
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും യുഎസും ഒമാനില്‍ പരോക്ഷ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഒമാന്‍ വിദേശകാര്യ മന്ത്രിയുമായാണ് കൂടിക്കാഴ്ച നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ആദ്യം ചര്‍ച്ച നടത്തിയതിനു ശേഷമാണ് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുള്‍പ്പെട്ട യുഎസ് പ്രതിനിധി സംഘത്തെ ഒമാന്‍ വിദേശകാര്യ മന്ത്രി ബദർ അൽ‑ബുസൈദി കണ്ടത്.
കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവച്ചു, അത് വളരെ പ്രധാനമായിരുന്നുവെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അബ്ബാസ് അരഗ്ചി പ്രതികരിച്ചു. സുസ്ഥിര സുരക്ഷ കൈവരിക്കുന്നതിനായി, നയതന്ത്രപരവും സാങ്കേതികവുമായ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ബുസൈദി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചർച്ചകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. യുഎസ് പ്രതിനിധി സംഘത്തിന് തൊട്ടുപിന്നാലെ ഒമാനി ഉദ്യോഗസ്ഥർ യോഗവേദി വിട്ടതോടെ ഉടന്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനുശേഷം ഇതാദ്യമായാണ് വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ, മേഖലയിലെ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, പ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താനായിരുന്നു യുഎസിന്റെ നീക്കം. എന്നാല്‍ ആണവ പദ്ധതി മാത്രമേ ചര്‍ച്ച ചെയ്യു എന്ന കടുത്ത നിലപാടിലായിരുന്നു ഇറാന്. ഭരണമാറ്റം അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു മറയായി യുഎസ് ചർച്ചകളെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇറാന് ശ്രദ്ധിച്ചു. ഖത്തർ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തുർക്കിയിൽ ചര്‍ച്ച നടത്താമെന്നായിരുന്നു യുഎസിന്റെ നിര്‍ദേശം. പിന്നീട് ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഒമാനിലേക്ക് മാറ്റിയത്.
ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളില്‍ നിന്ന് ഇറാനു നേരെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഏതെങ്കിലും സൈനിക സംഘർഷം കൂടുതൽ വിശാലമായ പ്രാദേശിക സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്ന സാധ്യതയുള്ളതിനാല്‍ യുഎസ്- ഇറാന് അനുരജ്ഞനത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ ഏകോപിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.