിക്കലും ആ പേജുകളിൽ എഴുതപ്പെട്ടിട്ടില്ല. നമ്മൾ പിൻപറ്റുന്ന രാഷ്ട്രീയമൂല്യങ്ങളിലും നമ്മുടെ നിശബ്ദതയിലും പ്രതികരണങ്ങളിലും ആണ് അതെഴുതപ്പെടുന്നത്. അതിനാൽ, ഭരണഘടനയെ ജനങ്ങൾ വീണ്ടെടുക്കുക എന്ന ആശയം ഒരു വൈകാരികമായ ആഹ്വാനം മാത്രമല്ല, സമകാലിക ഇന്ത്യയുടെ ബൗദ്ധികവും രാഷ്ട്രീയവുമായ അനിവാര്യതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.