14 February 2026, Saturday

മുഖമില്ലാത്ത കുറ്റവാളികൾ

അബ്ദുൾ ഗഫൂർ
February 15, 2026 4:00 am

ജനുവരി 23ന് ഡൽഹി പൊലീസിന്റെ ക്രൈം ബ്രാഞ്ചിന്റേതായി സമൂഹമാധ്യമത്തിൽ, വൻവഴിത്തിരിവ് എന്ന പേരിൽ ഒരു പോസ്റ്റ് വരികയുണ്ടായി. ഇന്നോവ കാറിൽ വിദേശ എംബസിയുടെ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച സ്ത്രീ അറസ്റ്റിൽ എന്നായിരുന്നു അതിന്റെ തലക്കെട്ട്. വ്യാജ നയതന്ത്ര പ്ലേറ്റുകൾ ഉപയോഗിച്ച് ആൾമാറാട്ടം, വൻ സുരക്ഷാ സംവിധാനങ്ങൾ ഉള്ള സ്ഥലങ്ങളിൽ വ്യാജം ഉപയോഗിച്ചുള്ള നിർബാധ സഞ്ചാരം എന്നിവയാണ് അവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങളായി നിരത്തിയത്. വ്യാജ സിഡി നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് പ്രതി ന്യൂഡൽഹിയിലെ എംബസികളിലും ഉയർന്ന സുരക്ഷാ മേഖലകളിലും പതിവായി സന്ദർശിച്ചിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക അറസ്റ്റാണ് നടന്നിരിക്കുന്നത്, പ്രത്യേകിച്ച് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി. വ്യാജ പ്ലേറ്റുകൾ, വാഹനം, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. എസിപി പങ്കജ് അറോറയുടെയും ഡിസിപി സഞ്ജീവ് കുമാർ യാദവിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് വിജയകരമായ ഓപ്പറേഷൻ നടത്തിയതെന്നും ക്രൈംബ്രാഞ്ചിന്റെ ഔദ്യോഗിക പേജിൽ വന്ന വാർത്തയിലുണ്ടായിരുന്നു. ഈ വാർത്ത വായിച്ചവരെല്ലാം അന്തംവിട്ടു. കാരണം ദേശസുരക്ഷയുമായി ബന്ധപ്പെട്ട വൻ കുറ്റകൃത്യം നടത്തിയ വനിതയുടെ പേര് എവിടെയും പരാമർശിച്ചിരുന്നില്ല. എന്നുമാത്രമല്ല അറസ്റ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന വനിത പൊലീസുകാർക്കൊപ്പം നിൽക്കുന്ന ചിത്രം നൽകിയപ്പോൾ പ്രതിയുടെ മുഖം അവ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതേസമയം നടപടിക്ക് നേതൃത്വം നൽകിയ മൂന്ന് ഉദ്യോഗസ്ഥരുടെ ഫോട്ടോ കൂട്ടായും പ്രത്യേകമായും നൽകുകയും ചെയ്തിട്ടുമുണ്ട്. 

വ്യാജപേരും കാറുമുപയോഗിച്ച് പ്രതി സഞ്ചരിച്ചത്, റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ കൂടുതൽ കടുപ്പിച്ച രാജ്യതലസ്ഥാനത്ത്. അവിടെത്തന്നെ ഏറ്റവും സുപ്രധാനമായ വിദേശ നയതന്ത്രകാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ചാണക്യപുരി. ഇവിടെയാണ് അവർ വ്യാജവാഹനത്തിൽ സുഗമ സഞ്ചാരം നടത്തിയത്. വാർത്താ ഏജൻസികൾ പങ്കുവച്ചപ്പോഴും വിവിധ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴും വനിതയുടെ പേരുണ്ടായിരുന്നില്ല. വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങൾ അറസ്റ്റിലേക്ക് നയിച്ച മുൻകാല സംഭവങ്ങൾ പൊലീസിൽ നിന്ന് സമാഹരിച്ച് നൽകിയിട്ടുമുണ്ട്.
2024 നവംബറിൽ ഒരു വിദേശ എംബസിയിൽ നിന്നാണ് താൻ ഇന്നോവ വാങ്ങിയതെന്നും തുടർന്ന് വാഹനം തന്റെ പേരിലേക്ക് മാറ്റിയിട്ടില്ലാത്തതിനാൽ എംബസി ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും വാർത്തയിൽ ഡിസിപി (ക്രൈം ബ്രാഞ്ച്) സഞ്ജീവ് കുമാർ യാദവിനെ ഉദ്ധരിച്ചിരിക്കുന്നു. പൊലീസ് പരിശോധനകൾ ഒഴിവാക്കാനാണ് എംബസി മാതൃകയിലുള്ള വ്യാജ നമ്പർ പ്ലേറ്റുകൾ തയ്യാറാക്കിയതെന്ന് വനിത സമ്മതിക്കുന്നുണ്ട്. ഒരു വിദേശ എംബസിയുടെ പ്രതിനിധിയാണെന്നും അവർ അവകാശപ്പെട്ടു. എങ്കിലും, തന്റെ എംബസി സന്ദർശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്താനോ വാഹനത്തിന്റെ നയതന്ത്രപരമോ അല്ലെങ്കിൽ ഉടമസ്ഥാവകാശ സംബന്ധിയോ ആയ രേഖകൾ ഹാജരാക്കാന്‍ അവർക്ക് ക­ഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. 

മേല്പറഞ്ഞതെല്ലാം ഗു­രുതരമായ കുറ്റകൃത്യങ്ങളാണ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടതുമാണ്. എന്നിട്ടും വനിതയുടെ പേര് പുറത്തുപറയുന്നതിന് മടി കാട്ടിയതെന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. ‍ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലാണ്. സംഭവം ദേശസുരക്ഷയുമായി ബന്ധപ്പെട്ട വൻനേട്ടമെന്ന നിലയിൽ കൊട്ടിഘോഷിച്ചപ്പോൾ പേര് വിട്ടുപോയതായിരിക്കാനിടയില്ല. ചില മാധ്യമങ്ങൾ നേരിട്ട് ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പക്ഷേ ചില മാധ്യമങ്ങൾ അറിഞ്ഞോ അറിയാതെയോ പ്രസിദ്ധീകരിച്ച ചിത്രത്തിൽ വനിതയുടെ ചിത്രം അവ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. അതനുസരിച്ച് ദ വയർ, ആൾട്ട് ന്യൂസ് ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് ആരാണ് ഡൽഹി പൊലീസ് വീരവാദം നടത്തിയ കേസിൽ കുറ്റാരോപിതയായ വനിതയെന്നും എന്തുകൊണ്ടാണ് അവരുടെ പേരും രാഷ്ട്രീയ ബന്ധങ്ങളും മറച്ചുവയ്ക്കപ്പെട്ടതെന്നതും പുറത്തുവന്നത്.
വനിത അഷ്മ ബീഗമാണെന്ന് തിരിച്ചറിയുകയും അവരുടെ സമൂഹമാധ്യമ വിലാസം പരിശോധിച്ചപ്പോൾ ബിജെപി സഖ്യകക്ഷിയുടെ ദേശീയ നേതാവാണെന്ന് മനസിലാക്കുകയും ചെയ്തു. എൻഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (അത്താവാലെ) ദേശീയ സെക്രട്ടറിയാണെന്ന് അവർ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാംഗവും മോഡി മന്ത്രിസഭയിൽ സഹമന്ത്രിയുമായ രാംദാസ് അത്താവാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ മേധാവി. പൊലീസ് അവരുടെ പേര് മറച്ചുപിടിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം ഇതായിരുന്നു.
നേരത്തെയും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായി. അവയൊക്കെയും ദേശസുരക്ഷയും ഭരണവുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ട് വർഷക്കാലം പ്രധാനമന്ത്രിയുടെ ഓഫിസ് ഉന്നതൻ എന്ന പേരിൽ വിലസി നടന്ന ഗുജറാത്തുകാരനായ കിരൺ പട്ടേൽ അതുപോലെ ഒരാളായിരുന്നു. സംശയം തോ­ന്നിയതിനെത്തുടർന്ന് 2023 മാർച്ച് മൂന്നിന് ജമ്മു കശ്മീർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അ­തിനിടെ അ­തീവ സുരക്ഷാ മേഖലകളിൽ പോലും ഇ­യാൾ സന്ദർശനം നടത്തിയിരുന്നു. അ­പ്പോഴെല്ലാം പ്രധാനമന്ത്രിയുടെ ഓഫിസ് ഉന്നതനെന്ന വ്യാജ മേൽവിലാസമാണ് ഉപയോഗിച്ചത്. സാധാരണ നി­ലയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുമ്പോൾ പ്രസ്തുത ഓഫിസിൽ നിന്ന് സന്ദേശം ലഭിക്കേണ്ടതാണ്. എന്നാൽ അതില്ലാതെ എവിടെയും പ്രവേശിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ഒടുവിൽ ജമ്മു കശ്മീർ പൊലീസിന് മാത്രമാണ് സന്ദേശമില്ലാതെയെത്തിയ ഇയാളെക്കുറിച്ച് സംശയം തോന്നിയതും അറസ്റ്റ് ചെയ്തതും. 

ഗുജറാത്തിൽ അരഡസൻ വഞ്ചനാ കേസുകളുള്ള കുറ്റവാളിയായിരുന്നു കിരൺ പട്ടേൽ. അങ്ങനെയൊരാൾക്ക് പിന്നീടും ആൾമാറാട്ടം നടത്താനും ആളുകളെ പറ്റിക്കാനും ഒരു തടസവുമുണ്ടായില്ല. 2023 മാർച്ചിൽ അറസ്റ്റ് ചെയ്ത പട്ടേൽ ആറ് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ഓഗസ്റ്റിലാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ഒരു വ്യാപാരിയെ 48 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഗുജറാത്തിൽ വീണ്ടും അറസ്റ്റിലായി. ഇത്രയും ഗുരുതരമായ കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടും കിരൺ പട്ടേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുന്നത് പിന്നെയും ഒരു വർഷം കഴിഞ്ഞായിരുന്നു. 2024 ഒക്ടോബറിൽ ശ്രീനഗർ മേഖലാ ഇഡിയാണ് അനധികൃത ധനസമാഹരണം, കള്ളപ്പണം വെളുപ്പിക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തുകാരനായതുകൊണ്ടാണ് ഇ­യാൾക്ക് സംരക്ഷണം ലഭിച്ചതെന്ന സംശയം അക്കാലത്ത് മാധ്യമങ്ങൾ ഉന്നയിച്ചിരുന്നു.
ഉത്തർപ്രദേശിൽ ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള ആദിത്യനാഥ് പൊലീസിന്റെ ശ്രമം വൻ വിവാദമുണ്ടാക്കിയിരിക്കുകയാണ്. കാൺപൂർ നഗരത്തിലെ ഗ്വാൾട്ടോളി പ്രദേശത്ത് ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് ലംബോർഗിനി പാഞ്ഞുകയറിയായിരുന്നു അപകടം. ആറ് പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഭവത്തിന് നിരവധി ദൃക്സാക്ഷികളുമുണ്ടായിരുന്നു. പക്ഷേ വാഹനമോടിച്ചത് ആരാണെന്ന് രേഖപ്പെടുത്താതെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. വൻകിട പുകയില വ്യാപാരി കെ കെ മിശ്രയുടെ മകൻ ശിവം മിശ്രയാണ് വാഹനമോടിച്ചിരുന്നതെങ്കിലും അയാളുടെ പേര് ചേർത്തില്ല. വൻ പ്രതിഷേധത്തെ തുടർന്നാണ് ഒരു ദിവസത്തിനുശേഷം സംശയിക്കുന്നുവെന്ന രീതിയിൽ പേര് ചേർത്തത്. അതിനിടയിൽ മറ്റൊരാളാണ് വാഹനമോടിച്ചതെന്ന വാദമുന്നയിക്കപ്പെടുകയും തെളിവുകൾ നശിപ്പിക്കുന്നതിന് അവസരമുണ്ടാകുകയും ചെയ്തിരുന്നു.
അടുത്ത ദിവസം കുറ്റാരോപിതനായ ശിവം മിശ്രയുടെ പിതാവും അഭിഭാഷകനും പൊലീസ് തെറ്റായാണ് ശിവം മിശ്രയുടെ പേര് ചേർത്തതെന്നും മറ്റൊരാളാണ് വാഹനമോടിച്ചതെന്നും അവകാശപ്പെട്ട് രംഗത്ത് വരികയും ചെയ്തു. ഈ കേസ് യഥാർത്ഥ പ്രതിക്ക് പകരം മറ്റൊരാളെ അവതരിപ്പിച്ച് അട്ടിമറിക്കപ്പെടുമെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.
ദേശസ്നേഹത്തെയും ക്രമസമാധാന പരിപാലനത്തെയും കുറിച്ച് ഊറ്റംകൊള്ളുന്ന ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരുകളുടെ പ്രദേശങ്ങളിലാണ് ഇതുപോലെ മുഖമില്ലാത്ത കുറ്റവാളികളുണ്ടാകുന്നത്. സുരക്ഷാ മേഖലയിൽ വ്യാജപേരുകളിൽ കടന്നാലും നയതന്ത്രത്തിൽപ്പോലും കള്ളം കാട്ടിയാലും ആളുകളെ ഇടിച്ച് തെറിപ്പിച്ച് ഓടിപ്പോയാലും അവർക്ക് പേരുകളുണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.