
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മഴയിൽ കുതിർന്ന ആവേശകരമായ ഫൈനലിൽ, ബ്രസീലിന്റെ കൊറിന്ത്യൻസിനെ 3–2ന് പരാജയപ്പെടുത്തി ആഴ്സണൽ പ്രഥമ ഫിഫ വനിതാ ചാമ്പ്യൻസ് കപ്പ് സ്വന്തമാക്കി. അധികസമയത്ത് കെയ്റ്റ്ലിൻ ഫോർഡ് നേടിയ ഗോളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്.
നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ആഴ്സണൽ നിശ്ചിത സമയത്ത് തന്നെ കിരീടം ഉറപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും, 96-ാം മിനിറ്റിൽ വിക് അൽബുക്കർക്കി നേടിയ പെനാൽറ്റി ഗോളില്‍ കൊറിന്ത്യൻസ് സമനില കണ്ടെത്തി. ഇതോടെ സ്കോര്‍ 2–2 എന്ന നിലയിലായി. റെനി സ്ലെഗേഴ്സിന്റെ ടീമിനായി ഒലിവിയ സ്മിത്തും ലോട്ടെ വുബ്ബൻ‑മോയിയും ഗോളുകൾ നേടി. തുടർന്ന് 104-ാം മിനിറ്റിൽ ഗോൾകീപ്പർ ലേലെയെ മറികടന്ന് കെയ്റ്റ്ലിൻ ഫോർഡ് നേടിയ നാടകീയ ഗോൾ ആഴ്സണലിന് വിജയം ഉറപ്പിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഈ മത്സരം നടന്നത്.
വിജയത്തിനിടയിലും ആഴ്സണലിന് തിരിച്ചടിയായത് ഗോൾകീപ്പർ ആനെകെ ബോർബെയുടെ പരിക്കാണ്. അധികസമയത്തിന്റെ അവസാന ഘട്ടത്തിൽ സഹതാരം വുബ്ബൻ‑മോയിയുമായി കൂട്ടിയിടിച്ച ബോർബെയെ സ്ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.