
മുംബൈ പൊലീസ് ചമഞ്ഞ് 18.15 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി പനകികിൽ പുരയിടം വീട്ടിൽ മുഹമ്മദ് ഷുഹൈബിനെയാണ് രഹസ്യമായി ദുബായിലേക്ക് കടക്കുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസ് പിടികൂടിയത്. മതിലകം കൂളുമുട്ടം സ്വദേശിയായ വയോധികനെയും ഭാര്യയെയും വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. മുബൈ സലാർ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും ഡിജിറ്റൽ അറസ്റ്റാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തുക തട്ടിയെടുത്തത്. കേസിലെ മറ്റു പ്രതികളായ കോഴിക്കോട് ബാലുശേരി സ്വദേശികളായ കുന്നോത്ത് വീട്ടിൽ അർജുൻ, ചെമ്പകത്ത് വീട്ടിൽ ഷിദിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2025 ഡിസംബർ 15 രാവിലെയാണ് പ്രതി പരാതിക്കാരനെ വിളിച്ചത്. പരാതിക്കാരനെതിരെ കള്ളപ്പണമിടപാട് കേസുണ്ടെന്നും ഭാര്യയോടൊപ്പം മുംബൈ കോടതിയിൽ എത്തണമെന്നും ഇല്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. മുംബൈയിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ പരാതിക്കാരനോടും ഭാര്യയോടും വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ടു. നിങ്ങൾ വെർച്ച്വൽ അറസ്റ്റിലാണെന്നും ജഡ്ജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചാൽ നിങ്ങളുടെ അറസ്റ്റ് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇവരുടെ ജോയിന്റ് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന 10,18,602 രൂപയും, ബാങ്കിൽ പേഴ്സണൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 2,25,334 രൂപയും പ്രതിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. കൂടാതെ ഭാര്യയുടെ 100 ഗ്രാം സ്വണം ബാങ്കിൽ പണയം വെച്ച് 5,72,000 രൂപയും അയച്ചു. അരണാട്ടുകര സ്വദേശിയിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ 6. 34 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടർന്ന് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. മതിലകം ഇൻസ്പെക്ടർ വിമോദ്, എസ്ഐ അജയ് എസ് മേനോൻ, പൊലീസുകാരായ വഹാബ്, ഷനിൽ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.