
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകി. റൗസ് അവന്യൂ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ നീക്കം. അഴിമതി ലക്ഷ്യമിട്ടാണ് മദ്യനയം നടപ്പിലാക്കിയതെന്ന സിബിഐയുടെ വാദം തള്ളിയാണ് വിചാരണ കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. കുറ്റകരമായ ഗൂഢാലോചന തെളിയിക്കുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്നും കേവലം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം ഒരാളെ കുറ്റക്കാരനായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അരവിന്ദ് കെജ്രിവാളിനെ കൂടാതെ മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത, മലയാളി വ്യവസായ വിജയ് നായർ എന്നിവരടക്കമുള്ളവരാണ് കേസിൽ കുറ്റവിമുക്തരായത്. കേസിൽ കെജ്രിവാൾ 156 ദിവസവും സിസോദിയ 530 ദിവസവും ജയിലിൽ കഴിഞ്ഞിരുന്നു. വിധി കേട്ട ശേഷം കോടതിയിൽ വെച്ച് അരവിന്ദ് കെജ്രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞത് വലിയ വാർത്തയായിരുന്നു. കേസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും ചേർന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ നേരിട്ട പോരാട്ടത്തിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
അതേസമയം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതി ശുപാർശ ചെയ്തു. കെജ്രിവാളിന്റെ വിമോചനത്തെ പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന്റെ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, ഈ കേസിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സിബിഐ. ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വിചാരണ കോടതിയുടെ നിരീക്ഷണങ്ങളെ ഏജൻസി ഓരോന്നായി ചോദ്യം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.