6 February 2026, Friday

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ആനുകൂല്യം തടയുമെന്ന് മഹാരാഷ്ട്ര മന്ത്രി

Janayugom Webdesk
ഭോപ്പാല്‍
February 6, 2026 10:23 pm

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വനിതകള്‍ക്കുള്ള ലാഡ്‌ലി ബെഹ്ന യോജന പദ്ധതിയില്‍ നിന്ന് പേര് നീക്കം ചെയ്യുമെന്ന് മധ്യപ്രദേശ് മന്ത്രി കരണ്‍ സിങ് വര്‍മ്മയുടെ ഭീഷണി. പങ്കെടുക്കാത്തവരുടെ പേര് ഗുണഭോക്തൃ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രി നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സെഹോര്‍ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് ഗുണഭോക്തക്കളെ റവന്യു മന്ത്രി ഭീഷണിപ്പെടുത്തിയത്. പിന്നീട് ധമണ്ട ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമഫലമായാണ് എല്ലാ വീടുകളിലേക്കും ഗോതമ്പ് എത്തിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ലാഡ്‌ലി ബെഹ്‌ന പദ്ധതി പ്രകാരം എല്ലാ മാസവും 1,500 രൂപ വനിതകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ട്. കോൺഗ്രസ് സ്ത്രീകൾക്ക് ഒരിക്കലും ഒരു പൈസ പോലും നൽകിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. 

ധമണ്ട ഗ്രാമത്തില്‍ 894 ലാഡ്‌ലി ബെഹ്നകൾക്ക് സർക്കാർ പ്രതിമാസം 1,500 രൂപ ധനസഹായം നൽകുന്നുണ്ട്. എന്നാൽ സർക്കാർ പരിപാടികളിൽ അവരുടെ ഹാജർ വളരെ കുറവാണ്. 894 പേരിൽ എത്ര ലാഡ്‌ലി ബെഹ്നകൾ യോഗത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം ചോദിച്ചു. എല്ലാ ഗുണഭോക്താക്കളുടെയും യോഗം വിളിച്ച് ചേര്‍ക്കാന്‍ പദ്ധതി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പങ്കെടുത്താവരുടെ പേരുകള്‍ പദ്ധതിയില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അതിനിശിതമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ലാഡ‌്‌ലി ബെഹ്ന ഗുണഭോക്താകള്‍ക്ക് വിതരണം ചെയ്യുന്ന തുക നികുതിപ്പണമാണെന്നും മന്ത്രിയുടെ അമ്മാവന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്നതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വനിതകളുടെ വോട്ട് ലഭിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച ബിജെപി ഇപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.