
“സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം”
എന്ന കുമാരനാശാന്റെ കവിവാക്യം നാം ഉരുവിട്ടാവർത്തിച്ചിട്ടുണ്ട്. ഇന്ന് ഇഹലോകത്ത് സ്നേഹസാഗരത്തിരകൾ ഇരമ്പുകയാണ്. ഉച്ചഭാഷിണിയ്ക്കായുള്ള ‘മത്സരസ്നേഹത്തിരകൾ’. അതും ഈ കൊച്ചുകേരളത്തിൽ. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന ‘ പുതുയുഗ സൃഷ്ടി’ക്ക് വേണ്ടിയുള്ള ജാഥയെ യുഡിഎഫ് ജാഥയാണ് എന്നു പറയുന്നുണ്ടെങ്കിലും വേദിയിൽ കോൺഗ്രസ്സുകാരുടെ തള്ളിക്കയറ്റം കാരണം മുസ്ലിംലീഗുൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടമില്ലെന്ന് മാത്രമല്ല, അവിടെ നിൽക്കാനുമിടമില്ല.
“ഓണത്തല്ല്” എന്നത് നാം കേട്ടുപരിചയിച്ചതാണ്. പുതിയ പദങ്ങൾ സൃഷ്ടിക്കുന്ന കോൺഗ്രസ്സിലെ മഹാഭാഷാപണ്ഡിതന്മാർ ഇപ്പോൾ മലയാളഭാഷയ്ക്ക് പുതിയ ഒരു വാക്കു കൂടി സമ്മാനിച്ചു, ‘സ്നേഹത്തല്ല്’. പുതിയ യുഗം സൃഷ്ടിക്കുവാൻ ഇറങ്ങിയവരല്ലേ, അവർ പുതിയ വാക്കുകൾ കൂടി സൃഷ്ടിച്ചില്ലെങ്കിലേ അതിശയിക്കുവാനുള്ളൂ.
വി ഡി സതീശൻ ജാഥ പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസിൽ ഒരിക്കൽകൂടി ‘പുതുയുഗം’ പിറന്നിരുന്നു. ജാഥ ആരംഭിച്ചപ്പോൾ ആ യുഗപ്പിറവിയുടെ വെളിച്ചം കൂടുതൽ പ്രസരിക്കുവാൻ തുടങ്ങി. മുഖ്യമന്ത്രി പദമോഹികളുടെയും അവരവരുടേതായ അനുയായികളുടെയും ഒളിയമ്പുകൾ, രഹസ്യമായുള്ള ബഹിഷ്കരണങ്ങൾ, സ്ഥാനാർത്ഥി വേഷമണിയാൻ കൊതിയൂറ്റി നിൽക്കുന്നവരുടെ പക്ഷംപിടിക്കലുകൾ, ചേരിമാറ്റങ്ങൾ…
കോൺഗ്രസിൽ മുമ്പും ഈവിധം പലവേള പുതുയുഗങ്ങൾ പിറന്നിട്ടുണ്ട്. കസേര ‘അഹിംസ’യുടെ ആയുധമാക്കിയുള്ള തമ്മിലടി, ഉടുമുണ്ടഴിക്കൽ (അതും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ പോലും) ഹൈക്കമാൻഡ് പ്രതിനിധിയെ വസ്ത്രാക്ഷേപം നടത്തി ദില്ലിയിലേക്ക് ഓടിക്കൽ, സോഡാക്കുപ്പിയുടെയും ചീമുട്ടകളുടെയും കോൺഗ്രസ് യോഗങ്ങളിലെ അനിവാര്യത. ഈ പുതുയുഗകാന്തികളെല്ലാം കണ്ടറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചിട്ടുള്ളതുമാണ് –കേരളം.
ഡോ. സുകുമാർ അഴീക്കോട് നിരവധി ഗ്രന്ഥങ്ങളിലൂടെ, എണ്ണമറ്റ പ്രഭാഷണങ്ങളിലൂടെ, ലേഖന പരമ്പരകളിലൂടെ രാഷ്ട്രീയ‑സാമൂഹ്യ കേരളത്തെ പ്രബുദ്ധമാക്കിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ‘മഹാത്മാവിന്റെ മാർഗം’ ആയിരുന്നു. അതിന്റെ തുടക്കത്തിൽ ‘ഗ്രന്ഥത്തെപ്പറ്റി’ എന്ന കുറിപ്പിൽ അഴീക്കോട് ഈ വിധമെഴുതി;
“മഹാത്മാവിന്റെ മാർഗം എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഗാന്ധിസം, ഗാന്ധിമതം എന്നെല്ലാമുള്ള വാക്കുകൾകൊണ്ട് പരക്കെ വിവക്ഷിക്കുന്നത് ആദർശ സംഹിതയെയാണ്. വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമ്മവും ജീവിതവും കൊണ്ട് മഹാത്മാ ഗാന്ധി ആവിഷ്കരിച്ചു തന്ന സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ് അതിന്റെ ഉള്ളടക്കം. അതിനു എന്തു പേരുകൊടുത്താലും അതിനെ വെറും അക്ഷരങ്ങളിൽ ചുരുക്കി നിർത്തിക്കളയരുതെന്ന് ആ ആചാര്യൻ പലവുരു താക്കീതു തന്നിട്ടുണ്ട് ”
ഇന്നത്തെ കോൺഗ്രസുകാർ ആരറിയുന്നു ആ മഹാത്മാവിന്റെ മാർഗം? ആ ആദർശസംഹിതയെയും അഹിംസാമാർഗത്തെയും? ആ സത്യാധിഷ്ഠിത മാനവികതയുടെ ജീവിതത്തെ? അക്ഷരങ്ങളിൽ ചുരുക്കിക്കളയരുതെന്ന ആചാര്യന്റെ ആവർത്തിച്ചുള്ള താക്കീത് ഇന്നത്തെ ഏത് കോൺഗ്രസുകാർ മാനിക്കുന്നു ? ഗാന്ധിജിയും നെഹ്രുവും ഒറ്റയ്ക്ക്, തനിയേ നടന്നവരാണ്. ഈ ആദർശസംഹിതകളുമായി അവർക്കൊപ്പം ജനകോടികൾ ജനപഥത്തെ സൃഷ്ടിച്ചു. ഇന്നത്തെ കോൺഗ്രസ് ഗാന്ധിജിയെ മറന്നു, നെഹ്രുവിനെ വിസ്മരിച്ചു, അവരുടെ വിശുദ്ധ രാഷ്ട്രീയവും മതനിരപേക്ഷ മാനവികമൂല്യങ്ങളും അറിയാത്തവരായി.
അത് ഒടുവിൽ വി ഡി സതീശന്റെ ‘പുതുയുഗ സൃഷ്ടിക്കായുള്ള’ ‘അശ്വമേധ’ത്തിലും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ചു കണ്ടു. വി ഡി സതീശന്റെ ഉറ്റ അനുയായി ആയിരുന്ന, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ അദ്ദേഹത്തിനെതിരായി സതീശൻ ‘ഹരിത കോൺഗ്രസ്’ എംഎൽഎമാരുടെ ഗ്രൂപ്പ് സൃഷ്ടിക്കുമ്പോൾ അതിൽ മുഖ്യകാർമ്മികനായിരുന്ന, ഇപ്പോൾ വി ഡി സതീശന്റെ മുഖ്യമന്ത്രിക്കിനാവുകൾക്ക് കരിനിഴൽ വീഴ്ത്തി സ്ഥാനം ദാഹിക്കുന്ന കെ സി വേണുഗോപാലിനൊപ്പം ചേർന്ന ഷാഫി പറമ്പിൽ എംപിയുടെ മാസ്മരിക പ്രകടനം കുറ്റ്യാടിയിലെ നാടകവേളയിൽ പ്രത്യക്ഷമായി. ഇരുന്നും നിന്നും വേദി നിറയിച്ചവരുടെ പ്രകടനം. വേദി സമ്പന്നമാണ്. സദസ് ദരിദ്രവും.
തന്നെ പ്രസംഗിക്കുവാൻ ക്ഷണിക്കുന്നതിനു മുമ്പേ, ജാഥാക്യാപ്റ്റനെ പ്രസംഗിക്കുവാൻ ക്ഷണിച്ചതിന്റെ പേരിൽ ആക്രോശിക്കുന്ന ഷാഫി പറമ്പിലും അനുയായികളും അധ്യക്ഷനായിരുന്ന ഡിസിസി സെക്രട്ടറിയെ കടന്നാക്രമിക്കുമ്പോൾ ഉച്ചഭാഷിണിയുടെ മുന്നിൽ പ്രസംഗദാഹവുമായി നിൽക്കുന്ന വി ഡി സതീശനെ ദൃശ്യ മാധ്യമങ്ങളിലൂടെ നാം കണ്ടു. പാവം അധ്യക്ഷനെ അക്കൂട്ടർ ശ്വാസം മുട്ടിക്കുമ്പോഴും എത്രമേൽ നിസംഗഭാവമായിരുന്നു സതീശന്. അപ്പോഴും ഷാഫി പറമ്പിലിന്റെയും അനുചരന്മാരുടെയും ആക്രോശമായിരുന്നു. ആ ഘട്ടത്തിൽ ഷാഫി പറമ്പിൽ പ്രസംഗിക്കട്ടെ, ഞാൻ അതുകഴിഞ്ഞ് പ്രസംഗിക്കാം എന്ന് സതീശൻ പറഞ്ഞതേയില്ല. സതീശന്റെ പ്രസംഗത്തിനു ശേഷം അതിനു മുമ്പ് ശ്വാസംമുട്ടിക്കപ്പെട്ട അധ്യക്ഷൻ ഷാഫി പറമ്പിലിനെ ക്ഷണിച്ചപ്പോൾ ഒറ്റവാചകത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു “ നൂറിലധികം എണ്ണി വെച്ചിരിക്കുന്ന പ്രതിപക്ഷ നേതാവറിയാൻ ഞാൻ പറയുന്നൂ… നൂറിനു മുകളിൽ വന്നാൽ അതിൽ കുറ്റ്യാടിയുമുണ്ടാകും’. അത് സതീശനുള്ള വ്യക്തമായ സന്ദേശമാണ്. ‘കിനാവ് കണ്ടിരുന്നോ… പണി വരാൻ പോകുന്നുവെന്നാണ്- ഇതാണ് കോൺഗ്രസിലെ ഏറ്റവും പുതിയ യുഗം.
പിന്നാലെയാണ് പിറ്റേദിവസത്തെ നാടകീയ ക്ലെെമാക്സ്. ആദ്യം രംഗത്തുവന്നത് കൈ കെട്ടിത്തൂക്കിയ ഡിസിസി അധ്യക്ഷൻ. ആ കൈ എങ്ങനെ കെട്ടിത്തൂക്കലിൽ ആയിപ്പോയോ ആവോ ? കോൺഗ്രസ് യോഗത്തിലെ കയ്യാങ്കളിയിൽ വെച്ചാവാം. വേദിയിൽ നേതാക്കൾ കൂടിപ്പോയി. അതിനാൽ സ്നേഹത്തല്ലുണ്ടായി. അതുകൊണ്ട് വേദിയിൽ ആളെ കുറയ്ക്കുവാൻ തീരുമാനിച്ചു. എത്ര സമാനതകളില്ലാത്ത വ്യാഖ്യാനം. തൊട്ടുപിന്നാലെ വി ഡി സതീശനും രംഗത്തുവന്നു; വേദിയിൽ ആളുകൂടിയതല്ല കാരണം, അതുകൊണ്ട് കുറയ്ക്കുവാനും തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞു വി ഡി സതീശൻ, കോൺഗ്രസ്സിലെ ‘ഐകമത്യം മഹാബലം’ വിളിച്ചോതി. പിന്നാലെ പറഞ്ഞു അധ്യക്ഷൻ ഷാഫി പറമ്പിലിനെ പ്രസംഗിക്കുവാൻ വിളിച്ചപ്പോൾ സമയക്കുറവുകൊണ്ട് താൻ പ്രസംഗിക്കുന്നില്ല, ‘പോയിരിയെടാ പ്രമോദേ’ എന്നു പറയുകയാണ് ചെയ്തതെന്നും മാധ്യമങ്ങൾ അത് ഊതി വീർപ്പിച്ചെന്നും ചരിത്രത്തിലെ ഏറ്റവും വലിയ യുഡിഎഫ് ജാഥയെ ഇകഴ്ത്തുകയാണെന്നും ഉളുപ്പില്ലാതെ പ്രഖ്യാപിച്ചു. ഇനി കോൺഗ്രസുകാർക്ക് ‘പോയിരിയെടാ’ എന്നു പറയാമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ജാഥയാണിതെന്നും അദ്ദേഹം കോൺഗ്രസുകാരോട് പറഞ്ഞു വെച്ചു. യൂത്ത് കോൺഗ്രസ് കാലം മുതൽ ജാഥ നയിച്ച രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ‘ചരിത്രത്തിലെ ഈ വലിയ ജാഥ’യെക്കുറിച്ച് അറിഞ്ഞിരിക്കണമോ!
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടെങ്കിലും ഒരിക്കലും അടിപിടിയിൽ പങ്കാളിയല്ലാത്ത മാന്യനായ കോൺഗ്രസുകാരനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റ്യാടിയിലെ ഏറ്റുമുട്ടലിൽ, പിന്നിൽനിന്ന മുല്ലപ്പള്ളിയെ തല്ലി വീഴ്ത്തുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ, ചലനചിത്രങ്ങളിലൂടെ നാട് കണ്ടു. പക്ഷേ വി ഡി സതീശൻ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു, മുല്ലപ്പള്ളി വീണിട്ടില്ല. ഒരു മുഖ്യധാരാമാധ്യമം നുണപ്രചാരണം നടത്തുന്നുവെന്ന്. മാധ്യമങ്ങൾ ആ ചിത്രം പ്രദർശിപ്പിച്ചു. ഇടതുപക്ഷത്തിനെതിരെ നുണകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുകയും വർഗീയശക്തികളുമായി കൈകോർക്കുകയും ചെയ്യുന്ന വി ഡി സതീശനിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ട. പല വെല്ലുവിളികളിൽ ഒന്നായി മുല്ലപ്പള്ളിയുടെ കാര്യത്തിലെ മാധ്യമങ്ങളോടുള്ള വെല്ലുവിളി അകാലചരമം പ്രാപിച്ചു. പിന്നീട് വി ഡി സതീശന്റെ പ്രതികരണം കേട്ടതേയില്ല.
സത്യപ്രകാശമേന്തുന്ന അംഹിംസയിലൂടെയല്ലാതെ വിശ്വത്തിനു വിമുക്തിയില്ലെന്നു പറഞ്ഞ ഗാന്ധിജിയെക്കുറിച്ചാണ് അഴീക്കോട് എഴുതിയത്. സ്വന്തം പ്രസ്ഥാനത്തിൽ ‘സിംഹാസന’ങ്ങൾക്ക് വേണ്ടി ഹിംസാത്മകത പടർത്തുകയാണ് ആധുനിക കാലത്തെ കോൺഗ്രസ്.
ഉമ്മൻ ചാണ്ടി കളങ്കിതനാണെന്ന് വി ഡി സതീശൻ അധികാരക്കസേര കിട്ടാത്തപ്പോൾ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ കോൺഗ്രസുകാർ തന്നെ പ്രചരിപ്പിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാവാം.
‘ സ്നേഹം താൻ ശക്തി ജഗത്തിൽ
സ്നേഹം താൻ ആനന്ദമാർഗം’
എന്ന ആശാന്റെ വരികൾ ഹിംസാത്മക രാഷ്ടീയം ഉയർത്തുന്ന സംഘ്പരിവാറുമായി കൈ കോർക്കുന്ന വർത്തമാനകാലത്തെ കോൺഗ്രസുകാർ എങ്ങനെയറിയാൻ ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.