
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലുവർഷ ബിരുദ പരിപാടിയിൽ ഒരേ രീതിയിലുള്ള മൂല്യനിർണയ രീതികൾ പ്രയോഗിക്കുന്നത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പരിമിതികൾ സൃഷ്ടിക്കുന്നതിനാലാണ് അവർക്കായി സർക്കാർ പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമയപരിധിയുള്ള എഴുത്തുപരീക്ഷകൾ, വാചികാവതരണങ്ങൾ, പ്രായോഗിക പരീക്ഷകൾ തുടങ്ങിയ പരമ്പരാഗത മൂല്യനിർണയ രീതികൾ ഭിന്നശേഷി വിഭാഗത്തിലെ ചില വിദ്യാർത്ഥികൾക്ക് ഘടനാപരമായ തടസങ്ങളുണ്ടാക്കുന്നു.
ഈ തിരിച്ചറിവിലാണ് കാഴ്ചപരിമിതർ, ശ്രവണപരിമിതർ, ചലനപരിമിതർ, സംസാര‑ഭാഷാ വൈകല്യം, എഡിഎച്ച്ഡി, ഓട്ടിസം, മാനസിക വെല്ലുവിളി, പ്രത്യേക പഠന വൈകല്യം, ബൗദ്ധിക വൈകല്യം തുടങ്ങിയ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത അക്കാദമിക് വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാതൃകാമാർഗരേഖ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെൽ തയ്യാറാക്കിയിട്ടുണ്ട്. അത് തുടർനടപടികൾക്കായി സർവകലാശാലകൾക്ക് നൽകും. യുജിസിയും ഇതുമായി ബന്ധപ്പെട്ട ഒരു രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാലകളും മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധ്യമാകുന്ന മേഖലകളിൽ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗിക്കുകയെന്നതാണ് പിന്തുടരാൻ നിർദേശിച്ചിരിക്കുന്നത്. സെമസ്റ്റർ പരീക്ഷയ്ക്ക് അധിക സമയം, സഹായക ഉപകരണങ്ങളുടെ ഉപയോഗം, മാറ്റിയ ചോദ്യമാതൃകകൾ, പ്രത്യേക പരീക്ഷാ ഹാളുകളുടെ സൗകര്യം തുടങ്ങിയ വ്യത്യസ്ത രീതികൾ ഉപയോഗിക്കാനാവും. നിലവിലെ സ്ക്രൈബിന്റെ സഹായം തേടുന്ന രീതിയും തുടരാം. വിദ്യാർത്ഥികളുടെ പശ്ചാത്തലവും കോളജിലെ സൗകര്യവും ഉപയോഗിച്ച് ഏറ്റവും മെച്ചപ്പെട്ട രീതി ഉപയോഗിക്കാനുള്ള അധികാരം അധ്യാപകർക്ക് നൽകും. പിഡബ്ല്യുഡി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അനുയോജ്യമായ, സൗകര്യപ്രദമായ മൂല്യനിർണയ രീതികൾ സ്വീകരിക്കുന്നത് ഒരു ഇളവായല്ല നൽകുന്നത്. വിദ്യാഭ്യാസ നിലവാരം കുറയ്ക്കുകയല്ല, വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും പ്രാവീണ്യങ്ങളും ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ഘടനാപരമായ തടസങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.