
മുഗൾ കാലഘട്ടം അനവധി പണ്ഡിതരുടെ, കവികളുടെ, എഴുത്തുകാരുടെ കാലമായിരുന്നു. അബ്ദുൾ ഫസൽ, നിസാമുദ്ദീൻ അഹമ്മദ്, അബ്ബാസ് ഷെർവാനി തുടങ്ങിയ ഭക്തി കവികൾ, സൂഫീ കവികൾ. രാമായണം, മഹാഭാരതം, പഞ്ചതന്ത്ര, ഭഗവദ് ഗീത, അഥർവവേദം തുടങ്ങിയവ പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്ത് ലോകത്തിന് പരിചയപ്പെടുത്തിയത് മുല്ല അബ്ദുൾ ഖദീർ ബദയുനി എന്ന മഹാപണ്ഡിതൻ. പണ്ഡിതരായ അബ്ദുൾ ഫസൽ ആണ് ഐനി ഐ അക്ബറി, അക്ബർ നാമ എന്നിവ എഴുതിയത്. പണ്ഡിതർ മഹദ്കർമ്മങ്ങളിൽ മുഴുകിയത് മഹാനായ അക്ബറിന്റെ പ്രോത്സാഹനത്തിന്റെ ഫലമായി. ഷാജഹാൻ ചക്രവർത്തിയുടെ മകനായ ദാരാ ഷിക്കോ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരമായ ഉപനിഷദ് പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തു.
അശോകൻ ‘ധര്‍മ്മ’ത്തെ അടിസ്ഥാനമാക്കിയ ഒരു സദാചാര സമൂഹത്തെ വിഭാവനം ചെയ്തെങ്കിൽ അക്ബർ ‘സുൽഹ് ഇ കുൽ’ അഥവാ ‘സമ്പൂർണ സമാധാനം‘എന്ന തത്വത്തിൽ ഊന്നിയ ഭരണരീതി ആവിഷ്കരിച്ചു. രാജാവ് ദൈവത്തിന്റെ നിഴലാണെന്നും അതിനാൽ ദൈവത്തിന്റെ എല്ലാ സൃഷ്ടികളോടും പക്ഷഭേദമില്ലാതെ പെരുമാറണമെന്നും അക്ബർ സിദ്ധാന്തിച്ചു. അക്ബറിന്റെ കാലത്താണ് തുളസിദാസൻ ഒരു പള്ളിയിൽ ഇരുന്ന് ‘രാമചരിതമാനസം’ രചിച്ചതെന്നും ചൈതന്യ വിഭാഗത്തിലെ കൃഷ്ണഭക്തർക്ക് അദ്ദേഹം സാമ്പത്തിക സഹായം നൽകിയിരുന്നു എന്നതും ചരിത്ര വസ്തുതകളാണ്. ഷാജഹാൻ ഒരു വൈഷ്ണവ ക്ഷേത്രത്തിനു നൽകിയ സഹായത്തിൽ ‘ക്ഷേത്രങ്ങളിൽ വിളക്ക് തെളിയിക്കുന്നത് ദൈവാരാധനയാണ്’ എന്ന് രേഖപ്പെടുത്തി. ദാരാഷിഖോ ഉപനിഷദ് തർജമ ചെയ്തതിനു ശേഷം, ‘മജ്മ ഉൽ ബഹ്റൈൻ’ (രണ്ട് സമുദ്രങ്ങളുടെ സംഗമം) എന്ന കൃതിയിലൂടെ ഇസ്ലാമും ഹിന്ദുമതവും അടിസ്ഥാനപരമായി ഏക ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ മതങ്ങളാണെന്ന് വാദിച്ചു.
മുഗൾ സാമ്രാജ്യം സഹിഷ്ണുതയും സാഹോദര്യവും ഉയർത്തിപ്പിടിച്ചു. സർവമത സൗഹാർദത്തിന്റെ പ്രതീകമായ മുഗളന്മാരെ ഇന്ത്യാ ചരിത്രത്തിൽ നിന്നും നീക്കം ചെയ്തു അസഹിഷ്ണുതയുടെ പര്യായമായ ആർഎസ്എസ്, ടിപ്പു സുൽത്താനെയും ഹൈദർ അലിയെയും അവർ പഠിപ്പിക്കില്ല ടിപ്പു പല അമ്പലങ്ങളെയും സഹായിച്ചിട്ടുണ്ട് എന്നു പറയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വെടിയുണ്ടയേറ്റ് മരിച്ച ഏക രാജാവ് ടിപ്പുവാണ് എന്ന് പറയില്ല. സംഘ്പരിവാർ പ്രാചീന ഇന്ത്യയെ പുനർ വ്യാഖ്യാനിക്കുന്നു. ഇന്ത്യ അതായത് ഭാരതം എന്ന ആശയത്തെ കാലക്രമേണ പരിണമിച്ചുണ്ടായ ഒന്നായി കാണുന്നതിനു പകരം പുരാതന കാലം മുതൽ മാറ്റമില്ലാതെ നിലനിൽക്കുന്ന ഏകശിലാത്മകമായ ഒന്നായി അവതരിപ്പിക്കുന്നു. ഉപഭൂഖണ്ഡത്തിലേക്ക് ആര്യൻ കുടിയേറ്റം ഉണ്ടായിട്ടില്ലെന്നും മറിച്ച് ആര്യന്മാരുടെ ഉറവിടം ഇന്ത്യയാണെന്നും, അവിടെ നിന്ന് അവർ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുകയാണ് ഉണ്ടായതെന്നും ചിത്രീകരിക്കുന്നു പഠിപ്പിക്കാൻ പാഠ്യപദ്ധതി തയ്യാറാക്കി കഴിഞ്ഞു. വൈദിക കാലഘട്ടത്തെ ജാതി വ്യവസ്ഥ, സ്ത്രീ പീഡനം തുടങ്ങിയ സാമുഹിക തിന്മകൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടമായി ചിത്രീകരിക്കുന്നു. പൂർണമായ ചരിത്രധ്വംസനമാണ് അവർ നടത്തുന്നത്.
അതേസമയം മധ്യകാലഘട്ടത്തെ ഇരുണ്ട കാലഘട്ടമായി ചിത്രീകരിക്കുന്നു. വിദേശികളായ മുസ്ലിം ഭരണാധികാരികൾ ഇന്ത്യയുടെ മഹത്തായ പൗരാണിക നേട്ടങ്ങളെ നശിപ്പിച്ചു എന്നും ജാതി വ്യവസ്ഥ, പർദ, സതി, വിധവകളോടുള്ള വിവേചനം അടിമത്തം തുടങ്ങിയ സാമൂഹിക തിന്മകൾ ഇവിടെ നടപ്പിലാക്കിയെന്നും പറയുന്നതിലൂടെ അവർ ചരിത്രത്തെ ക്രൂരമായി ദുർവ്യാഖ്യാനിക്കുന്നു. ആധുനിക ഇന്ത്യയിലെ കൊളോണിയലിസത്തെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു. 1857 മുതൽ 1947 വരെയുള്ള ഇന്ത്യയുടെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക ചരിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ ഇന്ത്യയുടെ സമ്പത്ത് ചോർച്ച ഉൾപ്പെടെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. 1943–44ലെ ബംഗാൾ ക്ഷാമം പോലെയുള്ള ദുരന്തം പഠിപ്പിക്കുന്നില്ല. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിൽ ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പാഠ്യഭാരം ലഘൂകരിക്കാൻ എന്ന പേരിൽ വ്യാപകമായ ഒഴിവാക്കൽ നടത്തി. ഇതിന്റെ ഫലമായി പൗരാണിക കാലത്തെ ജാതിവിവേചനത്തെ കുറിച്ച് മൗനം അവലംബിക്കുമ്പോൾ മധ്യകാല ഇന്ത്യയിൽ അവ നിലനിന്നു എന്ന് പറയുന്നു. ഇതിലൂടെ അപര വിദ്വേഷം വളർത്തുന്നു.
മധ്യകാലത്തെ സമന്വയ സംസ്കാരത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നില്ല. ഹിന്ദു — മുസ്ലിം വാസ്തുവിദ്യയുടെ സമന്വയം, കേളി കേട്ട സാഹിത്യം, സംഗീതം ഇവയൊന്നും കുട്ടികൾ അറിയുന്നില്ല. മഹാപണ്ഡിതരായ മുഗൾ സമ്രാട്ടുകളെ കുറിച്ചും അവരുടെ സഹിഷ്ണുതയെ കുറിച്ചും ആധുനിക ഇന്ത്യ അറിയരുത് എന്ന് ആർഎസ്എസിന് നിർബന്ധമുണ്ട്. നാഥുറാം ഗോഡ്സെ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്നു എന്ന് കുട്ടികൾ അറിയരുത്. മതേതര ജനാധിപത്യ ആശയങ്ങളുടെ പ്രതീകമായ ജവഹർലാലിനെ ചരിത്രത്തിൽ നിന്ന് പുറംതള്ളി. മൗലാനാ ആസാദിനെ നിഷ്കാസനം ചെയ്തു. നവോത്ഥാന നായകരുടെ ദർശനങ്ങൾ വേണ്ടേവേണ്ട. സമ്പൂർണമായ ചരിത്ര ധ്വംസനം നടക്കുന്നു. സവർക്കറും ഗോൾവാല്‍ക്കറും ആണ് മഹാപ്രതിഭകൾ എന്ന് പഠിപ്പിക്കുന്നു. ഈ വിധത്തിൽ നീങ്ങിയാൽ മഹാത്മാവ് ചരിത്രത്തിൽ നിന്ന് നിഷ്കാസിതനാകുന്നതിന് അധികം സമയം വേണ്ട. അന്ധവിശ്വാസങ്ങളും യുക്തിരഹിത ചിന്തകളും സമൂഹ മസ്തിഷ്കത്തിൽ ആധിപത്യം ചെലുത്തണമെന്ന് അവർക്ക് നിർബന്ധമുണ്ട്.
ശാസ്ത്രീയ ചിന്താഗതി പാടില്ല എന്ന് അവർ ശഠിക്കുന്നു. ഗണപതിയെ ഉദാഹരിച്ച് പ്ലാസ്റ്റിക് സർജറി ആദ്യമായി നടന്നത് ഇന്ത്യയിലാണെന്ന് പറയുന്നു. ഹനുമാൻ ആണ് ആദ്യ ബഹിരാകാശ സഞ്ചാരി എന്ന് കേന്ദ്രമന്ത്രിമാർ തന്നെ പ്രസംഗിക്കുന്നു. പ്രധാനമന്ത്രി ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് ശാസ്ത്രവിരുദ്ധ കാര്യങ്ങൾ ശാസ്ത്രജ്ഞരുടെ മുന്നിൽ വച്ച് പറയുന്നു. ആധുനിക ബാലസ്റ്റിക് മിസൈലുകളുടെ ആദിമ രൂപങ്ങളത്രെ ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും വജ്രാസ്ത്രവും മറ്റും. മതം ആചാരങ്ങൾ മാത്രമാകുന്നു. മതം അതിന്റെ ഔന്നത്യങ്ങളിൽ നിന്ന് താഴോട്ടു വന്ന് അന്ധവിശ്വാസങ്ങളുടെയും യുക്തിരഹിത ചിന്തകളുടെയും പ്രാകൃതമായ ആചാരങ്ങളുടെയും കേളീരംഗമായി മാറി. ആർഎസ്എസ് അതിനെ അങ്ങനെ മാറ്റിയെടുത്തു. പൗരോഹിത്യം രാജ്യം അടക്കിവാഴുന്നു. ചാതുർവർണ്യം അഭംഗുരം തുടരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ ഭൂതകാലത്തിന് അതിന്റെ സമ്പന്നമായ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അവഗണിച്ച് ഏകശിലാത്മകമായ ആഖ്യാനം ഒരുക്കുന്നു. സമൂഹത്തിൽ ബ്രാഹ്മണ്യം അടിച്ചേല്പിക്കുന്നു. ന്യൂനപക്ഷങ്ങളെ, ദളിത് ആദിവാസികളെ പാർശ്വവല്‍ക്കരിക്കുന്നു, ചവിട്ടിപ്പുറത്താക്കുന്നു. ഇത്തരം മനുഷ്യവിരുദ്ധമായ ചരിത്ര നിർമ്മിതികൊണ്ട് രാജ്യത്തിന്റെ മസ്തിഷകത്തെ അവർ ജീർണിപ്പിച്ചു.
ഭരണഘടന പറയുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന ഉജ്വലമായ ആശയത്തെ പൂർണമായും തള്ളിക്കളയലാണ് ചരിത്ര നിർമ്മിതികൊണ്ട് അവർ ലക്ഷ്യമിടുന്നത്. ഹിന്ദുത്വം മാത്രമാണ് ശരി എന്ന ചിന്ത പടരണം. അതാണ് ലക്ഷ്യം. മറ്റു മതങ്ങളോട് അസഹിഷ്ണത പുലർത്തണം. ഗുരുദർശനങ്ങളും ഗാന്ധിയൻ ചിന്തകളും അവർക്ക് അന്യമാണ്. അംബേദ്കറുടെ പേരു് കേള്‍ക്കുന്നതുതന്നെ അവർക്ക് ചതുർത്ഥിയാണ്. ഇന്നത്തെ റിപ്പബ്ലിക്കിന്റെ സ്ഥിതിയാണിത്. ഇന്ത്യയുടെ മഹത്തായ ചരിത്രം, അതിന്റെ വൈവിധ്യങ്ങൾ, ബഹുസ്വരത, സഹിഷ്ണുതാ സ്വഭാവം, സാഹോദര്യം എന്നിവ പഠിപ്പിക്കാൻ ഇടതുപക്ഷ മതേതര പ്രവർത്തകർ തയ്യാറാകണം. ‘നൂറു കൊല്ലം കൊണ്ട് ആർഎസ്എസ് ഇന്ത്യ പിടിച്ചടക്കിയത് ചരിത്രത്തെയും, രാജ്യത്തിന്റെ ഉജ്വലമായ സാംസ്കാരിക പൈതൃകത്തെയും ദുർവ്യാഖ്യാനിച്ചുകൊണ്ടും വിദ്യാഭ്യാസ മേഖലയിൽ അവർക്കിഷ്ടമുള്ള പാഠ്യപദ്ധതികൾ ഉൾപ്പെടുത്തിയുമാണ്. സൗകര്യപ്രദമായതിനെ സ്വീകരിക്കുകയും അസൗകര്യമായതിനെ തിരസ്കരിക്കുകയും ചെയ്യുന്ന രീതി. ഇതിനെതിരെ ശക്തമായ ആശയ പ്രചരണം നടത്തുക, വസ്തുനിഷ്ഠമായി ചരിത്രം പഠിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ കടമ. യഥാർത്ഥചരിത്രം ഉണ്ടെങ്കിലെ ജനാധിപത്യം നിലനിൽക്കുകയുള്ളു എന്നോർക്കുക. (അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.