20 December 2025, Saturday

Related news

December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

സംസ്ഥാനത്ത് ഒരു സെൻട്രല്‍ ജയില്‍ കൂടി വരും

ആര്‍ സുമേഷ്
തിരുവനന്തപുരം
July 26, 2025 10:18 pm

കൊടുംകുറ്റവാളികളെ പാര്‍പ്പിക്കാൻ ഒരു സെൻട്രല്‍ ജയില്‍ കൂടി സ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ജയിലിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്തുാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ തിരുവനന്തപുരം (പൂജപ്പുര), തൃശൂര്‍ (വിയ്യൂര്‍), കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സെൻട്രല്‍ ജയിലുകളുള്ളത്. ഏറ്റവും ശക്തമായ സുരക്ഷയുള്ളത് വിയ്യൂരിലാണ്. ത്രിതല സുരക്ഷയാണ് ഇവിടെ. ഇതേമാതൃകയിലാവും പുതിയ ജയിലും നിര്‍മ്മിക്കുക. അതേസമയം, അതിസുരക്ഷാ സംവിധാനങ്ങളോടെയുള്ള അത്യാധുനിക ജയില്‍ നിര്‍മ്മിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ 50 മുതല്‍ 90 കോടി രൂപവരെ ചെലവാണ് കണക്കാക്കുന്നത്. 

സെൻട്രല്‍ ജയിലുകളിലടക്കം സംസ്ഥാനത്തെ 53 ജയിലുകളിലായി പതിനൊന്നായിരത്തോളം തടവുകാരുണ്ട്. ഇവരില്‍ 75% പേരും വിചാരണത്തടവുകാരാണ്. കേസുകള്‍ തീര്‍പ്പാകാനുള്ള കാലതാമസമാണ് തടവുകാരുടെ ബാഹുല്യത്തിനുള്ള പ്രധാന കാരണം. പല കേസുകളിലായി ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കാപ്പ ചുമത്തപ്പെടുന്ന ഗുണ്ടകൾ, മയക്കുമരുന്നുമായി പിടിയിലാവുന്നവർ, കള്ളക്കടത്തുകാർ എന്നിവരെ കരുതൽ തടങ്കലിലാക്കുന്നത് സെൻട്രൽ ജയിലിലാണ്. കാപ്പ ചുമത്തിയവരെ സ്വന്തം ജില്ലയില്‍ പാര്‍പ്പിക്കാതെ അന്യജില്ലകളിലാണ് പാർപ്പിക്കുന്നത്. തിരുവനന്തപുരത്തുള്ളവരെ തൃശൂരിലും അവിടെയുള്ളവരെ കണ്ണൂരിലും കണ്ണൂരുകാരെ തിരുവനന്തപുരത്തുമൊക്കെയാണ് പാര്‍പ്പിക്കുക. ജയിലുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.