
നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രം ഏര്‍പ്പെടുത്തിയ കടമെടുക്കല്‍ നിയന്ത്രണങ്ങള്‍ കാരണമുണ്ടായ 21,000 കോടിയിലധികം രൂപയുടെ വിഭവശേഷി വിടവ് പരിഹരിക്കുന്നതിന് ബജറ്റില്‍ കേരളത്തിന് പ്രത്യേക ധനകാര്യ തിരുത്തല്‍ പാക്കേജ് വേണമെന്ന് സിപിഐ. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ രാജ്യസഭാ എംപി പി സന്തോഷ്കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന അസാധാരണ സാമ്പത്തിക സമ്മര്‍ദത്തിന് അടിയന്തരവും സത്വരവുമായ ഇടപെടല്‍ ആവശ്യമാണ്. അടിയന്തര, രാഷ്ട്രീയ, സാമ്പത്തിക, ജനാധിപത്യ ആശങ്കകളും യോഗത്തില്‍ അവതരിപ്പിച്ചു. വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്കരണം (എസ്ഐആര്‍) സംബന്ധിച്ച് ഗുരുതരമായ ആശങ്കകളും ഉന്നയിച്ചു. സംസ്ഥാനത്തുടനീളം ‘പ്രത്യേക തീവ്ര ഒഴിവാക്കല്‍’ ആയി മാറി. ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ ഭരണാധികാരികളെ തെരഞ്ഞെടുക്കണം, എന്നാല്‍ ഇന്ത്യയില്‍ നേരെ വിപരീതമായ കാര്യമാണ് സംഭവിക്കുന്നത്. ഇവിടെ ഭരണാധികാരികള്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന് അതിവേഗം ഉന്മൂലന കമ്മിഷനായി മാറുകയാണെന്ന് എംപി കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള ഓപ്പറേഷന്റെ പേരില്‍ നിരപരാധികളായ ആദിവാസികളെ ലക്ഷ്യം വയ്ക്കുന്നതിനെയും സിപിഐ അപലപിച്ചു. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കി, പ്രവര്‍ത്തനത്തിന്റെ പൂര്‍ണ വിശദാംശങ്ങളും നിലവിലെ അവസ്ഥയും സര്‍ക്കാര്‍ പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നിവയ്ക്കണം. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണികള്‍ക്കോ, വെനിസ്വേലയിലെ സാഹചര്യം പോലുള്ള അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കോ, ഗ്രീന്‍ലാന്റ് പിടിച്ചെടുക്കുമെന്ന ഭീഷണികള്‍ക്കോ ശക്തമായ പ്രതികരണം നല്‍കിയില്ലെന്നും ഇന്ത്യയുടെ സ്വതന്ത്രവിദേശനയ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതുപ്രകാരം ആശാ വര്‍ക്കര്‍മാരുടെ വേതനം ഉടന്‍ വര്‍ധിപ്പിക്കണം. വേതന വിതരണം താമസിക്കുന്നതും വിഹിതവും തൊഴില്‍ ദിനങ്ങളും കുറയ്ക്കുന്നതും ഗ്രാമീണ ഉപജീവനമാര്‍ഗങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കാര്‍ഷിക ദുരിതത്തിലും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയിലും തൊഴിലുറപ്പ് പദ്ധതി നിര്‍ണായക തൊഴില്‍-വരുമാന സഹായ സംവിധാനമാണ്. അത് വികസിപ്പിക്കുകയും പൂര്‍ണമായും ധനസഹായം നല്‍കുകയും വേണം. ഒപ്പം തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
കര്‍ഷക വിരുദ്ധ വിത്ത് ബില്ലിനെയും പാര്‍ട്ടി എതിര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സേഡ് പദ്ധതികളില്‍ കേന്ദ്ര വിഹിതം 74ഃ25 ആയി വര്‍ധിപ്പിക്കണം. അതുവഴി സംസ്ഥാനങ്ങള്‍ക്ക് ക്ഷേമ വികസന പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ജനങ്ങളുടെ ഉപജീവന സുരക്ഷയുടെയും താല്പര്യങ്ങള്ക്കായി വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐ ഊന്നിപ്പറഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് യോഗത്തില്‍ അധ്യക്ഷനായി.
നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രില്‍ രണ്ടുവരെയാണ് നടക്കുക. ഫെബ്രുവരി ഒന്നിനാ ബജറ്റ് അവതരിപ്പിക്കുക. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാര്‍ച്ച് ഒമ്പത് മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.