18 February 2026, Wednesday

Related news

February 18, 2026
February 17, 2026
February 16, 2026
February 12, 2026
February 12, 2026
February 12, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026

പുണ്യമാസത്തിന് തുടക്കം: കുവൈറ്റിൽ ഇന്ന് റമദാൻ വ്രതാരംഭം; ഭക്തിനിർഭരമായി പ്രവാസലോകം

Janayugom Webdesk
കുവൈറ്റ് സിറ്റി
February 18, 2026 12:45 pm

കുവൈറ്റിലും പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തിന് ഇന്ന് (ബുധനാഴ്ച) തുടക്കമായി. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കുവൈറ്റ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും ചാന്ദ്രദർശന സമിതി അധ്യക്ഷനുമായ ജസ്റ്റിസ് ഡോ. ആദിൽ ബൗറെസ്‌ലിയാണ് വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രാർത്ഥനാ നിർഭരമായ മനസ്സോടെ കുവൈറ്റിലെ സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് വിശ്വാസികൾ വ്രതശുദ്ധിയുടെ നാളുകളെ വരവേറ്റു.വിശുദ്ധ മാസത്തിന്റെ വരവ് പ്രമാണിച്ച് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവർക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കുവൈറ്റ് മന്ത്രിസഭ റമദാൻ ആശംസകൾ നേർന്നു. കുവൈറ്റ് അമീറും ഭരണാധികാരികളും ജനങ്ങൾക്ക് വിശുദ്ധ മാസത്തിന്റെ ആശംസകൾ നേർന്നു. സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഈ വേളയിൽ പ്രാർത്ഥനകളിലും ആരാധനകളിലും മുഴുകാനാണ് വിശ്വാസി സമൂഹം തയാറെടുക്കുന്നത്.

റമദാൻ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി രാജ്യം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പകൽ സമയങ്ങളിൽ പൊതുസ്ഥലങ്ങളിൽ ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും കർശന നിരോധനമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. റമദാൻ കാലത്തെ ഭിക്ഷാടനം തടയാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനകൾ നടത്തും. പിടിയിലാകുന്ന വിദേശികളെ ഉടൻ നാടുകടത്തുന്നതുൾപ്പെടെയുള്ള കർശന നടപടികളുണ്ടാകും.

രാജ്യത്തെ മസ്ജിദുകളിൽ പ്രത്യേക നമസ്കാരങ്ങൾ നടക്കും. വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് നിയന്ത്രിക്കാൻ വിപുലമായ സൗകര്യങ്ങളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. വിവിധ സന്നദ്ധ സംഘടനകളുടെയും മന്ത്രാലയങ്ങളുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇഫ്താർ ടെന്റുകൾ പ്രവർത്തനമാരംഭിച്ചു. സർക്കാർ സ്ഥാപനങ്ങളുടെയും മറ്റ് ഓഫീസുകളുടെയും ജോലിസ്ഥലങ്ങളിലെയും പ്രവൃത്തി സമയത്തിൽ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar