18 December 2025, Thursday

Related news

November 16, 2025
November 6, 2025
November 3, 2025
October 31, 2025
October 10, 2025
October 10, 2025
October 9, 2025
July 14, 2025
April 27, 2025
April 26, 2025

ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം

നിഖില്‍ എസ് ബാലകൃഷ്ണന്‍ 
കൊച്ചി
March 8, 2025 8:30 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആശ്വാസ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആളും ആരവവും മാറി നിന്ന ഗ്യാലറികളെ സാക്ഷിയാക്കി കരുത്തരായ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് അവസാന ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. 52-ാം മിനിറ്റില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന് വിജയഗോള്‍ സമ്മാനിച്ചത്. 

അതേസമയം തോല്‍വി മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. സമനില മാത്രം നേടിയിരുന്നെങ്കില്‍ പോലും മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുമായിരുന്നു. ഇനി ബാംഗ്ലൂരിനെതിരെയുള്ള അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരുന്നെങ്കില്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകളുണ്ടാകുകയുള്ളു. ഇനി ഹൈദരാബാദ് എഫ്‌സിക്കെതിരെ അവരുടെ മൈതാനത്താണ് ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം. ആദ്യ മിനിറ്റില്‍ തന്നെ മുഹമ്മദ് ഐമാന് കിട്ടിയ മഞ്ഞ കാര്‍ഡോടെയാണ് കളി തുടങ്ങിയത്. ആദ്യ ആക്രമണം മുംബൈ സിറ്റി ക്യാപ്റ്റന്‍ ചാങ്‌തേ വകയായിരുന്നു. പന്തുമായി ബോക്‌സിന് വെളിയില്‍ നിന്ന് ചാങ്‌തേ തൊടുത്തുവിട്ട മിന്നല്‍ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി നോറ ഫെര്‍ണാണ്ടസിനെയും കീഴടക്കി മുന്നോട്ട് പറന്നെങ്കിലും ഗോള്‍ പോസ്റ്റ് രക്ഷകനായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ തേടി സുവര്‍ണാവസരം. വലതുപാര്‍ശ്വത്തില്‍ നിന്ന് കോറോ സിങ് നല്‍കിയ മികച്ച ക്രോസ് പക്ഷെ കാലില്‍ കൊള്ളിക്കാന്‍ ഇഷാന്‍ പണ്ഡിതയ്ക്ക് സാധിച്ചില്ല. ചെറിയ ഒരു സ്പര്‍ശം മാത്രം മതിയായിരുന്നു മുംബൈ വല കുലുക്കാന്‍. പിന്നാലെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് അവസരം തുറന്നു. ഐബാന്‍ ഡോഗ്ലിങ് മുംബൈ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് മിലോസ്ഡ്രിന്‍സിച്ചിന്റെ തല ലക്ഷ്യമാക്കി എത്തുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. എന്നാല്‍ മിലോസിന്റെ ഹെഡര്‍ ലക്ഷ്യംതെറ്റി മുംബൈ ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. 

വലിയ നീക്കങ്ങളൊന്നുമില്ലാതെ ആദ്യ പകുതി അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങളോടെയാണ് രണ്ടാം പകുതിയും ഉണര്‍ന്നത്. അവസാന ഹോം മത്സരത്തില്‍ ആരാധകര്‍ക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനുളള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങള്‍ നടത്തിയത്. 52-ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ വലംകാലന്‍ അടി മുംബൈ വലകുലുക്കി. കോറോ സിങ്ങിന്റെ ദേഹത്ത് തട്ടിയെത്തിയ പന്തുമായി മുംബൈ പോസ്റ്റിന് തൊട്ടടുത്ത് നിന്ന് ക്വാമി പെപ്ര തൊടുത്ത വലംകാലന്‍ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ മുത്തമിട്ടു. 

പ്ലേ ഓഫിലേക്ക് ഒരു സമനില മാത്രം മതിയെന്നിരിക്കെ ഒരു ഗോള്‍ വഴങ്ങിയത് മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ പകരക്കാരന്റെ റോളില്‍ നോവ സദോയിയെ ബ്ലാസ്റ്റേഴ്‌സ് മൈതാനത്ത് അവതരിപ്പിച്ചു. സമനിലനേടാനുള്ള ശ്രമങ്ങള്‍ പിന്നീട് മുംബൈ ഊര്‍ജിതമാക്കിയതോടെ മത്സരം ചൂടുപിടിച്ചു. ഒടുവില്‍ ലോങ് വിസില്‍ മുഴുങ്ങുമ്പോള്‍ സ്വന്തം മൈതാനത്ത് ആശ്വാസ ജയം തേടി ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.