14 March 2026, Saturday

Related news

March 14, 2026
March 10, 2026
February 18, 2026
July 13, 2025
October 25, 2024
October 2, 2024
June 13, 2024
May 21, 2024
May 11, 2024
October 5, 2023

ട്രാൻസ്‌ജെൻഡർ നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന് മന്ത്രി ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
March 14, 2026 9:07 pm

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളെയും നിലവിലുള്ള അവരുടെ അവകാശസംരക്ഷണ നിയമങ്ങളെയും വേരോടെ തകർക്കാൻ ഉദ്ദേശിച്ച് ലോക്‌സഭയില്‍ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ട്രാൻസ്‌ജെൻഡർ നിയമ (2019) ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. സാമൂഹ്യനീതിക്ക് വേണ്ടി ട്രാൻസ്ജെൻഡർ സമൂഹം പൊരുതി നേടിയ വിജയങ്ങളെയാകെ അട്ടിമറിക്കുന്ന മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതിയാണ് കേന്ദ്രസർക്കാർ മുന്നോട്ടു വയ്ക്കുന്നത്. സ്വയം നിർണയാവകാശം എടുത്തുമാറ്റിക്കൊണ്ടുള്ളതടക്കമുള്ള ഭേദഗതികൾ അന്തസോടെ ജീവിക്കുവാനുള്ള മൗലികാവകാശമായി സുപ്രീം കോടതി അംഗീകരിച്ച അവകാശത്തെയാണ് കീറിയെറിയുന്നത്. സർക്കാർ പരിശോധനാ സംവിധാനങ്ങളുടെ നിർബന്ധിത പരിശോധനയ്ക്ക് ഇതിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ തള്ളിവിടുകയെന്ന ഭേദഗതി ബില്ലിലെ നിലപാട് അവരുടെ സ്വകാര്യതയിൽ കടന്നുകയറുകയെന്ന ഭരണഘടനാ വിരുദ്ധതയാണ്. പലനിലയിൽ പാർശ്വവത്കൃതരായി കഴിയേണ്ടിവരുന്ന ഈ വ്യക്തികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം നിരാകരിച്ച് അവരെ ഭരണകൂടത്തിന്റെ ദയാദാക്ഷിണ്യത്തിലാക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ല. ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിർവചിക്കുനതിൽ വരുത്തുന്ന ഭേദഗതി ട്രാന്‍സ് പുരുഷന്‍, ട്രാന്‍സ് സ്ത്രീ, ജെൻഡർ‑ക്വിയർ, നോൺ‑ബൈനറി വ്യക്തികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ നിയമസംരക്ഷണ പരിധിയിൽ നിന്നും പുറന്തള്ളാനാണ്. കൊളോണിയൽ കാലത്തെ കുറ്റവാളിഗോത്രങ്ങളായി ചില തദ്ദേശീയ സമൂഹങ്ങളെ ചാപ്പയടിച്ച് ജയിലിൽ തള്ളുന്ന തരം പ്രാകൃതത്വം ഭേദഗതി ബില്ലിലാകെ കാണുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രമാണങ്ങളോടുള്ള തികഞ്ഞ അവമതിപ്പ് നിറഞ്ഞ കേന്ദ്രസർക്കാരിന്റെ ഈ സമീപനം, കീഴാള ജനസമൂഹങ്ങളെയാകെ ഭീതിയിലേക്ക് തള്ളിവിടുന്നതാണ്. രാജ്യത്തെയാകെ ഭയം ഭരിക്കുന്ന തരത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടമായി കേന്ദ്രസർക്കാർ മാറിയതിന്റെ ഒന്നാന്തരം ലക്ഷണമാണിത്. ട്രാൻസ്ജെൻഡർ സമൂഹത്തെ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾക്കു പുറത്തടയ്ക്കാനുള്ള ഈ നീക്കത്തെ ജനാധിപത്യസമൂഹം ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. സഹസ്രാബ്ദങ്ങൾ നീണ്ട കീഴ്‌നിലയിൽ നിന്നും നീതിയുടെ വെളിച്ചത്തിലേക്ക് വന്നെത്തിയ ജനതയെ ഇനിയും ഇരുളിൽ തള്ളാനുള്ള ഗൂഢപദ്ധതിയാണിത്. ലോകസഭയിൽ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയരണം. ഭേദഗതി ബിൽ റദ്ദാക്കണമെന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഏറ്റവും ന്യായമായ ആവശ്യത്തിനു വേണ്ടി പാർലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭമുയരണം. സാമൂഹ്യനീതിക്കു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളോടും മുഖം തിരിക്കുന്ന വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തനിനിറം വലിച്ചു കീറിക്കാണിക്കാൻ ജനാധിപത്യസമൂഹം ഒന്നിച്ചുണരണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.