
ജനാധിപത്യ വിരുദ്ധമായി പെരുമാറുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോഡിയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി. എൽഡിഎഫ് മധ്യമേഖല ജാഥയ്ക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാംഗമായ അദ്ദേഹം. പ്രധാനമന്ത്രി ഇന്ത്യയുടെ പാർലമെന്റ് സംവിധാനത്തോടു പോലും ബഹുമാനം കാട്ടുന്നില്ല. പ്രധാനമന്ത്രിയുടെ ഏകാധിപത്യ നിലപാടിൽ പാർലമെന്റ് സംവിധാനം താറുമാറായി. കോൺഗ്രസിനെ വിശ്വസിച്ച് രാജ്യത്ത് മുന്നോട്ട് പോകാനാകില്ല. കാരണം അവരുടെ എം പിമാരെയും എംഎൽഎ മാരെയും മോഡി ഭരണകൂടം വിലയ്ക്കെടുക്കുകയാണന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർന്നു പോയിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഇച്ഛക്കൊത്തു പ്രവർത്തിക്കുന്നവരായി തെരഞ്ഞെടുപ്പു കമ്മീഷൻ മാറി. എസ് ഐ ആർ നടപ്പാക്കുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അവർ ഒഴിവാക്കിയത് ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ന്യൂനപക്ഷങ്ങൾ ഭീതിയോടെ ജീവിക്കുന്ന രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരുതി കൂട്ടിയുള്ള കലാപങ്ങൾ കേന്ദ്രം ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. രാജ്യത്ത് കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയാണ്. എന്നാൽ കേരളത്തിൽ ചിത്രം മറിച്ചാണ്. കന്യാസ്ത്രീകൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കിയ ഏക സർക്കാരാണ് എൽ ഡി എഫ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഒരു കാലത്തുമില്ലാത്ത ഭീകര സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ഇന്നും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കോട്ട കെട്ടുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനംഎൽഡിഎഫ് മാത്രമാണെന്നും പി പി സുനീർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.