
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ട്രൂത്ത്’ എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ട് 2026ഫെബ്രുവരി രണ്ടിന് ഇന്ത്യയുമായി വ്യാപാര കരാറിലെത്തിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോഴാണ് നമ്മുടെ പാര്‍ലമെന്റും 140കോടി ജനങ്ങളും ഇക്കാര്യം അറിയുന്നത് എന്നത് ജനാധിപത്യ വ്യവസ്ഥിതിക്കുതന്നെ അപമാനകരമാണ്. ഇന്ത്യ – യുഎസ് ഉല്പന്നങ്ങള്ക്കുള്ള നികുതി പൂര്‍ണമായും എടുത്തുകളഞ്ഞുവെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായി നിര്‍ത്താമെന്ന് സമ്മതിച്ചുവെന്നും 50,000കോടി ഡോളറിന്റെ വ്യാപാരത്തിന് അനുമതി നല്‍കുമെന്നും (നിലവില്‍ ഇറക്കുമതി 13,000കോടി ഡോളര്‍ മാത്രമാണ്), യുഎസിന്റെ പാല്, കാര്ഷികോല്പന്നങ്ങള് ഒരു തീരുവയുമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതിക്ക് അനുമതി നല്‍കുമെന്നും എല്ലാം ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയോ ധനകാര്യമന്ത്രിയോ വാണിജ്യമന്ത്രിയോ ട്രംപിന്റെ ഈ പോസ്റ്റിനോട് ഉടന്‍ പ്രതികരിക്കുകയും ചെയ്തില്ല. പിന്നീട് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് നരേന്ദ്ര മോഡി എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്നും ട്രംപിന്റെ നേതൃപാടവം ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും സഹായകമാകുമെന്നും മോഡി പറഞ്ഞു. ഇന്ത്യന്‍ ഉല്പന്നങ്ങളുടെ തീരുവ 18%ആയി കുറച്ചതില്‍ നന്ദിയും പറഞ്ഞു. നരേന്ദ്ര ദാമോദര്‍ ദാസ് മോഡി പ്രധാനമന്ത്രിയാവുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം, 2013ല്‍ ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ ഉല്പന്നങ്ങളുടെ യുഎസിലെ ഇറക്കുമതി തീരുവ 2.93% മാത്രമായിരുന്നു എന്നകാര്യം മറച്ചുവച്ചുകൊണ്ടാണ് മോഡി 18% തീരുവ ചുമത്തിയപ്പോള്‍ ട്രംപിന് നന്ദി അറിയിക്കുന്നത്. 50ശതമാനത്തിലേറെ കയറ്റുമതി ഉല്പന്നങ്ങള്ക്കും തീരുവ ഇല്ലായിരുന്നുവെന്നും നമ്മള് അറിയേണ്ടതുണ്ട്.
യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍, പാലുല്പന്നങ്ങള് ഇവയ്ക്കൊന്നും തന്നെ ഇറക്കുമതി തീരുവ ഉണ്ടായില്ല എന്നാണ് ട്രംപ് പറയുന്നത്. ട്രംപ് പറയുന്നത് കേള്‍ക്കാന്‍ മാത്രമേ നമുക്ക് ഇപ്പോള്‍ അവസരമുള്ളു. കാരണം നമ്മുടെ പ്രധാനമന്ത്രി, ട്രംപിന് നന്ദി പറയുന്ന തിരക്കിലാണ്. ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം മറ്റൊരു രാഷ്ട്രവുമായി ഒരു കരാറിലെത്തുമ്പോള്‍ അത് വ്യാപാര കരാറോ സൈനിക സഖ്യമോ എന്തുതന്നെ ആയാലും പാര്‍ലമെന്റിന് അതറിയാനുള്ള അവകാശമുണ്ട്. സ്വന്തമായി കേവലഭൂരിപക്ഷം പോലുമില്ലാതെ സഖ്യകക്ഷികളുടെ മാത്രം ബലത്തില്‍ ഭരണം നടത്തുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ട്രംപിന്റെ ആജ്ഞകള്‍ക്ക് മുന്നില്‍ തലകുനിച്ചുനില്‍ക്കുന്നത്. ഇപ്പോള്‍ കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്, വിദേശകാര്യമന്ത്രി ജയശങ്കര്‍ തുടങ്ങിയവരുമെത്തിയിട്ടുണ്ട്. ഇതേസമയം രണ്ടാഴ്ച മുമ്പ് ജനുവരി 27ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വാണിജ്യ വ്യാപാര കരാര്‍ ഡല്‍ഹിയില്‍ ഒപ്പുവച്ചു. നീണ്ട 18വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ എന്നിവര്‍ ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തി, ഒപ്പിട്ട കരാറിന്റെ കോപ്പി പ്രസിദ്ധീകരണത്തിന് നല്കി. കരാറിന്റെ ഗുണവും ദോഷവും പൊതുസമൂഹം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ യുഎസ് — ഇന്ത്യ കരാറിനെക്കുറിച്ച് പ്രധാനമന്ത്രിയോ കാബിനറ്റ് മന്ത്രിമാരോ അബദ്ധത്തില്‍പ്പോലും പാര്‍ലമെന്റിലോ പുറത്തോ സംസാരിച്ചില്ല. എല്ലാം പരമരഹസ്യം. ഈ നാട്ടിലെ 150കോടിയോളം വരുന്ന ജനങ്ങളോ പാര്‍ലമെന്റോ അറിഞ്ഞില്ല. അത് പറയുന്നത് ഡൊണാള്‍ഡ് ട്രംപ് എന്ന യുഎസ് പ്രസിഡന്റാണ്. അതിന് സ്തുതിപാടുകയാണ് നരേന്ദ്ര മോഡി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ട്രംപിന് നന്ദി പറയുകവഴി മോഡി നീചമായി അപമാനിക്കുകയാണ് ചെയ്തത്. ഈ നടപടി അങ്ങേയറ്റം ലജ്ജാകരമാണ്.
മുതിര്‍ന്ന ബിജെപി നേതാവും, ഹാര്‍വാഡില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുള്ള ആറുതവണ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി “മോഡിക്ക് യുഎസിന്റെ ഭീഷണി ചെറുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഹര്‍ദീപ് പുരിയുടെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍” എന്ന് എപ്സ്റ്റീന് ഫയലുകളിലെ വരാനുള്ള വെളിപ്പെടുത്തലുകളെ സൂചിപ്പിച്ചുകൊണ്ട് മാസങ്ങള്‍ക്ക് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആ ട്വീറ്റ് അപ്രത്യക്ഷമായി. ഇപ്പോള്‍ എപ്സ്റ്റീന് ഫയലുകളിലെ കുറെ കാര്യങ്ങള്‍ കൂടി വ്യക്തമാവുന്നു.
പരസ്യമായ എപ്സ്റ്റീന് ഫയലുകളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മില്‍ നടന്ന ഇമെയില്‍ ചാറ്റുകളുടെ വിവരം പുറത്തുവന്നിരിക്കുന്നു. 2014മുതല്‍ 17വരെ നടന്ന കാര്യങ്ങളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. കുറഞ്ഞത് മൂന്നുതവണയെങ്കിലും പുരി എപ്സ്റ്റീനെ ന്യൂയോര്‍ക്കിലെ അയാളുടെ വസതിയില്‍ പോയി കാണുകയും ചെയ്തിരുന്നു. അക്കാര്യം ഹര്‍ദീപ് സിങ് ശരിവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ എപ്സ്റ്റീന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും ഡിജിറ്റല്‍ ഇന്ത്യക്കുവേണ്ടിയാണ് എപ്സ്റ്റീനുമായി സംസാരിച്ചത് എന്നുമാണ് പുരി പറയുന്നത്. 2014ന് മുമ്പുതന്നെ കൊച്ചുകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന് യുഎസില്‍ ജയിലില്‍ കിടന്ന കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റീന്. എപ്സ്റ്റീന് ഫയലുകളില്‍ ഈലോണ്‍ മസ്ക്, ബില്‍ഗേറ്റ്സ്, ഡൊണാള്‍ഡ് ട്രംപ്, ആന്‍ഡ്രു രാജകുമാരന്, റിച്ചാര്‍ഡ് ബ്രാന്സണ്, സാറാ ഫെര്ഗൂസന്, ബില്‍ ക്ലിന്റണ് തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു. ഇവരില്‍ പലരും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലെ സന്ദര്‍ശകരുമായിരുന്നു. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചു എന്നും ഈ രേഖകളിലുണ്ട് എന്നാണ് വാര്‍ത്തകള്‍. ജനുവരി 31ന് സുബ്രഹ്മണ്യന് സ്വാമി ഈ സര്‍ക്കാരിലുള്ള ആരുടെയൊക്കെ പേരാണ് എപ്സ്റ്റീന് ഫയലിലുള്ളത് എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഏകപക്ഷീയമായി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പ്രഖ്യാപിക്കുകയും ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങില്ല എന്ന് സമ്മതിച്ചതായി പറയുകയും ചെയ്യുമ്പോള്‍ ദുര്‍ബലമായ പ്രതിഷേധം പോലും ഉയര്‍ത്താതെ അതിനെയെല്ലാം സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. അപ്പോള്‍ സ്വാഭാവികമായും എന്താണ് ട്രംപിനെ ഇത്രയധികം ഭയപ്പെടുന്നത് എന്ന ചോദ്യം ഏതൊരു പൗരന്റെയും മനസില്‍ ഉയരുക സ്വാഭാവികം മാത്രമാണ്. ഇന്ത്യയിലെ കാര്‍ഷിക, ചെറുകിട, ഇടത്തരം വ്യവസായ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന, യുഎസിന് മാത്രം ഗുണം ചെയ്യുന്ന ഏകപക്ഷീയമായ ഒരു വ്യാപാര കരാര്‍ ഏകപക്ഷീയമായിത്തന്നെ ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ അതിന് നന്ദി പറയേണ്ടിവരുന്ന ഗതികേടിന് കാരണം ഇനിയും വരാനുള്ള എപ്സ്റ്റീന് ഫയലുകളിലെ വെളിപ്പെടുത്തലുകള്‍ തന്നെയാണോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.