പന്ത്രണ്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികളെ ആദായനികുതി വിമുക്തമാക്കിയതാണ് 2025 — 26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രബജറ്റിനെ ‘ജനപ്രിയ’മാക്കുന്നതെന്ന്, ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ ആ പ്രഖ്യാപനത്തിന് നൽകിയ ഊന്നലും ഭരണകക്ഷി ബെഞ്ചിന്റെ അതിനോടുള്ള പ്രതികരണവും വ്യക്തമാക്കുന്നു. 142ൽപരം കോടി പൗരന്മാരുടെ രാഷ്ട്രമായ ഈ മഹാ ജനസഞ്ചയത്തിൽ പുതുതായി ഒരുകോടിയില്‍പരം മാത്രം ഗുണഭോക്താക്കൾക്കായിരിക്കും ഈ നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കുക. രാജ്യത്തെ മധ്യവർഗത്തിൽത്തന്നെ ഒരു ചെറുപറ്റം വരേണ്യ വിഭാഗത്തിന് മാത്രം പ്രയോജനം ലഭിച്ചേക്കാവുന്ന ഈ പ്രഖ്യാപനം വാർത്തകളിൽ സൃഷ്ടിക്കുന്ന അമിതപ്രാധാന്യം നമ്മുടെ സമകാലിക സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ആധിപത്യം പുലർത്തുന്ന മുൻഗണനകളിൽ വന്നിരിക്കുന്ന അസന്തുലിതാവസ്ഥയെയാണ് അടയാളപ്പെടുത്തുന്നത്. വരുമാന നികുതിയിൽ ഇപ്പോൾ പ്രഖ്യാപിച്ച ഇളവ് മോഡി സർക്കാരിന്റെ അസാധാരണ കണ്ടെത്തലായി വ്യാഖ്യാനിക്കുന്നത് പൊതുജനത്തിന്റെ ഓർമ്മശക്തിയോടുള്ള വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല. എട്ടുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളെ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്കും ഇളവുകൾക്കും യോഗ്യരാക്കി പ്രഖ്യാപിച്ച സർക്കാരാണ് ഇതെന്ന് വിസ്മരിക്കരുത്. ഇത്തരം നികുതിയിളവുകൾ മോഡിപൂർവ സർക്കാരുകളും പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്. രൂപയുടെ മൂല്യശോഷണം, പണപ്പെരുപ്പം, വിലക്കയറ്റം, ജനങ്ങളുടെ ക്രയശേഷിയിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ച തുടങ്ങി വിവിധ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ നേരിടാൻ അതത് കാലത്തെ സർക്കാരുകൾ അവലംബിച്ചുപോന്ന പരമ്പരാഗത തന്ത്രങ്ങൾക്കപ്പുറം ഇപ്പോഴത്തെ നടപടിയിൽ അത്ഭുതകരമായി യാതൊന്നും ഇല്ലെന്നതാണ് വസ്തുത. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട നികുതിയിളവാകട്ടെ രാജ്യം നേരിടുന്ന വളർച്ചാമുരടിപ്പ്, സാമ്പത്തികമാന്ദ്യം എന്നിവയോടുള്ള പരമ്പരാഗത പ്രതികരണത്തിന് അപ്പുറം യാതൊന്നുമല്ല. ഇന്ത്യയുടെ തെല്ലും ഭദ്രമല്ലാത്ത സാമ്പത്തിക യാഥാർത്ഥ്യങ്ങളോടുള്ള ഭാവനാശൂന്യമായ പ്രതികരണത്തെയാണ് ഈ ബജറ്റ് അടയാളപ്പെടുത്തുന്നത്.
ലോകത്തെ ഏറ്റവും വിപുലവും മാതൃകാപരവുമെന്ന് ലോകബാങ്കടക്കം വിവിധ ആഗോള സ്ഥാപനങ്ങളും സർക്കാരുകളും പ്രകീർത്തിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവച്ച വിഹിതം മോഡി സർക്കാരിന്റെ വിവിധ ജനവിഭാഗങ്ങളോടുള്ള ഇരട്ടത്താപ്പും ബജറ്റിന്റെ വിരുദ്ധോക്തിയും തുറന്നുകാട്ടുന്നു. പദ്ധതിക്കായി ബജറ്റ് വകയിരുത്തുന്നത് കേവലം 86,000 കോടി രൂപയാണ്. ഗ്രാമീണ മേഖലകളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദുരിതജീവിതവും അപ്പാടെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ സാമ്പത്തികവർഷം പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുക മാത്രം അനുവദിച്ചിരിക്കുന്നത്. പദ്ധതിപ്രകാരം തൊഴിൽ ചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവരുന്ന ഗ്രാമീണരുടെ എണ്ണത്തിലുണ്ടായ 15 ശതമാനത്തിലധികം വര്‍ധനവോ 2023–24ൽ പദ്ധതിക്കായി ചെലവിട്ട 89,154 കോടിയുടെ കണക്കോ പരിഗണിക്കാതെയാണ് ഇപ്പോൾത്തന്നെ 13,40,99,119 സക്രിയ തൊഴിലാളികളുള്ള പദ്ധതിയെ ബജറ്റ് പാടെ അവഗണിച്ചിരിക്കുന്നത്. ആധാർ ബന്ധിത രജിസ്ട്രേഷൻ സംവിധാനത്തിന്റെ പരാജയം മൂലം മറ്റൊരു 10 കോടിയില്‍പരം തൊഴിലാളികൾ പദ്ധതിക്ക് പുറത്താണെന്നത് പട്ടിണിപ്പാവങ്ങളും അധഃസ്ഥിതരുമായ ജനങ്ങളോടുള്ള ‘ജനപ്രിയ’ സർക്കാരിന്റെയും ബജറ്റിന്റെയും ജനവിരുദ്ധതയാണ് തുറന്നുകാട്ടുന്നത്. ബജറ്റവതരണത്തിൽ അര ഡസൻ തവണ ബിഹാറിന്റെ പേര് ആവർത്തിച്ച ധനമന്ത്രി ഉത്തർപ്രദേശുപോലെ ബിജെപി തന്നെ ഭരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ പേര് ഒരിക്കൽപ്പോലും പരാമർശിച്ചില്ലെന്നത് അഖിലേഷ് യാദവടക്കം പ്രതിപക്ഷത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. മോഡിയും യുപി മുഖ്യൻ ആദിത്യനാഥും തമ്മിൽ മാറിമറിയുന്ന സമവാക്യങ്ങളിലേക്കായിരിക്കാം അത് വിരൽചൂണ്ടുന്നത്. ബിജെപി ഭരണകൂടങ്ങളുടെ പ്രതിച്ഛായയ്ക്ക് കളങ്കമായ മഹാകുംഭ ദുരന്ത ചർച്ച ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗവുമായേക്കാം ആ നിശബ്ദത. ആസന്നമായ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയുടെ ആമുഖത്തിന്റെ പ്രതീതിയാണ് നിർമ്മലാ സീതാരാമന്റെ ബജറ്റ് കാഴ്ചവയ്ക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമ്മർദവും പ്രേരണകളും ആർക്കും മനസിലാവും. എന്നാൽ അതിന് നല്‍കേണ്ടി വരുന്ന വില രാജ്യത്തിന്റെ സാമ്പത്തിക ഫെഡറൽ സന്തുലനത്തിന്റെ തകർച്ചയാണ്.
കേരളം, മോഡി സർക്കാരിന്റെ നിരന്തരമായ അവഗണനയുടെയും രാഷ്ട്രീയ വൈരത്തിന്റെയും ഇരയാണ്. ഇത്തവണത്തെ കേന്ദ്രബജറ്റ് ആ അവഗണനയും രാഷ്ട്രീയ വൈരവും ഒരിക്കൽക്കൂടി ആവർത്തിച്ച് ഉറപ്പിച്ചു. ഒരു ലോക്‌സഭാ സീറ്റും മന്ത്രിപദവിയും ഉപയോഗിച്ച് വികസനത്തിന്റെയും നിക്ഷേപത്തിന്റെയും വളർച്ചയുടെയും ദിനങ്ങളെപ്പറ്റിയുള്ള വാഗ്ദാനവും പ്രതീക്ഷയും നൽകിയ ബിജെപി, കേരള ജനതയെ എങ്ങനെ കബളിപ്പിച്ചുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയായി ഈ ബജറ്റ്. കേരളത്തിന്റെ ഏറ്റവും ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ് വയനാട് ദുരന്തത്തിന്റെ ഇരകളോടുള്ള മനുഷ്യത്വഹീനമായ ക്രൂരത ബിജെപിരാഷ്ട്രീയത്തിന്റെ മുഖമുദ്രയാണെന്ന് തെളിയിച്ചിരിക്കുന്നു. മോഡി സർക്കാരിന്റെ ഇക്കൊല്ലത്തെ ബജറ്റും തങ്ങൾ കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും വരേണ്യരുടെയും താല്പര്യ സംരക്ഷകർ മാത്രമാണെന്നും അധികാരം നിലനിർത്താൻ ജനാധിപത്യം, ഫെഡറലിസം, സാമാന്യ നീതിബോധം തുടങ്ങി സാർവത്രിക രാഷ്ട്രീയമൂല്യങ്ങൾ അട്ടിമറിച്ച് ഏതറ്റംവരെയും പോകാൻ മടിക്കില്ലെന്നും പ്രഖ്യാപിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.