11 February 2026, Wednesday

ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം: ചർച്ച മാർച്ച് ഒമ്പതിന്

Janayugom Webdesk
ന്യൂഡൽഹി
February 11, 2026 8:29 pm

ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം മാർച്ച് ഒമ്പതിന് സഭ പരിഗണിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ദിവസമാണ് പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. പ്രമേയത്തിന്മേൽ അന്തിമ തീരുമാനമാകുന്നത് വരെ സഭാ നടപടികളിൽ അധ്യക്ഷത വഹിക്കില്ലെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 96 പ്രകാരം, സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം പരിഗണനയിലിരിക്കുമ്പോൾ അദ്ദേഹത്തിന് സഭയിൽ അധ്യക്ഷത വഹിക്കാൻ അനുമതിയില്ല. എന്നാൽ സഭയിൽ ഹാജരാകാനും സംസാരിക്കാനും വോട്ട് ചെയ്യാനും അദ്ദേഹത്തിന് അവകാശമുണ്ട്. ഉയർന്ന ധാർമികത മുൻനിർത്തിയാണ് പ്രമേയത്തിൽ തീരുമാനമാകും വരെ സഭാ നടപടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ ഓം ബിർള തീരുമാനിച്ചതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പാർട്ടികളിലെ 118 എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടു. എന്നാൽ തൃണമൂൽ കോൺഗ്രസ് നിലവിൽ ഈ നീക്കത്തിൽ പങ്കുചേർന്നിട്ടില്ല. സ്പീക്കർ ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുന്നു, രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല, ജനാധിപത്യവിരുദ്ധമായി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു, കോൺഗ്രസ് വനിതാ എംപിമാർക്കെതിരെയുള്ള പരാമർശങ്ങളും നെഹ്റു കുടുംബത്തിനെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളും രേഖകളിൽ നിന്ന് നീക്കം ചെയ്തില്ല തുടങ്ങിയ ആരോപണമാണ്
ഭരണഘടനയുടെ ആർട്ടിക്കിൾ 94 (സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നത്. പ്രമേയം അവതരിപ്പിക്കാൻ ചുരുങ്ങിയത് 14 ദിവസത്തെ മുൻകൂർ നോട്ടീസ് ആവശ്യമാണ്. സഭയിലെ ഭൂരിപക്ഷം അംഗങ്ങൾ (272 പേർ) പിന്തുണച്ചാൽ മാത്രമേ സ്പീക്കറെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar