
ലഡാക്കിന്റെ പ്രത്യേക പദവിക്കായി സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുകുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.വാങ്‌ചുകിന്റെ പ്രസംഗങ്ങളുടെയും മൊഴികളുടെയും ട്രാൻസ്‌ക്രിപ്റ്റുകൾ ഹാജരാക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.നമ്മൾ ജീവിക്കുന്നത് എഐ യുഗത്തിലാണെന്നും സാങ്കേതികവിദ്യ ഇത്രത്തോളം വളർന്ന കാലത്ത് രേഖകൾ തയ്യാറാക്കാൻ ആഴ്ചകൾ എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമായ ഈ കാലത്ത് ഓഡിയോ-വീഡിയോ റെക്കോർഡിംഗുകൾ ട്രാൻസ്‌ക്രിപ്റ്റുകളാക്കാൻ മിനിറ്റുകൾ മതിയാകും.
ഡിജിറ്റൽ യുഗത്തിൽ ഇത്തരം മെല്ലെപ്പോക്ക് നയങ്ങൾ നീതിന്യായ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് പദയാത്ര നടത്തിയ സോനം വാങ്‌ചുകിനെ നേരത്തെ തടങ്കലിൽ വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിലാണ് കേന്ദ്രത്തിന്റെ മെല്ലെപ്പോക്കിനെ കോടതി ചോദ്യം ചെയ്തത്.
രേഖകൾ പരിശോധിച്ചുവരികയാണെന്നും കൃത്യമായ വിവർത്തനത്തിന് സമയം ആവശ്യമാണെന്നുമാണ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം തള്ളിയ കോടതി, അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എല്ലാ രേഖകളും കൃത്യമായി ഹാജരാക്കണമെന്ന് കർശന നിർദ്ദേശം നൽകി. ലഡാക്കിലെ പരിസ്ഥിതി സംരക്ഷണത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമായി വാങ്‌ചുക് നടത്തുന്ന പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.