27 January 2026, Tuesday

പി ആർ നമ്പ്യാർ പുരസ്കാരം പന്ന്യൻ രവീന്ദ്രന്

Janayugom Webdesk
പത്തനംതിട്ട
January 27, 2026 8:53 pm

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ, അധ്യാപകപ്രസ്ഥാനത്തിന്റെ അമരക്കാരനും കമ്മ്യൂണിസ്റ്റ് പണ്ഡിതനുമായിരുന്ന പി ആർ നമ്പ്യാരുടെ സ്മരണാർത്ഥം നല്കിവരുന്ന പുരസ്കാരത്തിന് ഈ വർഷം പന്ന്യൻ രവീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 11ാമത് പുരസ്കാരമാണിത്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ഭൂമികയിൽ ലാളിത്യവും കമ്മ്യൂണിസ്റ്റ് പ്രവർത്തന ശൈലികൊണ്ടും നാടിനുവേണ്ടിയുള്ള സമർപ്പിത ജീവിതവുംകൊണ്ട് കേരളീയ പൊതുജീവിതത്തിൽ പ്രവാഹമായി മാറിയ മനുഷ്യനാണ് പന്ന്യൻ.
പന്ന്യൻ എന്ന നാമധേയം തന്നെ കേരളത്തിന് സുപരിചിതം. ഏത് മുക്കിനും മൂലയിലും അദ്ദേഹത്തിന്റെ ശബ്ദം പ്രതിഫലിച്ചിട്ടുണ്ട്.

വിദ്വത് സദസുകളിൽ മാത്രമല്ല, ഏത് ഓണം കേറാമൂലയിലും സഖാവ് പന്ന്യനായി ഒരു ജനത എപ്പോഴും കാത്തിരുപ്പുണ്ടായിരിക്കും. ജീവിതം കൊണ്ട് നാട്ടിലാകെ പ്രകാശം പരത്തുന്ന മനുഷ്യനാണ് സഖാവ് പന്ന്യൻ രവിന്ദ്രനെന്ന് പുരസ്കാര സമിതി വിലയിരുത്തി. എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് അടൂരിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സദസ് ഉദ്ഘാടനം ചെയ്യും. വി കെ സുരേഷ് ബാബു സാംസ്ക്കാരിക പ്രഭാഷണം നടത്തും. എൻ ശ്രീകുമാർ അധ്യക്ഷനായ പുരസ്കാരസമിതിയാണ് അവാർഡിനായി പന്ന്യനെ തെരഞ്ഞെടുത്തത്. 11,011 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.