
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമി ‘ദേശീയ സ്വത്തായി’ രജിസ്റ്റർ ചെയ്യാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കനത്ത പ്രതിഷേധം. 1967ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് വെസ്റ്റ് ബാങ്കിൽ ഭൂമി രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ 60 ശതമാനത്തോളം വരുന്ന ‘ഏരിയ സി’ മേഖലയിലാണ് പദ്ധതി നടപ്പിലാക്കുക. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വ്യക്തത വരുത്താനാണ് നീക്കമെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോൾ, കൂടുതൽ കുടിയേറ്റ വാസസ്ഥലങ്ങള്‍ പണിയാനും പ്രദേശം ഔദ്യോഗികമായി പിടിച്ചെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിനെ ഇസ്രയേലിന്റെ ഭാഗമാക്കാനുള്ള ഔദ്യോഗിക നീക്കത്തിന്റെ തുടക്കമാണിതെന്ന് പലസ്തീൻ പ്രസിഡന്റ് വക്താവ് നബീൽ അബു റുദൈന പറഞ്ഞു. ജനീവ കൺവെൻഷൻ പ്രകാരം അധിനിവേശ ശക്തിക്ക് പിടിച്ചെടുത്ത ഭൂമി സ്വന്തം പേരിലാക്കാൻ അവകാശമില്ലെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്താവനകളിൽ ഒതുങ്ങാതെ, നിയമവിരുദ്ധ നടപടി തടയാൻ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മേല്‍ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനൽ കോടതി മുമ്പാകെ കൂടുതൽ പരാതികൾ നൽകാൻ പലസ്തീൻ അതോറിറ്റി ആലോചിക്കുന്നുണ്ട്.
പലസ്തീൻ ഭൂമിയിൽ ഇസ്രയേൽ നടത്തുന്ന രജിസ്ട്രേഷൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിന്മേലുള്ള ഇസ്രയേലിന്റെ നിയന്ത്രണം നിയമപരമായി ഉറപ്പിക്കാനും പലസ്തീനികളുടെ ഭൂമി തട്ടിയെടുക്കാനുമുള്ള തന്ത്രമാണിത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തിന്’ ഈ നീക്കം തിരിച്ചടിയാകുമെന്നും ഈജിപ്ത് മുന്നറിയിപ്പ് നൽകി. അധിനിവേശ പ്രദേശങ്ങളില്‍ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ വരുത്തുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഈജിപ്ത് ആഹ്വാനം ചെയ്തു.
ശക്തമായ ഭാഷയിലാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നടപടി യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2334ന്റെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യത്തെ തകർക്കാനും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കമാണിതെന്നും മന്ത്രാലയം പറഞ്ഞു. പലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾ അധിനിവേശം കൂടുതൽ ശക്തമാക്കാൻ മാത്രമേ സഹായിക്കൂ. വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധമായ കുടിയേറ്റ നിർമ്മാണങ്ങൾ നിർത്തിവയ്ക്കാന്‍ ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
1993ലെ ഓസ്ലോ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ഭൂമി പിടിച്ചെടുക്കൽ എന്നാണ് ഇസ്രയേലിന്റെ നീക്കത്തെ മനുഷ്യാവകാശ സംഘടനയായ പീസ് നൗ വിശേഷിപ്പിച്ചത്. ഏകദേശം 1,976 ഏക്കര്‍ വരുന്ന ഭൂമിയാണ് ഇസ്രയേൽ ഒരൊറ്റ ഉത്തരവിലൂടെ ദേശീയ സ്വത്തായി പ്രഖ്യാപിച്ചത്. ഇത് കേവലം നിയമപരമായ നടപടിയല്ല, മറിച്ച് രാഷ്ട്രീയമായ കടന്നുകയറ്റമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കിലെ ഭൂമി ദേശീയ സ്വത്തായി പ്രഖ്യാപിക്കുന്നതോടെ നിയമവിരുദ്ധമായ ഇസ്രയേലി കുടിയേറ്റ കേന്ദ്രങ്ങള്‍ നിർമ്മിക്കാൻ സർക്കാരിന് എളുപ്പത്തിൽ സാധിക്കും. ഇസ്രയേലിന്റെ നടപടി സമാധാന ചർച്ചകൾക്കും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുമെന്ന് പീസ് നൗ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.