8 February 2026, Sunday

Related news

February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 31, 2026

കരാർ പരമാധികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നം

Janayugom Webdesk
February 9, 2026 5:00 am

ഫെബ്രുവരി ഏഴിന് ശനിയാഴ്ച വൈറ്റ്ഹൗസ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ‑യുഎസ് വ്യാപാര കരാർ സംബന്ധിച്ച രൂപരേഖയെപ്പറ്റി വ്യാപകമായ അവ്യക്തതകൾ തുടരുമ്പോഴും അത് ഇന്ത്യൻ കാർഷികമേഖലയ്ക്കും വ്യവസായത്തിനും സമ്പദ്ഘടനയ്ക്കും വൻനേട്ടമാണെന്ന് വരുത്തിത്തീർക്കാനുള്ള ഉച്ചസ്ഥായിയിലുള്ള അവകാശവാദമാണ് പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയുമടക്കം കേന്ദ്രസർക്കാർവൃത്തങ്ങൾ തുടർന്നുവരുന്നത്. എന്നാൽ, ലഭ്യമായ പരിമിത വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കരാർ കർഷകവിരുദ്ധവും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിനും കർഷകരുടെയും തൊഴിലാളികളുടെയും താല്പര്യങ്ങൾക്കും വിരുദ്ധവുമാണെന്ന അഭിപ്രായം വിവിധ കോണുകളിൽനിന്നും ഉയരുന്നു. രാജ്യത്തെ കർഷകരുടെ പ്രബല സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎഫ്) കരാറിനെ നിശിതമായി അപലപിക്കുകയും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നൽകുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 12ന് കർഷക പിന്തുണയോടെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ശ്രദ്ധാകേന്ദ്രം കരാറിനെതിരായ പ്രതിഷേധവും ചെറുത്തുനില്പുമായിരിക്കും. ഇടതുപക്ഷ പാർട്ടികളടക്കം രാജ്യത്തെ പ്രതിപക്ഷമൊന്നാകെ കരാർ സാമ്രാജ്യത്വ സാമ്പത്തിക താല്പര്യങ്ങൾക്കുമുന്നിലുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ കീഴടങ്ങലാണെന്ന് വിലയിരുത്തിയിട്ടുണ്ട്. കരാറിന്റെ മുഖ്യനേട്ടങ്ങളായി മോഡി സർക്കാർ ഉയർത്തിക്കാട്ടുന്ന ഘടകങ്ങളോരോന്നും രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങൾക്കും കർഷകരും തൊഴിലാളികളുമടങ്ങുന്ന വിശാല ജനവിഭാഗങ്ങളുടെ താല്പര്യത്തിനും വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടാൻ പ്രമുഖ വ്യാപാര സാമ്പത്തിക വിദഗ്ധർ മടികൂടാതെ മുന്നോട്ടുവന്നിട്ടുണ്ട്. ലഭ്യമായ കരാർ വ്യവസ്ഥകളോരോന്നും ഏകപക്ഷീയമായി യുഎസ് അനുകൂലവും ഇന്ത്യയുടെ വാണിജ്യതന്ത്രങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമാണെന്ന് അവർ വിലയിരുത്തുന്നു. 

ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് ചുമത്തിപ്പോന്ന 25% പിഴത്തീരുവ പിൻവലിക്കുകയും അവശേഷിച്ച 25% തീരുവ 18% ആയി കുറയ്ക്കുകയും ചെയ്തത് വലിയ നേട്ടമെന്നാണ് ഭരണകൂട അവകാശവാദം. ഇത് തികച്ചും വസ്തുതാവിരുദ്ധവും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. വികസിത, വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ പരസ്പരബാധക തീരുവകള്‍ക്ക് പകരം വികസ്വര രാജ്യങ്ങൾക്ക് പ്ര­ത്യേകവും, മുൻഗണനാപരവുമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്ന ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തത്വങ്ങൾക്കും കരാറുകൾക്കും വിരുദ്ധമാണ്. അതിന്റെയടിസ്ഥാനത്തിൽ ട്രംപ് ഭരണകൂടം പുനർനിർണയിച്ച തീരുവയ്ക്ക് മുമ്പ് ഇ­ന്ത്യൻ ഇറക്കുമതിക്ക് യുഎസിന് നൽകേണ്ടി വന്നിരുന്ന ശരാശരി തീരുവ കേവലം 2.5% മാത്രമായിരുന്നുവെന്ന് വ്യാപാര സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഏതാണ്ട് ഏഴിരട്ടി തീരുവയാണ് കരാർപ്രകാരം ഇന്ത്യ യുഎസിന് നൽകേണ്ടിവരിക. അതേസമയം, കരാർ നിലവിൽ വരുന്നതോടെ യുഎസിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി, തീരുവാരഹിതമോ നാമമാത്ര തീരുവയോടുകൂടിയതോ ആയിരിക്കുമെന്ന് സംയുക്ത വ്യാപാര രൂപരേഖ വ്യക്തമാക്കുന്നു. ഇതനുസരിച്ച് യുഎസിൽ നിന്നും ഇന്ത്യ അടുത്ത അഞ്ചുവർഷത്തേക്ക് 50,000 കോടി ഡോളറിന്റെ ഇറക്കുമതി നടത്തേണ്ടതുണ്ട്. ഇത് രാഷ്ട്രങ്ങൾ തമ്മിലുള്ള സ്വതന്ത്രവും നീതിപൂർവവുമായ വ്യാപാര ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇന്ത്യ‑യുഎസ് വ്യാപാരത്തിൽ നിലവിൽ ഇന്ത്യക്കുള്ള 4,500കോടി ഡോളറിന്റെ വ്യാപാരമിച്ചം തുടച്ചുനീക്കുകയാണ് യുഎസിന്റെ ലക്ഷ്യം. അത് ഇന്ത്യയുടെ വിദേശവിനിമയ ശേഖരത്തിൽ വലിയ ചോർച്ചയ്ക്ക് ഇടവരുത്തുമെന്നുമാത്രമല്ല, ഇന്ത്യൻ ഭരണാധികാരികളുടെ എല്ലാ അവകാശവാദങ്ങൾക്കുമപ്പുറം, ഗണ്യമായ അന്തരം നിലനിൽക്കുന്ന രണ്ട് സമ്പദ്ഘടനകൾ തമ്മിലുള്ള വിടവ് അപകടകരമാംവിധം വർധിപ്പിക്കുകയും ചെയ്യും. 

ഇന്ത്യയുടെ കാർഷികോല്പന്നങ്ങൾ, സമുദ്രോല്പന്നങ്ങൾ, ഔഷധങ്ങൾ, വിവിധതരം വ്യാവസായിക ഉല്പന്നങ്ങൾ എന്നിവയ്ക്ക് കരാർ യുഎസ് വിപണിയുടെ വാതായനങ്ങൾ മലർക്കെ തുറന്നുതരും എന്നാണ് കേന്ദ്രസർക്കാരിന്റെ മറ്റൊരാവകാശവാദം. കേവലം ഒരു വ്യാപാര കരാർ കൊണ്ട് നിയന്ത്രിക്കപ്പെടുന്നതല്ല യുഎസ്, യൂറോപ്പ് ഉൾപ്പെടെയുള്ള വികസിതരാഷ്ട്ര വിപണികൾ. ആ വിപണികളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യൻ ഉല്പന്നങ്ങൾ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. അതിന് ഇന്ത്യൻ വിപണിയെ പ്രാപ്തമാക്കാൻ ‘മേക്ക് ഇൻ ഇന്ത്യ’ അടക്കം പദ്ധതികൾക്കൊന്നും കഴിഞ്ഞിട്ടില്ല. കാർഷികോല്പന്നങ്ങളിലെ രാസകീടനാശിനികളുടെ സാന്നിധ്യം, പാരിസ്ഥിതിക മാനദണ്ഡങ്ങൾ തുടങ്ങി യുഎസ് അടക്കം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളുടെ പേരിൽ ഉല്പന്നങ്ങൾക്ക് നിരോധനം, തിരിച്ചയയ്ക്കൽ തുടങ്ങി വിപണിനിഷേധത്തിന്റെ പരമ്പരകളെയാണ് ഇന്ത്യൻ കയറ്റുമതി വ്യാപാരം നേരിടുന്നത്. രാസകീടനാശിനിയുടെ സാന്നിധ്യത്തിന്റെ പേരിൽ ഇന്ത്യൻ കുരുമുളക്, തേയില, ഏലയ്ക്ക തുടങ്ങിയവ വിപണിനിഷേധം നേരിടുന്നു. കടലാമയുടെ പേരിൽ ചെമ്മീനും, ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങളുടെ പേരിൽ ഇന്ത്യയിൽ നിന്നുള്ള അലുമിനിയം പാചകപ്പാത്രങ്ങളും ഇപ്പോഴും യുഎസ് വിപണിയിൽ വിലക്കപ്പെട്ടിരിക്കുന്നു. ചുമ മരുന്ന് ഉൾപ്പെടെ പല ഇന്ത്യൻ ഔഷധങ്ങളും ലോകവ്യാപകമായി നിരോധിക്കപ്പെട്ടിരിക്കുന്നു. കയറ്റുമതിയുടെ പ്രശ്നം തീരുവയുടേത് മാത്രമല്ല. ഇന്ത്യ‑യുഎസ് വ്യാപാരക്കരാറടക്കം ഉയർത്തുന്ന പ്രശ്നങ്ങളും കേവലം തീരുവയുടേത് മാത്രമല്ല. മറിച്ച്, രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരത്തിന്റേതും ജനതയുടെ ആത്മാഭിമാനത്തിന്റെയും പ്രശ്നങ്ങളാണ്. അതാണ് വെല്ലുവിളിക്കപ്പെടുന്നത്. അതാണ് മോഡി ഭരണകൂടം ട്രംപടക്കം പ്രതിനിധാനം ചെയ്യുന്ന സാമ്രാജ്യത്വ സാമ്പത്തികശക്തികള്‍ക്കു മുന്നിൽ അടിയറവയ്ക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.