26 December 2024, Thursday
KSFE Galaxy Chits Banner 2

ചൂടിന് പിന്നിൽ എതിർചുഴലി

Janayugom Webdesk
കോട്ടയം
April 19, 2023 5:21 pm

അസാധാരണമായ ചൂടു കൂടിയ കാലവസ്ഥയ്ക്കു പിന്നിൽ അന്തരീക്ഷത്തിൽ എതിർച്ചുഴലി (ആന്റി സൈക്ലോൺ) എന്നപേരിൽ അറിയപ്പെടുന്ന ഘടികാരദിശയിലുള്ള വായുചലനം. 2500 കിലോമീറ്റർ വിസ്തൃതിയിലാണ് ഇതിന്റെ ഇപ്പോഴത്തെ പ്രഭാവം. മധ്യഇന്ത്യയിലും കേരളത്തിലും ചൂടേറ്റുന്ന നിലയിലാണ് ഇപ്പോഴിതുള്ളത്.
സാധാരണ മഴയും ചുഴലിക്കാറ്റുമുണ്ടാകുമ്പോൾ ഘടികാരത്തിന്റെ എതിർദിശയിലാണ് വായു സഞ്ചരിക്കുന്നത്. ഇതുമൂലം തറനിരപ്പിലെ വായു മുകളിലേക്ക് ഉയരും. എന്നാൽ വായു ഉയരുന്നതിനു പകരം മർദത്തോടെ താഴേക്ക് ഇറങ്ങി വരുന്ന പ്രതിഭാസമാണ് എതിർച്ചുഴലി.
ഒരു പിരിയാണി സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു മുറുക്കുമ്പോൾ അത് ഘടികാര ദിശയിൽ കറങ്ങി താഴേക്കിറങ്ങുന്നതുപോലെ ഇതു വായുവിനെ താഴേക്കു വിടും. ഇതു മൂലം ആന്ധ്രയിൽ നിന്നും ഒഡീഷയിൽനിന്നുമുള്ള ചൂടുകാറ്റ് നേരെ കേരളത്തിനു മുകളിലേക്ക് എത്തി ഫാൻ പോലെ കറങ്ങി നിൽക്കുന്നു. കരയിലെ ചൂടുവായുവിനെയും ഇത് ഉയരാൻ അനുവദിക്കാതെ താഴേക്കു തന്നെ തള്ളി നിർത്തും. 

എതിർച്ചുഴലി കാരണം മേലേത്തട്ടിൽനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വായു വരുകയാണ് ചെയ്യുക. ഇത് ഭൂപ്രതലത്തിൽ മർദം കൂട്ടി സമ്മർദതാപനം ഉണ്ടാക്കുന്നു. ഒപ്പം താഴെയുള്ള ചൂടുവായു മേലേക്ക് ഉയർന്നുപോകാതെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഭൂപ്രതലത്തിൽ ചൂടിന്റെ ഇരട്ടി ആഘാതം ഉണ്ടാക്കും.
അറബിക്കടലിൽ താപനില ഉയരുന്നതാണ് മറ്റൊരു കാരണം. അറബിക്കടലിന്റെ ഉപരിതലതാപം ഏകദേശം 30–31 ഡിഗ്രി സെൽഷ്യസാണ്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി രാത്രികാല താപനില 27 ഡിഗ്രിയും. കടലും കരയും ഏതാണ്ട് ഒരുപോലെ ചുട്ടുപഴുത്ത സ്ഥിതി. ഇതുമൂലം കടലിൽനിന്നു കരയിലേക്കും തിരികെയുമുള്ള വായുസഞ്ചാരം സജീവമല്ല. പുലർച്ചെപോലും അത്യുഷ്ണം അനുഭവപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്. പലയിടത്തും 30 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വേനൽമഴ പലയിടത്തും ഇതേവരെ ലഭിക്കാത്തതാണ് ചൂട് കൂടാനുള്ള മൂന്നാമത്തെ കാരണം. 

കാറ്റിന്റെ നിലവിലുള്ള ദിശ മാറാതെ കേരളത്തിലെ അഗ്നിപരീക്ഷയ്ക്കു ശമനമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. തണുത്ത കാറ്റ് എത്തിയാൽ സ്ഥിതി അൽപമെങ്കിലും മെച്ചപ്പെടുമെങ്കിലും തൽക്കാലം സാധ്യതയില്ല. 20നു വേനൽ മഴ സജീവമാകുമെന്നാണ് നിഗമനം. 

Eng­lish Sum­ma­ry: A coun­ter­cur­rent behind the heat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.