2 February 2026, Monday

Related news

February 2, 2026
January 23, 2026
January 13, 2026
December 23, 2025
December 18, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025

ലോക്സഭയില്‍ ഇന്ത്യാ- ചൈന പ്രശ്നം ഉന്നയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2026 3:19 pm

ലോക്സഭയില്‍ ഇന്ത്യാ-ചൈന പ്രശ്നം ഉന്നയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പിന്നാലെ രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തടഞ്ഞു. ജനറല്‍ നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശമായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.എന്നാല്‍ ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തി. പുസ്തകം ഇറങ്ങിയോ എന്നറിയില്ല എന്ന് അമിത്ഷാ പറഞ്ഞു. 

പുസ്തകം പ്രകാശനം ചെയ്തിട്ടില്ലെന്നും പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.ഏതെങ്കിലും പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കറും പറഞ്ഞു. സഭാ ചട്ടങ്ങള്‍ രാഹുല്‍ ഗാന്ധി മറികടക്കരുത്. പ്രകാശനം ചെയ്ത പുസ്തകമാണെങ്കിലും സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നരവനെ പറഞ്ഞതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പുസ്തകത്തിലെ ഉള്ളടക്കം കൃത്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദോക്‌ലാമിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് ഗൗരവമായ വിഷയമാണ് നരവനെ ഉയര്‍ത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.സഭ അലങ്കോലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു.

എന്തടിസ്ഥാനത്തിലാണ് പ്രകാശനം ചെയ്യാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാജ്‌നാഥ് സിങ് ചോദിച്ചു. ചട്ടം 349 (1) പ്രകാരം പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന് നിഷികാന്ത് ദുബെയും പ്രതികരിച്ചു. ചട്ടപ്രകാരമല്ല രാഹുലിന്റെ പരാമര്‍ശം എന്നും ഭരണപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്തം പാലിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വീണ്ടും പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച് രാഹുലിനെ ഭരണപക്ഷം കടന്നാക്രമിക്കുകയായിരുന്നു. ഏത് പുസ്തകത്തിലാണ് എഴുതിയതെന്ന് തനിക്ക് ഇപ്പോള്‍ അറിയണമെന്നും പുറത്തിറങ്ങാത്ത പുസ്തകത്തെ കുറിച്ച് എങ്ങനെ സഭ ചര്‍ച്ച ചെയ്യുമെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ തടഞ്ഞ് ഭരണപക്ഷം സമയം പാഴാക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സഭാ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളിലോ, പുസ്തകങ്ങളിലോ വന്നിട്ടുണ്ടെങ്കില്‍ അത് ഉന്നയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഖിലേഷ് യാദവും ആവശ്യപ്പെട്ടു. ചൈനയുമായുള്ള പ്രശ്‌നം ഗൗരവമുള്ളതാണെന്നും ചൈന വിഷയത്തെ നിസാരവത്കരിക്കരുതെന്നും അഖിലേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.