13 February 2026, Friday

Related news

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

നവകേരള നയം; രാജ്യത്തെ ആദ്യ നഗര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
February 13, 2026 10:31 pm

കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന പാത നിശ്ചയിക്കുന്ന നവകേരള നഗര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ സമഗ്രമായ നഗര നയം രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നയത്തിന് അംഗീകാരം നല്‍കിയത്. നഗര നയ കമ്മിഷന്റെ പഠന റിപ്പോർട്ട് പ്രകാരം 2050-ഓടെ കേരളത്തിന്റെ 80 % പ്രദേശങ്ങളും നഗരങ്ങളായി മാറും. മലനാടിനും തീരദേശത്തിനുമിടയിലുള്ള ജനസാന്ദ്രതയേറിയ മേഖലകൾ ഒരു വൻ നഗര ശൃംഖലയായി മാറുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ ആസൂത്രണം ലക്ഷ്യമിട്ടാണ് ഈ നയം. നഗരവൽക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു. 

സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം പിൻപറ്റി ശാസ്ത്രീയ ആസൂത്രണവും സദ്ഭരണവും ഉറപ്പുവരുത്തിക്കൊണ്ട് ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയാണ് 2050 ലെ കേരളം സംബന്ധിച്ചു നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്ടിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിക്കാൻ ഉദേശിക്കുന്നത്. ഉയർന്ന നിലവാരമുള്ള നഗര സൗകര്യങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നതുമാണ് കേരളത്തിന്റെ നഗരനയം. 

നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, കാര്യശേഷീ വികസനവും ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൗകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്.
രണ്ടു വർഷം നീണ്ടുനിന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒടുവിലാണ് നയത്തിന് അംഗീകാരം ലഭിച്ചത്. 2023 ഡിസംബർ മാസം ദേശീയ‑അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷൻ സർക്കാർ രൂപീകരിച്ചു. 2025 മാർച്ച് മാസം കമ്മിഷൻ നഗര നയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് ഈ റിപ്പോർട്ട് വിപുലമായി ചർച്ച ചെയ്യുന്നതിന് സെപ്റ്റംബറില്‍ കൊച്ചിയിൽ ഒരു ആഗോള സമ്മേളനം സംഘടിപ്പിച്ചു.
ദേശീയ‑അന്തർദേശീയ തലത്തിൽ നിന്നും മന്ത്രിമാരും, മേയർമാരും, ജനപ്രതിനിധികളും, വിദഗ്ധരും പങ്കെടുത്ത സമ്മേളനം വിശദമായ ചർച്ചകൾ നടത്തി. ഇതിൽ ഉയർന്നുവന്ന നിര്‍ദേശങ്ങളും നഗരനയത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.