
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കോണ്‍ഗ്രസ് നേതാക്കള്‍ ദേവസ്വം ഭാരവാഹികളായിരുന്ന കാലത്താണ് കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദേശിച്ചു. വിജിലൻസ് ഡയറക്ടർ പ്രത്യേക സംഘം രൂപീകരിക്കണം. മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാനും സ്വർണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കണം. ആറ് പേരില്‍ നിന്നായി 412 ഗ്രാം സ്വർണം കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ടെന്നാണ് ചീഫ് വിജിലൻസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരിൽ നിന്നും സ്വർണം വാങ്ങിയില്ലെന്നായിരുന്നു 2017ലെ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ പറഞ്ഞിരുന്നത്. സംഭാവനയായി സ്വീകരിച്ച സ്വർണത്തിന്റെ വിവരങ്ങൾ മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നു. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വം ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 27 പേർ സ്വർണം നൽകിയെങ്കിലും മഹസറിൽ വിവരങ്ങൾ അവ്യക്തം എന്നാണ് വിജിലൻസ് കണ്ടെത്തൽ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്ന പന്ത്രണ്ടാമത്തെ ഇടക്കാല ഉത്തരവാണിത്. കേസ് അടുത്ത 19 ന് പരിഗണിക്കും.
സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കും ഹൈക്കോടതി അനുമതി നല്കി. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററി (ബിഎആര്‍സി) ല്‍ പരിശോധനയ്ക്ക് അയയ്ക്കും. 12ന് സാമ്പിളുകള്‍ ശേഖരിക്കും. കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണ് ഹൈക്കോടതി നിലപാട്. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി ബിഎആര്‍സിയുടെ നാഷണല്‍ ലാബില്‍ പരിശോധിക്കാനുള്ള സാഹചര്യം പരിശോധിക്കണം.
19ന് വീണ്ടും പരിഗണിക്കുമ്പോള്‍ സാമ്പിള്‍ പരിശോധന സംബന്ധിച്ച സാധ്യതയുള്‍പ്പെടെ അറിയിക്കണം. സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എസ്ഐടി അന്വേഷണം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഏത് തരത്തിലാണെന്നതില് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിനുവേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025ലെ സ്വര്‍ണം പൂശലില്‍ ശാസ്ത്രീയവശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ഉള്‍പ്പെട്ടവരുടെ പരമാവധി ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി അനുമതി നല്കി. ഇതിന് പുറമേ കൈയ്യക്ഷര പരിശോധന നടത്താനും രണ്ട് പേരുടെ പങ്കാളിത്തം കൂടി പരിശോധിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.