
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റെക്കോഡ് പ്രകടനങ്ങളുമായി ജമ്മു കശ്മീരിന്റെ പേസർ ആഖിബ് നബി. കർണാടകയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ 29 കാരനായ നബി, ജമ്മു കശ്മീരിനെ അവരുടെ കന്നി രഞ്ജി കിരീടത്തിന്റെ തൊട്ടരികിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ആഖിബ് നബി ഇതുവരെ 60 വിക്കറ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു. 92 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഒരു സീസണിൽ 60 വിക്കറ്റുകൾ തികയ്ക്കുന്ന മൂന്നാമത്തെ മാത്രം പേസ് ബൗളറാണ് ഈ താരം. കർണാടകയുടെ ബാറ്റിങ് നിരയിലെ വമ്പന്മാരായ കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ എന്നിവരെ പുറത്താക്കിക്കൊണ്ടാണ് നബി തന്റെ കരുത്ത് തെളിയിച്ചത്. ഈ സീസണിൽ നബി നേടുന്ന ഏഴാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും കൂടിയായിരുന്നു ഇത്.
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഷീരി എന്ന ഗ്രാമത്തിൽ നിന്നാണ് ആഖിബിന്റെ വരവ്. പരിശീലന സൗകര്യങ്ങളുടെ കുറവ് മൂലം കിലോമീറ്ററുകളോളം യാത്ര ചെയ്താണ് താരം ക്രിക്കറ്റ് പഠിച്ചത്. കശ്മീർ ക്രിക്കറ്റിലെ ഇതിഹാസ താരം പർവേസ് റസൂലിന്റെ പാത പിന്തുടർന്ന ആഖിബ് ഇന്ന് ആ നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ജമ്മു കശ്മീർ തങ്ങളുടെ ആദ്യ രഞ്ജി കിരീടത്തിലേക്ക് പന്തെറിയുമ്പോൾ ആഖിബ് നബിയാണ് ആ പ്രതീക്ഷകളുടെ നെടുംതൂൺ.
തുടക്കത്തിൽ ഔട്ട്സ്വിംഗറുകൾ മാത്രം എറിഞ്ഞിരുന്ന ആഖിബിനെ മികച്ചൊരു ഓൾറൗണ്ട് ബൗളറാക്കി മാറ്റിയത് പരിശീലകൻ പി കൃഷ്ണകുമാറാണ്. കൃത്യമായ പരിശീലനത്തിലൂടെ ഇൻസ്വിംഗറുകളും വേഗതയേറിയ ബൗൺസറുകളും താരം സ്വായത്തമാക്കി. അടുത്തിടെ നടന്ന ഐപിഎൽ താരലേലത്തിൽ 8.4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ആഖിബിനെ സ്വന്തമാക്കിയിരുന്നു. ഇത് കശ്മീർ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകകളിലൊന്നാണ്.
നബിയുടെ തകർപ്പൻ ഫോം കണ്ട മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി താരത്തെ പ്രശംസ കൊണ്ട് മൂടി. ആഖിബ് നബിയെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ജൂലൈയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നബിയെപ്പോലൊരു സ്വിംഗ് ബൗളർക്ക് അരങ്ങേറ്റം കുറിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണെന്നും ഗാംഗുലി എക്‌സില്‍ പറഞ്ഞു. കഠിനമായ സാഹചര്യങ്ങൾ കഠിനാധ്വാനികളെ സൃഷ്ടിക്കുമെന്നും ജമ്മു കശ്മീരിന്റെ ഈ വളർച്ച അഭിമാനകരമാണെന്നും മുന്‍ നായകന്‍ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.