
ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഉൾപ്പെടുന്ന കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത (ബിഎൻഎസ്എസ്) സെക്ഷൻ 35(3) പ്രകാരം പൊലീസ് ഉദ്യോഗസ്ഥർ മുന്‍കൂര്‍ നോട്ടീസ് നൽകണമെന്ന് സുപ്രീം കോടതി. ഒരു പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് വെറും നിയമപരമായ വിവേചനാധികാരമാണെന്നും അത് അന്വേഷണം സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്നും അതിനെ കല്പനയായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് സതേന്ദർ കുമാർ വേഴ്സ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന കേസിൽ, ബിഎൻഎസ്എസ് പ്രകാരമുള്ള അറസ്റ്റ്, നോട്ടീസ് വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിനിടെയാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. നിയമപ്രകാരമുള്ള പൊലീസ് വിവേചനാധികാരം ജാഗ്രതയോടെ പ്രയോഗിക്കണമെന്നും നോട്ടീസ് നല്‍കേണ്ടത് അനിവാര്യമാണെന്നും ബെഞ്ച് പറഞ്ഞു. അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം രേഖപ്പെടുത്തണമെന്ന അമിക്കസ് ക്യൂറി സിദ്ധാർത്ഥ് ലുത്രയുടെ വാദങ്ങൾ ബെഞ്ച് അംഗീകരിച്ചു. അനാവശ്യ അറസ്റ്റുകൾക്കെതിരെ സംരക്ഷണം നൽകുന്ന 2014 ലെ സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ലുത്രയുടെ വാദം.
ബിഎൻഎസ്എസിന്റെ സെക്ഷൻ 35(3) പ്രകാരം, പൊലീസിന് നോട്ടീസ് ഘട്ടം ഒഴിവാക്കി നേരിട്ട് അറസ്റ്റിലേക്ക് പോകാൻ കഴിയില്ലെന്നും, കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളിലെ അറസ്റ്റുകളെക്കുറിച്ച് ബിഎൻഎസ്എസ് യഥാർത്ഥത്തിൽ എന്താണ് പറയുന്നതെന്ന് അടിസ്ഥാന നിയമങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു. നടക്കുന്ന അന്വേഷണത്തിന് അറസ്റ്റ് ആവശ്യമാണോ എന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യത്തേത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിന്റെ ആവശ്യകത വിലയിരുത്തുക എന്നതാണ് രണ്ടാമത്തെ ഘട്ടമെന്ന് ബെഞ്ച് വ്യക്തമാക്കി. വാറണ്ടോ കോടതി ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ, അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകിയതിനുശേഷം മാത്രമേ ഈ അധികാരം പ്രയോഗിക്കാന്‍ കഴിയുയെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.